| Monday, 31st August 2020, 12:08 pm

ഒരിക്കലും മുഖാമുഖം വരാത്ത ഭരണകൂടം മുഖംമൂടിക്ക് പിന്നിലിരുന്ന് ചെയ്യാന്‍ പാടില്ലാത്തതെല്ലാം ചെയ്യുകയാണ്: ദേവനൂര്‍ മഹാദേവ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്ഷ്യം ചുമത്തിയ സുപ്രീംകോടതി വിധിക്കെതിരെ പ്രശസ്ത കന്നട എഴുത്തുകാരന്‍ ദേവനൂര്‍ മഹാദേവ.

തന്റെ നിയമ ജീവതം മുഴുവനായും പൊതു താല്പര്യത്തിനായി സമര്‍പ്പിച്ച വ്യക്തിയാണ് പ്രശാന്ത് ഭൂഷണ്‍ എന്ന് മഹാദേവ പറഞ്ഞു.

പൊതുതാല്‍പ്പര്യം മാലിന്യ കൂമ്പാരത്തിന് സമര്‍പ്പിച്ച ശേഷം, അതിന്റെ ശബ്ദത്തെ അടിച്ചമര്‍ത്തുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പൊതുജന താല്പര്യത്തിനുവേണ്ടി ഉയര്‍ന്നുവരുന്ന ശബ്ദം കേന്ദ്രം നീതി പീഠത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണെന്നും പ്രശാന്ത് ഭൂഷന്റെ ട്വീറ്റുകളുടെ പേരില്‍ അദ്ദേഹത്തിനെതിരെ സ്വീകരിച്ചിരിക്കുന്ന നടപടി അത്തരത്തിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു.
ദ വയറില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഗാന്ധിയേയും അംബേദ്ക്കറേയും പോലെ കഴിവുള്ള നേതൃത്വത്തിന്റെ ജനനത്തിനായി ഭാരതം കാത്തിരിക്കുകയായിരുക്കുമെന്ന് വെറുതേ ചിന്തിച്ചുപോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യക്ക് ഇത്തരമൊരു ദുരവസ്ഥ സഹിക്കേണ്ടി വന്നിട്ടില്ല. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥക്കാലത്ത് പോലും, ജുഡീഷ്യറി, തെരഞ്ഞെടുപ്പ് കമ്മീഷന്‍, രാജ്യത്തെ ഫെഡറല്‍ സംവിധാനം, റിസര്‍വ് ബാങ്ക്, സി.ബി.ഐ, മാധ്യമങ്ങള്‍ മുതലായവയ്ക്കുള്ളില്‍ ചെറുത്തുനില്‍പ്പ് കണ്ടെത്താന്‍ കഴിഞ്ഞിരുന്നു. ആ സമയത്തെ അടിയന്തരാവസ്ഥ കടുവയെപ്പോലെയായിരുന്നെന്നും ഇന്ദിരി ഗാന്ധി ആക്രമണാത്മക സ്വേച്ഛാധിപതിയായിരുന്നെന്നും എല്ലാം മുഖാമുഖമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

അക്കാലത്ത് അടിച്ചമര്‍ത്തപ്പെട്ടിരുന്നെങ്കിലും പ്രതിഷേധം നിറഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ മുഖംമൂടിയണിഞ്ഞ ഭരണകൂടമാണ് ഉള്ളതെന്നും മുഖംമൂടിക്ക് പിന്നില്‍ നിന്ന് ഭരണകൂടം ചെയ്യാന്‍ പാടില്ലാത്തതെല്ലാം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ ഭരണകൂടം ഒരിക്കലും മുഖാമുഖം വരുന്നില്ല. പകരം, ഭരണഘടനയുടെ നാല് തൂണുകള്‍ എന്ന് നമ്മള്‍ വിളിക്കുന്ന എല്ലാ സ്വയംഭരണ സ്ഥാപനങ്ങളേയും രാജ്യത്തിന്റെ ഫെഡറല്‍ ഘടനയേയും ഉള്‍പ്പെടെ ചേര്‍ത്ത് കഴുത്ത് ഞെരിക്കുകയും നട്ടെല്ല് തകര്‍ക്കുകയുമാണെന്നും പറഞ്ഞു.

ഈ സ്ഥാപനങ്ങള്‍ക്ക് ഇപ്പോഴും അവയുടെ രൂപമുണ്ടെന്നത് സത്യമാണെന്നും എന്നാല്‍ പാതിജീവന്‍ മാത്രമാണ് ശേഷിക്കുന്നതെന്നും പറഞ്ഞ മഹാദേവ സ്വേച്ഛാധിപതിയായ പശു മുഖമുള്ള കടുവയുടെ ആംഗ്യങ്ങളും ആഗ്രഹങ്ങളും മനസ്സിലാക്കിയതിനുശേഷം മാത്രമേ അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും വിമര്‍ശിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more