വിദ്വേഷം പരത്തുന്ന വാലാട്ടി പട്ടികളായ മാധ്യമങ്ങള്‍ കണക്കു പറയേണ്ട സമയമായി; ടൈംസ് നൗവിനെതിരെ പ്രശാന്ത് ഭൂഷണ്‍
national news
വിദ്വേഷം പരത്തുന്ന വാലാട്ടി പട്ടികളായ മാധ്യമങ്ങള്‍ കണക്കു പറയേണ്ട സമയമായി; ടൈംസ് നൗവിനെതിരെ പ്രശാന്ത് ഭൂഷണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th October 2020, 12:35 pm

ന്യൂദല്‍ഹി: ടൈംസ് നൗ ചാനലിനെതിരെയുള്ള ന്യൂസ് ബ്രോഡ്കാസ്റ്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയുടെ നടപടിയില്‍ പ്രതികരണവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.

വിദ്വേഷ പ്രസംഗം പരത്തുന്ന മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ചാനലിന്റെ ഒരു പരിപാടിക്കിടെ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സഞ്ജുക്ത ബസുവിനെ ‘ഹിന്ദു വിദ്വേഷി’ എന്ന വിളിച്ച സംഭവത്തിലാണ് ടൈംസ് നൗവിനെതിരെ എന്‍.ബി.എസ്.എയുടെ നടപടി. സഞ്ജുക്ത ബസുവിനോട് ചാനലിലൂടെ മാപ്പ് പറയണമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ടൈംസ് നൗവിനോട് പറഞ്ഞു.

ഇതിന് പിന്നാലെയാണ് പ്രശാന്ത് ഭൂഷന്റെ പ്രതികരണം.

നിരുത്തരവാദപരമായ വിദ്വേഷം പരത്തുന്ന വാലാട്ടി പട്ടികളായ ചാനലുകള്‍ അവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക് കണക്കു പറയേണ്ട സമയം എത്തി, ചാനലിനെതിരെ നിയമപരമായി പോരാടിയ സഞ്ജുക്ത ബസുവിനെ അഭിനന്ദിച്ചുകൊണ്ട് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

2018 ഏപ്രില്‍ മാസത്തില്‍ പ്രക്ഷേണം ചെയ്ത പരിപാടിയിലാണ് സഞ്ജുക്തയെ രാഹുല്‍ ഗാന്ധിയുടെ ട്രോള്‍ ആര്‍മിയെന്നും ഹിന്ദു വിദ്വേഷിയെന്നും ചാനല്‍ ആരോപിച്ചത്.

തന്റെ പേരും ഐഡന്റിറ്റിയും ടൈംസ് നൗ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വിവാദത്തിലേക്ക് വലിച്ചിഴച്ചതായി സഞ്ജുക്ത ബസു പറഞ്ഞിരുന്നു.

സംഭവത്തില്‍ പ്രതികരിക്കാന്‍ ചാനല്‍ തനിക്ക് അവസരം നല്‍കിയിട്ടില്ലെന്നും അവര്‍ പറഞ്ഞിരുന്നു.

ബസു എന്‍.ബി.എസ്.എയ്ക്ക് പരാതി നല്‍കി 19 മാസത്തിന് ശേഷമാണ് ചാനലിനോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഒക്ടോബര്‍ 27ന് ക്ഷമാപണം ചാനലില്‍ പ്രക്ഷേപണം ചെയ്യണമെന്നാണ് ടൈംസ് നൗവിനോട് എന്‍.ബി.എസ്.എ ആവശ്യപ്പെട്ടിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Prashant Bushan against Times Now On a ‘Hindu Hater’ call