ന്യൂദല്‍ഹി: കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ പ്രതികരിച്ച് മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. രണ്ട് പേര്‍ മാത്രം ഭരണയന്ത്രം തിരിക്കുന്ന സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാമെന്നും പിന്നെന്തിനാണ് ഈ പുനസംഘടനയെന്നും ഭൂഷണ്‍ ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രണ്ട് പേര്‍ മാത്രം ഭരിക്കുന്ന സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് ഇവിടെ എല്ലാവര്‍ക്കും അറിയാം. മന്ത്രിസഭയിലെ എല്ലാ പ്രധാനപ്പെട്ട തീരുമാനങ്ങളും എടുക്കുന്നത് പ്രധാനമന്ത്രി മോദിയും അമിത് ഷായും കൂടി ചേര്‍ന്നാണ്. പിന്നെന്തിനാണ് പുതുമുഖങ്ങളെ മന്ത്രിസഭയിലേക്ക് എത്തിക്കുന്നത്? യജമാനന്റെ തോല്‍വിയുടെ പഴി ഇവര്‍ക്കും കൂടി കേള്‍ക്കാനാണോ?,’ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
മന്ത്രിസഭാ പുനസംഘടനയില്‍ പ്രതികരണവുമായി കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. മികച്ച പ്രകടനമാണ് മന്ത്രിസഭാ പുനഃസംഘടനയുടെ മാനദണ്ഡമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആദ്യം മാറ്റണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
മന്ത്രിസഭാ പുനഃസംഘടന തട്ടിപ്പാണെന്നും വിമതര്‍ക്കും കളംമാറിയവര്‍ക്കും അവസരം നല്‍കുകയാണെന്നും സുര്‍ജേവാല പറഞ്ഞു. ഒട്ടേറെ മന്ത്രിമാരെ പുറത്താക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൈന നമ്മുടെ ഭൂമി കൈയ്യേറിയ സാഹചര്യത്തില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനെ പുറത്താക്കണം. മാവോവാദം രാജ്യത്ത് ശക്തിപ്പെട്ടിരിക്കുന്നു. ഒട്ടേറെ കസ്റ്റഡി മരണങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളുമാണ് രാജ്യത്ത് അരങ്ങേറുന്നത്. ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണിത്. അമിത് ഷാ പദവി ഒഴിയണം. എണ്ണവില കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ ഊര്‍ജമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നും രണ്‍ദീപ് സുര്‍ജേവാല വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
We all know that this is a 2 man govt. All important decisions of all ministries are taken by Modi/PMO or occasionally by the Shah. What is the point of replacing faces in the Cabinet? Only to make others take the blame for failure of the boss? Replacing tweedledom by tweedledee
— Prashant Bhushan (@pbhushan1) July 7, 2021
രണ്ടാം മോദിസര്‍ക്കാരിന്റെ പുനസംഘടനയില്‍ 87 അംഗ പുതിയ മന്ത്രിസഭയാണ് വരുന്നത്. 20 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാകും പുതിയ മന്ത്രിസഭ.
ജ്യോതിരാദിത്യ സിന്ധ്യ, അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, മുതിര്‍ന്ന ബി.ജെ.പി. നേതാവ് നാരായണ്‍ റാണെ, ബംഗാള്‍ എം.പിമാരായ ശാന്തനു ടാക്കൂര്‍, നിസിത് പ്രമാണിക്, ജെ.ഡി.യു. നേതാവ് ആര്‍.സി.പി. സിങ്, ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍മോദി, വരുണ്‍ ഗാന്ധി, എല്‍.ജെ.പിയുടെ പശുപതി പരസ് തുടങ്ങിയവരാണ് മന്ത്രിസഭയിലെ പുതുമുഖങ്ങളാകാന്‍ സാധ്യതയുള്ളത്.
മന്ത്രിസഭയിലെ സ്ത്രീകളുടെ എണ്ണം പതിനൊന്നായിരിക്കും. പുതിയ മന്ത്രിസഭയിലെ ശരാശരി പ്രായം 58 വയസ്സായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ മന്ത്രിസഭാംഗങ്ങളുടെ ശരാശരി പ്രായം 61 വയസ്സായിരുന്നു.
ബ്രാഹ്മണ ക്ഷത്രിയ, ഭൂമിഹാര്‍, ബനിയ, കയാസ്ത്, ലിംഗായത്ത് തുടങ്ങിയ സമുദായങ്ങളില്‍ നിന്ന് 29 മന്ത്രിമാരുണ്ടാകുമെന്നും പുതിയ സര്‍ക്കാരില്‍ 50 വയസിന് താഴെയുള്ള 14 മന്ത്രിമാരുണ്ടാകുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുസ്ലിം, സിഖ്, ക്രിസ്ത്യന്‍, രണ്ട് ബുദ്ധ മതക്കാര്‍ ഉള്‍പ്പെടെ ന്യൂനപക്ഷത്തില്‍ നിന്ന് അഞ്ച് മന്ത്രിമാരുണ്ടാകും. ഇതില്‍ മൂന്ന് പേര്‍ക്ക് ക്യാബിനറ്റ് റാങ്കുകള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights; Prashant Bhushan Slams Reshuffle of Union Ministry