ന്യൂദല്‍ഹി: ‘മോദിയെക്കൊണ്ട് എല്ലാം സാധ്യമാണെ’ന്ന് ട്വീറ്റ് ചെയ്ത് മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. കര്‍ഷക വിരുദ്ധ നിയമത്തിനെതിരെ ദിവസങ്ങളായി തെരുവില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ ഇന്ത്യയിലെ അവസ്ഥ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്.
കൃഷിയുള്‍പ്പെടെ ഇന്ത്യയിലെ എല്ലാ സുപ്രധാന മേഖലകളും അംബാനിക്കും അദാനിക്കും വിറ്റിട്ടും കര്‍ഷകര്‍ക്ക് ലഭിക്കുന്നത് ലാത്തിയും ജയിലുമാണെന്ന് കാണിക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്.
‘മോദിയെക്കൊണ്ട് പറ്റും!’
‘ടെലികോമും, ചെറുകിട വ്യാപാരവും, പ്രതിരോധവും കൃഷിയും മോദി അംബാനിക്ക് നല്‍കി. എയര്‍പോര്‍ട്ടും റെയില്‍വേയും സോളാറും കൃഷിയും അദാനിക്കും നല്‍കി.
കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ജലപീരങ്കിയും കണ്ണീര്‍വാതകവും ലാത്തിചാര്‍ജും ജയിലും,’ അദ്ദേഹം പങ്കുവെച്ച ചിത്രത്തില്‍ വിശദീകരിക്കുന്നു.
കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയതിലൂടെ കൃഷിയും പൂര്‍ണമായും കോര്‍പറേറ്റുകള്‍ക്ക് നല്‍കുകയാണെന്ന വിമര്‍ശനങ്ങള്‍ നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.
കര്‍ഷകര്‍ ഏഴു ദിവസത്തോളമായി പ്രതിഷേധത്തിലാണ്. ചൊവ്വാഴ്ച കേന്ദ്രം കര്‍ഷക പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഡിസംബര്‍ മൂന്നിന് വീണ്ടും ചര്‍ച്ച നടത്തും.
വിഗ്യാന്‍ ഭവനില്‍ നടന്ന ചര്‍ച്ചയില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി കര്‍ഷക സംഘടനകളിലെ വിദഗ്ധരും സര്‍ക്കാര്‍ പ്രതിനിധികളും ചേര്‍ന്ന് പാനല്‍ രൂപീകരിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശവും കര്‍ഷകര്‍ തള്ളി.
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമം തങ്ങളുടെ കൃഷിനിലത്തെ കോര്‍പറേറ്റുകള്‍ ഏറ്റെടുക്കുന്നത് സുഗമമാക്കുന്നതാണെന്ന് കര്‍ഷകര്‍ പറഞ്ഞു. പാനല്‍ രൂപീകരിക്കാനുളള അനുയോജ്യമായ സമയം ഇതല്ലെന്നും അവര്‍ വ്യക്തമാക്കി.
പൊലീസിനെ ഉപയോഗിച്ച് കര്‍ഷക പ്രതിഷേധം തടയാന്‍ കേന്ദ്രം ശ്രമം നടത്തുന്നുണ്ടെങ്കിലും കര്‍ഷക സമരങ്ങളെ പിന്തുണച്ച് ദല്‍ഹിയിലേക്ക് നിരവധിപേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. ബിജെപിയുടെ സഖ്യകക്ഷിയായ ജെ.ജെ.പിയും കര്‍ഷകര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
ഗുരുനാനാക് ജയന്തിക്ക് പിന്നാലെ കൂടുതല്‍ കര്‍ഷകര്‍ ദല്‍ഹി അതിര്‍ത്തിയിലേക്ക് എത്തുമെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചിരുന്നു. ജയ്പൂര്‍, റോത്തക്ക്, സോനിപത്, ഗാസിയാബാദ് എന്നിവിടങ്ങളില്‍ നിന്നും ദല്‍ഹിയിലേക്കുള്ള പാതകള്‍ ഉപരോധിക്കാനും തീരുമാനിച്ചിരുന്നു. കര്‍ഷക പ്രതിഷേധത്തിന് ഹരിയാനയിലെ ഖാപ് പഞ്ചായത്ത് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ആഭ്യന്തരമന്ത്രി അമിത് ഷായും കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമറും 24 മണിക്കൂറിനുള്ളില്‍ രണ്ടുതവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പെട്ടെന്ന് തന്നെ ചര്‍ച്ച നടത്താന്‍ തീരുമാനമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച രാത്രിയോടെയാണ് തീരുമാനമായത്.
ഡിസംബര്‍ മൂന്നിന് ചര്‍ച്ച നടത്താമെന്ന് അമിത് ഷാ നേരത്തെ അറിയിച്ചിരുന്നെങ്കിലും ഉപാധിവെച്ചുള്ള ചര്‍ച്ചയ്ക്ക് തങ്ങള്‍ തയ്യാറല്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയിരുന്നു.
പ്രതിഷേധം നിര്‍ത്തിവെക്കാന്‍ പലശ്രമങ്ങള്‍ നടത്തിയെങ്കിലും കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന തീരുമാനത്തില്‍ കര്‍ഷകര്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. പ്രതിഷേധത്തിനിടെ പൊലീസ് നടത്തിയ ജലപീരങ്കി, കണ്ണീര്‍ വാതക പ്രയോഗത്തില്‍ നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റിരുന്നു.
അതേസമയം, കാര്‍ഷിക നിയമത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച രംഗത്തെത്തിയിരുന്നു.
പുതിയ നിയമം കര്‍ഷകര്‍ക്ക് നിയമ പരിരക്ഷ നല്‍കിയെന്നും കര്‍ഷകര്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കിയെന്നുമാണ് മോദിയുടെ അവകാശവാദം. ഒരു ലക്ഷം കോടി രൂപ കര്‍ഷകര്‍ക്ക് അനുവദിച്ചെന്നും മോദി അവകാശപ്പെട്ടിരുന്നു.
കര്‍ഷകരെ വഴിതെറ്റിക്കാന്‍ ചിലര്‍ ശ്രമിക്കുന്നെന്നും കര്‍ഷകരില്‍ ഭീതി നിറയ്ക്കുന്നത് രാഷ്ട്രീയം കളിക്കുന്നവരാണെന്നുമാണ് മോദിയുടെ വാദം. കര്‍ഷക നിയമം ഭേദഗതി ചെയ്തത് കര്‍ഷകരെ ശാക്തീകരിക്കാനാണെന്നും മോദി അവകാശപ്പെട്ടിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Prashant Bhushan tweets that everything is possible for Modi while selling everything to Ambani and Adani