| Monday, 29th July 2019, 12:23 pm

മമതയുടെ പത്രസമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ പങ്കെടുത്തേക്കില്ല 

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി തിങ്കളാഴ്ച്ച നടത്തുന്ന പത്രസമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ പങ്കെടുത്തേക്കില്ല. മമതാ ബാനര്‍ജി ഇന്ന് ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് മാധ്യമ ശ്രദ്ധതിരിക്കാന്‍ പ്രശാന്തിന്റെ സാനിധ്യം കാരണമായേക്കാം എന്നതിനാല്‍ പത്രസമ്മേളനത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

2014 ല്‍ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി പദത്തിലെത്തിച്ച പ്രചാരണ തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച പ്രശാന്ത് കിഷോര്‍ മമതാ ബാനര്‍ജിയുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കിഷോറിന്റെ ബന്ധുവും പാര്‍ട്ടി എം.എല്‍.എയുമായ അഭിഷേക് ബാനര്‍ജി അദ്ദേഹത്തെ തൃണമൂല്‍ ഓഫീസിലേക്ക് എത്തിച്ചത് മുതല്‍ കിഷോറിന്റെ കമ്പനിയായ ഐ.പി.എ.ക്യുവും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള ഇടപാടിനെക്കുറിച്ച് വളരെയധികം ജിജ്ഞാസ നിലനിന്നിരുന്നു.

ആന്ധ്രപ്രദേശില്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശേഷമാണ് പ്രശാന്ത് കിഷോര്‍ മമതയ്‌ക്കൊപ്പം എത്തുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 12 സീറ്റ നഷ്ടപ്പെട്ട തൃണണൂല്‍ കോണ്‍ഗ്രസ് സഹായത്തിനായി പ്രശാന്ത് കിഷോറിനെ നിയമിച്ചതില്‍ അത്ഭുതമൊന്നുമില്ല. എന്നാല്‍ ഇവര്‍ തമ്മിലുള്ള ചര്‍ച്ചകള്‍ സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെയും പുറത്തുവിട്ടില്ല. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏറ്റവും ശക്തമായ എതിരാളിയായ ബി.ജെ.പിയുടെ സഖ്യകക്ഷിയായ ജനതാദള്‍ യുണൈറ്റഡിന്റെ ഉപാധ്യക്ഷനാണ് കിഷോര്‍ .

കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ 42 സീറ്റുകളും തൂത്തുവാരുമെന്ന് മമത വെല്ലുവിളിച്ചിരുന്നു. എന്നാല്‍ തൃണമൂലിന് 12 സീറ്റ് നഷ്ടപ്പെടുകയാണ് ഉണ്ടായത്.

We use cookies to give you the best possible experience. Learn more