| Monday, 14th June 2021, 10:45 am

രാമനോടുള്ള ഭക്തി മൂത്ത് ഉണ്ടായതല്ല ബി.ജെ.പിയുടെ അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം; അയോധ്യ ക്ഷേത്ര നിര്‍മ്മാണ തട്ടിപ്പില്‍ പ്രശാന്ത് ഭൂഷണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അയോധ്യയിലെ രാമക്ഷേത്രം പണിയുന്നതുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ക്രമക്കേടുകളില്‍ പ്രതികരിച്ച് മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍.

രാമനോടുള്ള ഭക്തിയല്ല അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ബി.ജെ.പിക്കാരെ പ്രേരിപ്പിച്ചതെന്ന് ഇപ്പോള്‍ വ്യക്തമല്ലേ എന്നാണ് ഭൂഷണ്‍ ചോദിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘രാമനോടുള്ള ഭക്തിയല്ല ബി.ജെ.പിയുടെ അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിന് പിന്നില്‍. രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ഒരു മാര്‍ഗ്ഗം. അതിലൂടെ അധികാരം നേടുകയായിരുന്നു ലക്ഷ്യം. ഇപ്പോള്‍ കുറച്ചുകൂടി വ്യക്തമായി. പണം തട്ടാനുള്ള ഒരു പ്രോജക്ടിന്റെ പേരായിരുന്നു അയോധ്യ രാമക്ഷേത്ര നിര്‍മ്മാണം എന്നത്,’ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ ഭൂമി തട്ടിപ്പ് നടന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം രൂപീകരിച്ച രാമക്ഷേത്ര ട്രസ്റ്റ് ക്ഷേത്രത്തിനായി ഭൂമി വാങ്ങിയതില്‍ വന്‍ തട്ടിപ്പ് നടത്തിയെന്നാണ് എസ്.പിയും എ.എ.പിയും ആരോപിക്കുന്നത്.

മാര്‍ച്ച് 18ന് ഒരു വ്യക്തിയില്‍ നിന്ന് രണ്ട് കോടി രൂപയ്ക്ക് വാങ്ങിയ 1.208 ഹെക്ടര്‍ ഭൂമി റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍ രാമജന്മഭൂമി ട്രസ്റ്റിന് 18.5 കോടിക്ക് മറിച്ചുവിറ്റെന്നാണ് ആരോപണം.

രണ്ട് ഇടപാടുകള്‍ക്കിടയിലെ സമയം 10 മിനിറ്റില്‍ താഴെയാണ്. ഈ കുറഞ്ഞ സമയത്തിനിടെ ഭൂമിയുടെ വില എങ്ങനെയാണ് അനേകം ഇരട്ടിയായി വര്‍ധിച്ചതെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വിശദീകരിക്കണമെന്ന് മുന്‍ മന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ പവന്‍ പാണ്ഡെ ആവശ്യപ്പെട്ടു.

ബാബാ ഹരിദാസ് എന്നയാളുടെ ഭൂമിയാണ് രവി മോഹന്‍ തിവാരി, സുല്‍ത്താന്‍ അന്‍സാരി എന്നിവര്‍ക്ക് വില്‍പന നടത്തിയത്. ഇവരില്‍ നിന്നാണ് ട്രസ്റ്റ് ഭൂമി ഏറ്റെടുത്തത്.

ക്ഷേത്ര നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നത് ഈ ട്രസ്റ്റാണ്. 70 ഏക്കര്‍ ഭൂമിയാണ് ക്ഷേത്രത്തിനായി അനുവദിച്ചിട്ടുള്ളത്. 15 അംഗ സമിതിയില്‍ 12 പേരും കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തവരാണ്.

ആം ആദ്മി പാര്‍ട്ടി എം.പി സഞ്ജയ് സിങ്ങും ട്രസ്റ്റിനെതിരെ അഴിമാതിയാരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാട് ഉള്‍പ്പെടെ സംശയിക്കണമെന്നും സംഭവം സി.ബി.ഐയും ഇ.ഡിയും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Prashant Bhushan Tweet About Ram Temple Scam

We use cookies to give you the best possible experience. Learn more