ന്യൂദല്‍ഹി: ഇന്ത്യയുടെ ഭാവി പ്രതിസന്ധിയിലാക്കുന്ന സ്ഥിതിയിലേക്കാണ് കൊവിഡ് വ്യാപനം കടന്നുപോകുന്നതെന്ന് സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍.
ഇന്ത്യയുടെ സ്വപ്‌നങ്ങളുടെ മുഖത്തേറ്റ അടിയാണിതെന്നും പ്രതീക്ഷകള്‍ ഇല്ലാതാകുകയാണെന്നും ഭൂഷണ്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘പ്രത്യാശയുടെ ഒറ്റുകൊടുക്കലും ഇന്ത്യയുടെ സ്വപ്‌നങ്ങളുടെ മുഖത്തേറ്റ കനത്ത പ്രഹരവുമാണ് നിലവിലത്തെ സാഹചര്യമെന്ന് പറയേണ്ടിവരികയാണ്. ഒരുദിവസം നമ്മള്‍ കൊവിഡിനെ തോല്‍പ്പിക്കും. എന്നാല്‍ അന്ന് ആയിരക്കണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമാകും. ഇന്ത്യയുടെ ദി ബെസ്റ്റ് എന്ന് പറയാവുന്ന ആയിരക്കണക്കിന് പേര്‍ രാജ്യം വിട്ട് പോകുകയും ചെയ്യും’, പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററിലെഴുതി.
“What is happening today is a betrayal of hope&a slap in the face of the dream that was a modern progressive India.
We will beat Covid eventually. But by then 1000s more will lose their lives. 1000s of others,our best&brightest, will have left the country” https://t.co/236IqVjXfy
രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം നാലു ലക്ഷം കവിഞ്ഞ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. നിലവില്‍ പശ്ചിമബംഗാളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ നടന്നത്. 117 പേരാണ് പശ്ചിമബംഗാളില്‍ മാത്രം മരിച്ചത്.
3915 പേരാണ് രാജ്യത്താകെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരണപ്പെട്ടിട്ടുള്ളത്. പ്രതിദിന കണക്കുകളില്‍ ഏറ്റവും കൂടിയ നിരക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 2,30,168ലേക്കെത്തി.
അതേസമയം കൊവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാന്‍ സജ്ജമായിരിക്കാന്‍ സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. മൂന്നാം തരംഗം കൂടുതല്‍ രൂക്ഷമായിരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
രാജ്യത്ത് പിടിമുറുക്കിയിരിക്കുന്ന കൊവിഡ് രണ്ടാംതരംഗം വരുന്ന ആഴ്ചകളില്‍ കൂടുതല്‍ ഗുരുതരമാകുമെന്ന പഠന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. നിലവിലത്തേതിനെക്കാള്‍ മരണനിരക്ക് ഉയരുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
ബെംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് നടത്തിയ പഠനത്തിലാണ് കൊവിഡ് മരണനിരക്ക് ഇനിയും ഉയരുമെന്ന കണ്ടെത്തല്‍. നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ ജൂണ്‍ 11 ഓടെ 404000 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുമെന്നാണ് ഈ പഠനത്തില്‍ പറയുന്നത്.
രാജ്യത്തെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ പാലിക്കേണ്ട സാഹചര്യമാണിതെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക