ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ബി.ജെ.പി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. ബ്രിട്ടീഷിനൊപ്പം നിന്നവരുടെ പിന്മുറക്കാര്‍ സ്വാതന്ത്ര്യസമരത്തിന്റെയും ഭരണഘടനയുടെയുമെല്ലാം മൂല്യങ്ങള്‍ക്ക് ഭീഷണിയായി തീര്‍ന്നിരിക്കുകയാണെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിക്ക് പിന്തുണ നല്‍കി കൊണ്ടുള്ള ട്വീറ്റിലാണ് ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചിരിക്കുന്നത്.
ചരിത്രപരമായ ദല്‍ഹിയിലെ കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ച് സര്‍ക്കാരിന്റെ റിപ്പബ്ലിക് ദിനാഘോഷങ്ങളേക്കാള്‍ മുന്നിട്ടുനില്‍ക്കുമെന്ന് നിസ്സംശയം പറയാം. നമ്മുടെ കര്‍ഷകര്‍ നമ്മുടെ റിപ്പബ്ലിക് തിരിച്ചുപ്പിടിക്കുന്നതിനുള്ള പ്രക്രിയക്ക് തുടക്കം കുറിച്ചിരിക്കുകയാണെന്നും പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.
ധീരരായ എത്രയോ പേര്‍ പങ്കെടുത്ത നമ്മുടെ മഹത്തായ സ്വാതന്ത്ര്യസമരത്തെയും അങ്ങനെ അവര്‍ മഹത്തായ ഭരണഘടനയോടു കൂടെ അവര്‍ രൂപം കൊടുത്ത റിപ്പബ്ലികിനെയും ഈ റിപ്പബ്ലിക് ദിനത്തില്‍ ഓര്‍ക്കുകയാണ്. അന്ന് ബ്രിട്ടീഷിനൊപ്പം നിന്നവരുടെ പിന്മുറക്കാര്‍ ഇന്ന് ഈ മൂല്യങ്ങള്‍ക്കെല്ലാം ഭീഷണിയായി തീര്‍ന്നിരിക്കുകയാണെന്നും പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.
അതേസമയം കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം ശക്തമാക്കി റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിക്കായി ദല്‍ഹി അതിര്‍ത്തിയിലേക്ക് ആയിര കണക്കിന് ട്രാക്ടറുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. രാജ്പഥില്‍ റിപ്പബ്ലിക് ദിന പരേഡ് അവസാനിക്കുന്നതോടെയാണ് ട്രാക്ടര്‍ റാലി അതിര്‍ത്തികളില്‍ ആരംഭിക്കുക.
100 കിലോമീറ്റര്‍ ദൂരത്തില്‍ ദല്‍ഹി ഔട്ടര്‍ റിംഗ് റോഡില്‍ റാലി സംഘടിപ്പിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് റാലി തുടങ്ങുക. റാലിക്കായി തിങ്കളാഴ്ച രാത്രിമുതല്‍ തന്നെ അതിര്‍ത്തിയിലേക്ക് ട്രാക്ടറുകള്‍ വന്നുകൊണ്ടിരിക്കുകയാണ്.
On this Republic day the historic #TractorMarchDelhi will doutless overshadow the Govt’s R-day function. Our farmers have begun the process of Reclaiming our Republic https://t.co/6IDAm2U61g
ട്രാക്ടറുകളില്‍ ദേശീയ പതാകയും കര്‍ഷക സംഘടനകളുടെ കൊടികളും മാത്രമായിരിക്കും ഉപയോഗിക്കുക. ദല്‍ഹിക്ക് അകത്ത് പ്രവേശിച്ച് തിരികെ സമരഭൂമിയിലെത്തുന്ന തരത്തിലാണ് ക്രമീകരണം. കര്‍ഷകര്‍ക്ക് ദല്‍ഹിയില്‍ ട്രാക്ടര്‍ റാലി നടത്താന്‍ പൊലീസ് അനുമതി നല്‍കിയിട്ടുണ്ട്. നഗരത്തില്‍ ഏതാനും കിലോമീറ്ററുകള്‍ മാത്രം പ്രവേശിക്കാനാണ് അനുമതി. റിപ്പബ്ലിക് ദിന പരേഡിന് തടസമുണ്ടാക്കരുത് എന്ന കര്‍ശന നിര്‍ദേശവുമുണ്ട് കര്‍ഷകര്‍ക്ക്.
രാജ്പഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ചതിനു ശേഷം മാത്രമേ ട്രാക്ടര്‍ റാലി നടത്താന്‍ പാടുള്ളൂ തുടങ്ങിയ നിബന്ധനകളടങ്ങിയ നിര്‍ദേശങ്ങള്‍ ദല്‍ഹി പൊലീസ് കര്‍ഷക സംഘടന പ്രതിനിധികള്‍ക്ക് കൈമാറിയിരുന്നു.
അയ്യായിരം ട്രാക്ടറുകള്‍ക്കാണ് റാലിയില്‍ പൊലീസ് അനുമതി എന്നാല്‍ ഒരു ലക്ഷം ട്രാക്ടറുകള്‍ പങ്കെടുക്കുമെന്നാണ് കര്‍ഷകസംഘടനകളുടെ പ്രഖ്യാപനം.
ട്രാക്ടര്‍ റാലിക്ക് പിന്നാലെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ബജറ്റ് ദിനമായ ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റിലേക്ക് കാല്‍നട മാര്‍ച്ച് കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സമരഭൂമിയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനം.
കര്‍ഷകരുമായി കേന്ദ്രം നടത്തിയ പതിനൊന്നാം വട്ട ചര്‍ച്ചയും പരാജയമായിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിക്കണമെന്ന കര്‍ഷക നേതാക്കളുടെ ആവശ്യം പൂര്‍ണ്ണമായി അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നാണ് കേന്ദ്രം പറഞ്ഞത്.
ഏറ്റവും കുറഞ്ഞത് ഒരു പതിനെട്ട് മാസത്തേക്ക് നിയമം നടപ്പാക്കാതിരിക്കാന്‍ ഉത്തരവിടാമെന്നും നിയമം പൂര്‍ണ്ണമായി പിന്‍വലിക്കാന്‍ കഴിയില്ലെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്.
എന്നാല്‍ ഇത് അംഗീകരിക്കാന്‍ കര്‍ഷക സംഘടന നേതാക്കള്‍ തയ്യാറായില്ല. അതോടെ പതിനൊന്നാം ഘട്ട ചര്‍ച്ചയും തീരുമാനമാകാതെ അവസാനിപ്പിക്കുകയായിരുന്നു. അടുത്ത ഘട്ട ചര്‍ച്ചകളുടെ തീയതി നിശ്ചയിക്കാതെയാണ് കൂടിക്കാഴ്ച അവസാനിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക