| Wednesday, 11th November 2020, 11:35 am

ബീഹാറില്‍ നല്‍കിയ വാഗ്ദാനത്തില്‍ കുഴങ്ങി മോദി, വിയര്‍ത്തുകുളിച്ച് നിതീഷും; പത്തൊമ്പത് ലക്ഷം തൊഴില്‍ എവിടെ നിന്നുകൊടുക്കും! കാര്‍ട്ടൂണ്‍ പങ്കുവെച്ച് പ്രശാന്ത് ഭൂഷണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ വിജയിച്ചതിന് പിന്നാലെ ജെ.ഡി.യു നേതാവ് നിതീഷ് കുമാറിനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍.

ഒരു ദേശീയ മാധ്യമത്തിലെ കാര്‍ട്ടൂണ്‍ പങ്കുവെച്ചുകൊണ്ടാണ് ഭൂഷന്റെ വിമര്‍ശനം. ഹീറോ ആണോ സീറോ ആണോ എന്ന ക്യാപ്ഷനോടെയാണ് കാര്‍ട്ടുണ്‍ പങ്കുവെച്ചത്.

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ പ്രധാനമായും ബി.ജെ.പി മുന്നോട്ടുവെച്ച 19 ലക്ഷം തൊഴില്‍ വാഗ്ദാനത്തെക്കുറിച്ചാണ് കാര്‍ട്ടുണ്‍.

ഇനി ഇപ്പോള്‍ 19 ലക്ഷം തൊഴില്‍ എവിടുന്ന് എടുത്തുകൊടുക്കുമെന്ന് ആലോചിച്ച് ആശങ്കപ്പെടുന്ന മോദിയും ഒന്ന് കുറച്ച് 189999 ആക്കിക്കൂടെ എന്ന് ചോദിക്കുന്ന നിതീഷ് കുമാറുമാണ് കാര്‍ട്ടൂണില്‍. വിയര്‍ത്ത് കുളിച്ച് നിതീഷ് മോദിയുടെ കാലിനടിയില്‍ നില്‍ക്കുന്നതായാണ് കാര്‍ട്ടൂണില്‍.മോദിയെ പൂര്‍ണമായും കാര്‍ട്ടൂണില്‍ കാണിക്കുന്നില്ല.

എന്‍.ഡി.എയില്‍ നിതീഷ് കുമാര്‍ പൂര്‍ണമായും തഴയപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബീഹാറിലെ വിജയത്തിന്റെ അവകാശി നരേന്ദ്രമോദിയാണെന്ന് വാദിച്ച് ബി.ജെ.പി ക്യാംപ് രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, ചൊവ്വാഴ്ച ബി.ജെ.പി നേതാക്കള്‍ നിതീഷിനെ സന്ദര്‍ശിച്ചിരുന്നു. എന്‍.ഡി.എയുടെ മുഖ്യമന്ത്രി നിതീഷ് ആകുമെന്ന് അറിയിച്ചിരുന്നു. ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് മോദി വിശകലനം നടത്തുകയും ബി.ജെ.പിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പരാമര്‍ശിക്കുകയും ചെയ്തിരുന്നെങ്കിലും നിതീഷ് കുമാറിനെക്കുറിച്ച് പരാമര്‍ശം നടത്തിയിരുന്നില്ല.

43 സീറ്റുകളില്‍ മാത്രമാണ് ജെ.ഡി.യു വിജയിച്ചിരിക്കുന്നത്. 74 സീറ്റുകളില്‍ ബി.ജെ.പി ആണ് വിജയിച്ചിരിക്കുന്നത്.
അതുകൊണ്ടുതന്നെ ബി.ജെ.പി നിതീഷിന് മുഖ്യമന്ത്രി സ്ഥാനം നല്‍കിയാലും ബി.ജെ.പിയില്‍ കടുത്ത സമ്മര്‍ദ്ദം അദ്ദേഹത്തിന് നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിലവില്‍ നിതീഷ് കുമാര്‍ ഒരുതരത്തിലുമുള്ള പ്രതികരണം നടത്തിയിട്ടില്ലെങ്കിലും മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന് തന്നെയാണ് വിലയിരുത്തലുകള്‍.

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്ക് കേവല ഭൂരിപക്ഷം ലഭിച്ചിരുന്നു. ഏറെ വൈകി വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എന്‍.ഡി.എ 125 സീറ്റിലാണ് വിജയിച്ചത്. 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

മഹാസഖ്യത്തിന് 110 സീറ്റാണ് ലഭിച്ചത്. എ.ഐ.എം.ഐ.എം 5 ഉം ബി.എസ്.പി ഒന്നും സീറ്റില്‍ വിജയിച്ചു.

മഹാസഖ്യത്തിലെ ആര്‍.ജെ.ഡിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 75 സീറ്റാണ് ആര്‍.ജെ.ഡിയ്ക്ക് ലഭിച്ചത്. 74 സീറ്റിലാണ് ബി.ജെ.പി ജയിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Prashant Bushan about Bihar election Result, and  NDA’s Victory

Latest Stories

We use cookies to give you the best possible experience. Learn more