Advertisement
national news
നീതിദേവതയെ ശ്വാസം മുട്ടിച്ച് കൊല്ലുന്ന ആര്‍.എസ്.എസും ബി.ജെ.പിയും: പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Oct 04, 04:30 am
Sunday, 4th October 2020, 10:00 am

ന്യൂദല്‍ഹി: നീതിദേവതയെ ശ്വാസം മുട്ടിക്കുന്ന ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ചിത്രം പങ്കുവെച്ച് മുതിര്‍ന്ന അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍. ‘നീതി’ എന്ന ക്യാപ്ഷനോടുകൂടിയാണ് പ്രശാന്ത് ഭൂഷണ്‍ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്.

ഹാത്രാസില്‍ ദളിത് പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ യോഗി ആദിത്യനാഥിന്റെ ബി.ജെ.പി സര്‍ക്കാരിനും ആര്‍.എസ്.എസിനുമെതിരെ ശബ്ദമുയര്‍ത്തി നിരവധി സാമൂഹ്യപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ രാഹുലും പ്രിയങ്കയും കാണുന്നതിനെ യോഗി ഭയപ്പെടുന്നെന്നും അതുകൊണ്ടാണ് അവരെ തടയാന്‍ പൊലീസ് സേനയെ വിന്യസിക്കേണ്ടി വന്നതെന്നും നേരത്തെ പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തിരുന്നു. യോഗി ആദിത്യനാഥിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

ഹാത്രാസ് പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്തുള്‍പ്പെടെ പ്രതിഷേധം ആളിക്കത്തുകയാണ്. വെള്ളിയാഴ്ച വൈകിട്ട് ആരംഭിച്ച പ്രക്ഷോഭത്തില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഭീം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ്, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ, നടി സ്വര ഭാസ്‌കര്‍, ഗുജറാത്ത് എം.എല്‍.എ ജിഗ്‌നേഷ് മേവാനി, പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ പങ്കെടുത്തു.

ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.

കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ നട്ടെല്ല് തകരുകയും നാവ് മുറിക്കപ്പെടുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.

മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധരാത്രി പൊലീസ് സംസ്‌കരിക്കുകയായിരുന്നു. കുടുംബാംഗങ്ങള്‍ക്ക് അന്ത്യകര്‍മ്മത്തിനുള്ള അവസരം പോലും നല്‍കാതെ മൃതദേഹം സംസ്‌കരിച്ച പൊലീസിന്റെ നടപടി വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ മൃതദേഹം നിര്‍ബന്ധിച്ച് സംസ്‌കരിക്കുകയായിരുന്നുവെന്ന ആരോപണങ്ങള്‍ നിഷേധിച്ച് യു.പി പൊലീസ് ഡി.ജി.പി പ്രശാന്ത് കുമാര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ മരണത്തിലും ഹാത്രാസ് പെണ്‍കുട്ടിയ്ക്ക് നീതി നിഷേധിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു.

പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഹാത്രാസിലെ എസ്.പിയടക്കം അഞ്ച് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേസില്‍ സി.ബി.ഐ അന്വേഷണവും പ്രഖ്യാപിച്ചു. എന്നാല്‍ സസ്‌പെന്‍ഷന്‍ കോടതിനടപടികളില്‍ നിന്നും കുറ്റക്കാരായ പൊലീസുകാരെ രക്ഷിക്കാനുള്ള ശ്രമമാണെന്നായിരുന്നു വിലയിരുത്തലുകള്‍ ഉയര്‍ന്നത്.

പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യു.പി പൊലീസ് തടഞ്ഞതും കൈയ്യേറ്റം ചെയ്തതും വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. നീണ്ട പ്രതിഷേധനത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം രാഹുലും പ്രിയങ്കയും കുടുംബത്തെ സന്ദര്‍ശിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Prashant Bhushan shares picture of RSS and BJP strangling Lady of Justice in twitter