ന്യൂദല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടും അദാനി ഓഹരികളുടെ ഇടിവും ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കേ നാല് വര്‍ഷം മുമ്പ് തനിക്ക് വന്ന ഒരു ഓഫറിനെ കുറിച്ച് സംസാരിക്കുകയാണ് മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍. ഗൗതം അദാനിയുടെ പേര് പരാമര്‍ശിക്കാതെയാണ് നാല് വര്‍ഷം മുമ്പ് നടന്ന സംഭവത്തെ കുറിച്ച് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.
‘നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വമ്പന്‍ വ്യവസായി സുപ്രീം കോടതിയിലെ എന്റെ ഓഫീസിലെത്തി.
പോകാന്‍ നേരത്ത് ‘നരേന്ദ്രഭായിയെക്കൊണ്ട് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ എന്നോട് പറഞ്ഞാല്‍ മതി’ എന്ന വാക്കുകളോടെ യാത്ര പറഞ്ഞു.
അദ്ദേഹം അന്ന് വെച്ചുനീട്ടിയ ആ ഓഫര്‍ ഞാന്‍ ഇപ്പോള്‍ സ്വീകരിക്കാമെന്ന് വിചാരിക്കുന്നു. ‘നരേന്ദ്രഭായിയോട് പറഞ്ഞ് ആ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ ഒരു ജോയിന്റ് പാര്‍ലമെന്റ് കമ്മിറ്റിയെ നിയോഗിക്കണം’ എന്ന് അദ്ദേഹത്തോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്,’ പ്രശാന്ത് ഭൂഷന്റെ ട്വീറ്റില്‍ പറയുന്നു.
അദാനിയുടെ പേര് എടുത്തുപറയാതെയുള്ള ട്വീറ്റ് സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേരാണ് അദാനിയും മോദിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നേരത്തെ പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ടുകള്‍ ട്വീറ്റിന് മറുപടിയായി കമന്റ് ചെയ്യുന്നത്.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നേരത്തെയും പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചിട്ടുണ്ട്. മോദിയും അദാനിയും ഒന്നിച്ചുള്ള വിവിധ പരിപാടികളുടെ ചിത്രങ്ങള്‍ ചേര്‍ത്തുകൊണ്ടായിരുന്നു ഒരു ട്വീറ്റ്.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് കൃത്യമായ മറുപടി നല്‍കുന്നതിനു പകരം ഇത് ഇന്ത്യക്കെതിരെയുള്ള ആക്രമണമാണെന്ന നിലയില്‍ ചിത്രീകരിക്കനാണ് അദാനിയും മോദിയും ശ്രമിക്കുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ അഭിപ്രായപ്പെട്ടിരുന്നു.
അദാനി ഗ്രൂപ്പ് നടത്തിയ ഓഹരിനിക്ഷേപത്തിലെയും നികുതിയിലെയും തട്ടിപ്പുകളുമായി ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റിയെ നിയോഗിച്ച് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.
കമ്മിറ്റിക്ക് സുപ്രീം കോടതിയോ ചീഫ് ജസ്റ്റിസോ നേതൃത്വം നല്‍കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഈ ആവശ്യം അംഗീകരിച്ചിട്ടില്ല. അദാനി ഗ്രൂപ്പിനെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളിലും തെളിവുകളിലും പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്നും വിവിധ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ റഫാല്‍ അഴിമതി ആരോപണങ്ങളിലും നോട്ട് നിരോധനത്തിലും വിഷയങ്ങളിലും പ്രതിപക്ഷ പാര്‍ട്ടികള്‍ ജെ.പി.സിക്കായി ആവശ്യമുന്നയിച്ചിരുന്നു. 2014ല്‍ അധികാരത്തിലെത്തിയത് മുതല്‍ ഇന്ന് വരെ ഒരു ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റിയെ നിയോഗിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
Content Highlight: Prashant Bhushan shares an old experience with Gautam Adani