| Thursday, 6th May 2021, 10:24 pm

40 ആശുപത്രികള്‍ക്ക് കിട്ടേണ്ട പണമാണ് മോദിയുടെ അഹംഭാവത്തിന്റെ സ്മാരകം പണിയാന്‍ പാഴാക്കുന്നത്; കേന്ദ്രത്തിനെതിരെ പ്രശാന്ത് ഭൂഷണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും പ്രധാനമന്ത്രിയ്ക്ക് ഔദ്യോഗിക വസതി നിര്‍മ്മിക്കാന്‍ നടത്തുന്ന കേന്ദ്ര നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍.

നിലവിലെ സാഹചര്യത്തില്‍ 40 ആശുപത്രികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ നല്‍കേണ്ടിയിരുന്ന തുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭവനനിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നതെന്ന് ഭൂഷണ്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘നരേന്ദ്ര മോദിയുടെ അഹംഭാവത്തിന്റെ സ്മാരകം: ദശലക്ഷക്കണക്കിന് ആളുകള്‍ പകര്‍ച്ചാവ്യാധികള്‍ കൊണ്ട് ദുരിതം അനുഭവിക്കുമ്പോള്‍ ഇന്ത്യയുടെ നാര്‍സിസ്റ്റായ പ്രധാനമന്ത്രി വിഡ്ഢികളുടെ കൊട്ടാരം പണിയുകയാണ്.ഏകദേശം 40 പ്രധാന ആശുപത്രികള്‍ക്ക് ധനസഹായം നല്‍കാന്‍ കഴിയുന്ന തുകയാണ് ഇതിനായി ചെലവഴിക്കുന്നത്’, ഭൂഷണ്‍ ട്വിറ്ററിലെഴുതി.

നേരത്തെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി നിര്‍മ്മിക്കാന്‍ അന്തിമസമയം നിശ്ചയിച്ച കേന്ദ്രസര്‍ക്കാറിന്റെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും രംഗത്തെത്തിയിരുന്നു.

ഓക്‌സിജനും വാക്‌സിനും ആശുപത്രി കിടക്കകളും മരുന്നുകളും ലഭിക്കാതെ രാജ്യത്തെ ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് ജനങ്ങളുടെ ജീവന്‍ രക്ഷിക്കേണ്ടതിന് പകരം 13000 കോടി ചിലവാക്കി പ്രധാനമന്ത്രിയുടെ വസതി നിര്‍മ്മിക്കുകയാണോ വേണ്ടതെന്ന് പ്രിയങ്ക ചോദിച്ചു.

വിവിധ സംസ്ഥാനങ്ങളില്‍ ഓക്‌സിജന് കടുത്ത ക്ഷാമം ഉള്ളതായുള്ള വാര്‍ത്തകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു കേന്ദ്രത്തിന്റെ നടപടിക്കെതിരെ പ്രിയങ്ക രംഗത്തെത്തിയത്.

‘ഓക്‌സിജന്‍, വാക്‌സിനുകള്‍, ആശുപത്രി കിടക്കകള്‍, മരുന്നുകള്‍ എന്നിവയുടെ അഭാവത്തില്‍ രാജ്യത്തെ ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍, അതിന് വേണ്ട നടപടികള്‍ സ്വീകരിച്ച് ജനങ്ങളുടെ ജീവന്‍ രക്ഷിക്കേണ്ടിതിന് പകരം 13000 കോടി ചിലവഴിച്ച് പ്രധാനമന്ത്രിയ്ക്ക് വസതി നിര്‍മ്മിക്കുകയാണ്. സര്‍ക്കാര്‍ എന്തിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് ഇതിലൂടെ വ്യക്തമാണ്’, പ്രിയങ്ക പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Prashant Bhushan Slams  PM Narendra Modi On Central Vista Scheme

We use cookies to give you the best possible experience. Learn more