ന്യൂദൽഹി: മോദി സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നതിന്റെ ഓർമപ്പെടുത്തലായി ഏപ്രിൽ ഫൂൾ ദിനത്തെ കാണാമെന്ന് പ്രശാന്ത് ഭൂഷൺ. മോദി സർക്കാർ നൽകിയ നടപ്പിലാക്കാത്ത വാഗ്ധാനങ്ങളെ അക്കമിട്ട് നിരത്തിയായിരുന്നു പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ്.
രണ്ട് കോടി തൊഴിലവസരങ്ങൾ രാജ്യത്ത് കൊണ്ടുവരുമെന്ന് മോദി സർക്കാർ തെരഞ്ഞെടുപ്പ് വേളയിൽ വാഗ്ധാനം ചെയ്തിരുന്നു. എല്ലാവർക്കും വെള്ളവും വൈദ്യുതിയും വീടും ഉറപ്പാക്കുമെന്നും ബി.ജെ.പി വാഗ്ധാനം ചെയ്തിരുന്നു.
അധികാരത്തിലെത്തിയാൽ രാജ്യത്ത് നിന്ന് കള്ളപ്പണം നീക്കുമെന്നതായിരുന്നു ബി.ജെ.പിയുടെ വാഗ്ധാനങ്ങളിൽ പ്രധാനം. സ്ത്രീസുരക്ഷ നടപ്പിലാക്കും, എല്ലാവരുടേയും അക്കൗണ്ടുകളിലേക്ക് 15 ലക്ഷം രൂപ നിക്ഷേപിക്കും, കോർപ്പറേറ്റീവ് ഫെഡറലിസം നടപ്പിലാക്കും തുടങ്ങിയ വാഗ്ധാനങ്ങളും മോദിയും ബി.ജെ.പിയും മുന്നോട്ടുവെച്ചിരുന്നു.
ഇന്ത്യയിൽ തന്നെ ഉത്പന്നങ്ങൾ നിർമിച്ച്, അവയുടെ വിൽപനയെ പ്രോത്സാഹിപ്പിക്കാൻ മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് രൂപം നൽകുമെന്നും മോദി ഉറപ്പുനൽകിയിരുന്നു.
എന്നാൽ ഇതിലെല്ലാം ജനങ്ങൾ നാളിതുവരെ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്നും പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ കുറിച്ചു.
അതേസമയം 2024 തെരഞ്ഞെടുപ്പ് മുൻനിർത്തി രണ്ട് കോടി തൊഴിലവസരങ്ങൾ എന്ന വാഗ്ധാനം മറന്ന് 10 ലക്ഷം തൊഴിലവരങ്ങൾ നൽകുമെന്ന വാഗ്ധാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. എന്നാൽ വാഗ്ധാനങ്ങൾ മാത്രമാണ് ഇതുവരെ ബാക്കി. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചില്ലെന്ന് മാത്രമല്ല നിയമനങ്ങൾ ഗണ്യമായി വെട്ടിക്കുറയ്‌ക്കുകയും സർക്കാർ ചെയ്തിട്ടുണ്ട്.