ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി ദല്‍ഹിയില്‍ പരാജയപ്പെടുകയായിരുന്നു തന്റെ സഹപ്രവര്‍ത്തകനായ പ്രശാന്ത് ഭൂഷണ് വേണ്ടിയിരുന്നതെന്ന് എ.എ.പി നേതാവ് അഞ്ജലി ദമാനിയ. ശനിയാഴ്ചയാണ് അഞ്ജലി ഇക്കാര്യം പറഞ്ഞത്. ദല്‍ഹിയില്‍ പാര്‍ട്ടി തോല്‍ക്കണമെന്ന് പ്രശാന്ത് ഭൂഷണ്‍ തന്നോട് പറഞ്ഞതായും അഞ്ജലി വ്യക്തമാക്കി.
“എന്താണ് ഞാന്‍ കണ്ടതെന്നുവെച്ചാല്‍, പ്രശാന്ത് ഭൂഷണ്‍ ക്യാമ്പയിനിങിന് പങ്കെടുക്കുന്നില്ലെന്നറിഞ്ഞ് ഞാന്‍ അദ്ദേഹത്തെ കാണാന്‍ ചെന്നു. എല്ലാ പ്രശ്‌നങ്ങളും മാറ്റിവെയ്ക്കണമെന്നും ദല്‍ഹിയില്‍ വിജയിക്കേണ്ടത് പാര്‍ട്ടിക്ക് അത്യാവിശ്യമാണെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ദല്‍ഹിയില്‍ എ.എ.പി തോല്‍ക്കേണ്ടത് അത്യാവശ്യമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് എന്നില്‍ ഞെട്ടലാണ് ഉണ്ടാക്കിയത്.” അഞ്ജലി പറഞ്ഞു.
“ദക്ഷിണേന്ത്യയില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ക്ക് ക്യാമ്പയിനിങിന് വരാല്‍ താല്‍പര്യമുണ്ടെന്നറിയിച്ചതായി ഒരു വനിതാ പ്രവര്‍ത്തക പ്രശാന്ത് ഭൂഷണോട് പറഞ്ഞു. താന്‍ ക്യാമ്പയിനിങില്‍ പങ്കെടുക്കുന്നില്ലെന്നും അതുകൊണ്ട് തന്നെ ആരും വരേണ്ടതില്ലെന്നുമാണ് പ്രശാന്ത്ജി എല്ലാവരുടെയും മുന്നില്‍വെച്ച് പറഞ്ഞത്. ജൂനിയേര്‍സിന്റെയും മറ്റെല്ലാവരുടെയും മുന്നില്‍വെച്ച് അദ്ദേഹം എങ്ങനെയാണ് ഇത് പറഞ്ഞത്?” അവര്‍ കൂട്ടിച്ചേര്‍ത്തു.
യോഗേന്ദ്ര യാദവിനെ ദേശീയ കണ്‍വീനര്‍ ആക്കുക എന്നുള്ളതാണ് പ്രശാന്ത് ഭൂഷന്റെ ആവശ്യമെന്നും അവര്‍ പറഞ്ഞു. “ഞാന്‍ എന്താണ് കേട്ടതെന്ന് വെച്ചാല്‍, ദല്‍ഹിയില്‍ എ.എ.പിക്ക് 20 മുതല്‍ 22 വരെ സീറ്റ് സീറ്റ് ലഭിക്കുകയാണെങ്കില്‍ ദേശിയ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് അരവിന്ദ് കെജ്‌രിവാളിനെ മാറ്റുകയും പകരം യോഗേന്ദ്ര യാദവിനെ ആ സ്ഥാനത്ത് നിയമിക്കുകയും ചെയ്യും. ഇതാണ് ഞാന്‍ കേട്ടത്.” അവര്‍ വ്യക്തമാക്കി.