| Sunday, 20th December 2020, 2:22 pm

ഇനി അടുത്ത തുഗ്ലക്കെങ്ങാനുമാണോ! ആയിരംകോടി മുടക്കി 'അടച്ചിടാന്‍' പുതിയ പാര്‍ലമെന്റ്, പതിനാലായിരംകോടി പദ്ധതിയില്‍ പ്രധാനമന്ത്രിക്ക് വസതിയും; മോദിക്ക് ഭൂഷന്റെ പരിഹാസം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം പണിയാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ വീണ്ടും വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.

ശീതകാല പാര്‍ലമെന്റ് സമ്മേളനം നടത്തില്ലെന്ന കേന്ദ്രത്തിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ്
പരിഹാസവുമായി ഭൂഷണ്‍ രംഗത്തെത്തിയിരിക്കുന്നത്.

സര്‍ക്കാര്‍ പാര്‍ലമെന്റ് അടച്ചുപൂട്ടുമ്പോള്‍, 1000 കോടിയിലധികം ചെലവില്‍ ഒരു പുതിയ പാര്‍ലമെന്റ് കെട്ടിടത്തിനും 14000 കോടിയിലധികം രൂപയുടെ സെന്‍ട്രല്‍ വിസ്റ്റ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രധാനമന്ത്രിയുടെ വസതിക്കും അടിത്തറയിടുന്നത് എന്തിനാണെന്ന് ഭൂഷണ്‍ ചോദിച്ചു. കേന്ദ്രത്തിന്റെ പുതിയ പരിഷ്‌കാരം തുഗ്ലക്കിന്റേതു പോലെയാണോ എന്നും പ്രശാന്ത് ഭൂഷണ്‍ പരിഹസിച്ചു.

കൊവിഡിനെ തുടര്‍ന്ന് രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് കോടിക്കണക്കിന് രൂപ ചെലവിട്ട് പുതിയ പാര്‍ലമെന്റ് മന്ദിരം പണിയുന്നതിനും പ്രധാനമന്ത്രിക്ക് വസതി പണിയുന്നതിനും എതിരെ സാമ്പത്തി വിദഗ്ധരടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നെങ്കിലും എതിര്‍പ്പുകളൊന്നും മുഖവിലയ്‌ക്കെടുക്കാതെ പരസ്ഥിതി മന്ത്രാലയത്തിന്റെ എക്‌സ്‌പേര്‍ട്ട് അപ്രൈസല്‍ കമ്മിറ്റി നര്‍മ്മാണത്തിന് അനുമതി നല്‍കി.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുകയവെയായിരുന്നു ഭൂമി പൂജ നടത്തി പുതിയ പാര്‍ലമെന്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടത്. 64,500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടം 971 കോടി രൂപ ചെലവിലാണ് നിര്‍മ്മിക്കുന്നത്.

അതേസമയം, പദ്ധതിയെ എതിര്‍ക്കുന്ന ഹരജികളില്‍ തീര്‍പ്പാക്കും വരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ശിലാസ്ഥാപനചടങ്ങിനും മറ്റ് ഔദ്യോഗിക ജോലികള്‍ക്കും തടസമില്ലെന്ന കോടതി വിധിയുടെ പഴുത് ഉപയോഗിച്ചാണ് നിലവില്‍ ഭൂമിപൂജ നടത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Prashant Bushan Calls Modi as Tughlaq

We use cookies to give you the best possible experience. Learn more