ന്യൂദല്‍ഹി: ചെങ്കോട്ടയില്‍ സിഖ് മതപതാക ഉയര്‍ത്തിയതിന്റെ പേരില്‍ ആളുകളെ അറസ്റ്റ് ചെയ്യുന്ന പൊലീസ് എന്തുകൊണ്ടാണ് അതിന് നേതൃത്വം നല്‍കിയ നടന്‍ ദീപ് സിദ്ദുവിനെതിരെ നടപടിയൊന്നും എടുക്കാത്തതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.
പതാക ഉയര്‍ത്തിയ കാര്യം ദീപ് സിദ്ദുതന്നെ അഭിമാനത്തോടെ പറയുമ്പോള്‍ പതാക ഉയര്‍ത്തിയെന്ന് പറഞ്ഞ് ചെങ്കോട്ടയില്‍ അങ്ങിങ്ങായി കണ്ട ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് തനിക്ക് അറിയാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
” ഇന്നലെ ചെങ്കോട്ടയില്‍ സിഖ് മതപതാക ഉയര്‍ത്തിയ ജനക്കൂട്ടത്തെ നയിച്ച ദീപ് സിദ്ദു, അഭിമാനത്തോടെ അക്കാര്യം പ്രഖ്യാപിച്ചപ്പോഴും, വെറുതേ വിട്ടു. ചെങ്കോട്ടയില്‍ അങ്ങിങ്ങായി കണ്ട ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തൂ എന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്,” പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ റിപ്പബ്ലിക്ക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ ആക്രമണങ്ങളില്‍ ദല്‍ഹി പൊലീസ് 15 എഫ്.ഐ.ആര്‍ ആണ് ചുമത്തിയത്.
കര്‍ഷകരില്‍ ചിലര്‍ പൊലീസിന്റെ ബാരിക്കേഡുകള്‍ തകര്‍ത്തുവെന്നും രാജ്യതലസ്ഥാനത്തേക്ക് അനുമതിയില്ലാതെ പ്രവേശിച്ചുവെന്നും ആരോപിച്ചാണ് പൊലീസ് എഫ്.ഐ.ആര്‍ ചുമത്തിയത്. കര്‍ഷകര്‍ക്ക് റാലി നടത്താന്‍ പൊലീസ് അനുവദിച്ച പാത തെറ്റിച്ച് ഒരു വിഭാഗം കര്‍ഷകര്‍ പോയെന്നും അതുകൊണ്ടാണ് എ.എഫ്.ആര്‍ ചുമത്തിയതെന്നും ദല്‍ഹി പൊലീസ് പറയുന്നു.
റാലിക്കിടെ കര്‍ഷകരും പൊലീസും തമ്മില്‍ വലിയ സംഘര്‍ഷം ഉണ്ടായിരുന്നു. അതേസമയം, കര്‍ഷകരും പൊലീസും തമ്മില്‍ നടന്ന സംഘര്‍ഷത്തിനിടെ ഒരാള്‍ മരിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡ് സ്വദേശിയാണ് മരിച്ചത്. പൊലീസ് വെടിവെയ്പ്പിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് കര്‍ഷകര്‍ ആരോപിച്ചു. എന്നാല്‍ ട്രാക്ടര്‍ മറിഞ്ഞാണ് കര്‍ഷകന്‍ മരിച്ചത് എന്നാണ് പൊലീസ് വാദം.
അതേസമയം, ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയതിന് പിന്നില്‍ പഞ്ചാബി നടന്‍ ദീപ് സിദ്ദുവും കേന്ദ്രസര്‍ക്കാരുമാണെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞിരുന്നു. കര്‍ഷക സമരത്തെ അട്ടിമറിക്കാനും അപകീര്‍ത്തിപ്പെടുത്താനും വേണ്ടി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമായാണ് ദീപ് സിദ്ദു ചെങ്കോട്ടയിലേക്ക് ഒരു കൂട്ടം ആള്‍ക്കാരെ നയിച്ചതും പതാക ഉയര്‍ത്തിയതെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു.
ദീപ് സിദ്ദു കേന്ദ്രസര്‍ക്കാരിന്റെ ഏജന്റാണെന്നാണ് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ഗുര്‍നം സിംഗ് ചാരുണി പറഞ്ഞത്. കര്‍ഷക പ്രതിഷേധം മതപരമല്ലെന്നും തുടര്‍ന്നും അത് അങ്ങനെ തന്നെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദീപ് സിദ്ദുവിനെ വളരെയേറെ സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക