|

കാസര്‍കോട് മോക് പോളില്‍ ബി.ജെ.പിക്ക് അധികവോട്ട് ലഭിച്ചെന്ന് സുപ്രീം കോടതിയില്‍ പ്രശാന്ത് ഭൂഷണ്‍; നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കാസര്‍കോട്ട് മോക് പോളിനിടെ ബി.ജെ.പിക്ക് അധിക വോട്ട് ലഭിച്ചെന്ന് പ്രശാന്ത് ഭൂഷൺ സുപ്രീം കോടതിയില്‍. എല്ലാ വിവി പാറ്റുകളും എണ്ണണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് പ്രശാന്ത് ഭൂഷണ്‍ വിഷയം ഉന്നയിച്ചത്.

വിവി പാറ്റുകളുടെ കാര്യത്തില്‍ എന്തെങ്കിലും പൊരുത്തക്കേട് കണ്ടെത്തിയോ എന്ന് വാദം കേള്‍ക്കുന്നതിനിടെ സുപ്രീം കോടതി ചോദിച്ചു. ഇതിന് മറുപടിയായാണ് കാസര്‍കോട് നടന്ന മോക് പോളില്‍ പൊരുത്തക്കേട് ഉണ്ടായെന്ന് പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയെ അറിയിച്ചത്.

മൂന്ന് മെഷീനുകളില്‍ നിന്ന് വന്ന വിവി പാറ്റുകളില്‍ താമര ചിഹ്നമാണ് രേഖപ്പെടുത്തിയത് എന്നും ഇത് തെറ്റായാണ് രേഖപ്പെടുത്തിയതെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകള്‍ ഉദ്ധരിച്ചാണ് പ്രശാന്ത് ഭൂഷണ്‍ വിഷയം ചൂണ്ടിക്കാട്ടിയത്.

ആരോപണം ശരിയാണോ എന്ന് പരിശോധിക്കണമെന്ന് സുപ്രീം കോടതിയുടെ രണ്ടം​ഗ ബെഞ്ച് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രശാന്ത് ഭൂഷന്റെ ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞു.

ഇന്ത്യയിലാകെ നാല് കോടിയിലധികം വിവി പാറ്റുകള്‍ ഇതിനോടകം എണ്ണി കഴിഞ്ഞെന്നും അതില്‍ ഒരു സ്ഥലത്തും പൊരുത്തക്കേടുകള്‍ കണ്ടെത്താന്‍ സാധിച്ചില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. മോക് പോളില്‍ കണ്ടെത്തിയ സാങ്കേതിക തകരാറുകള്‍ അപ്പോള്‍ തന്നെ പരിഹരിച്ചിരുന്നെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവകാശപ്പെട്ടു.

എന്നാല്‍ ബി.ജെ.പിക്ക് അധിക വോട്ട് ലഭിച്ചെന്ന വാര്‍ത്ത തെറ്റാണെന്നും കമ്മീഷന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ റിട്ടേണിങ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയതായും വിശദമായ റിപ്പോര്‍ട്ട് നല്‍കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചു.

Content Highlight: Prashant Bhushan told Supreme Court that BJP got more votes in Kasaragod Mock Poll