| Friday, 14th August 2020, 4:24 pm

ബി.ജെ.പി യുടെ വിമര്‍ശകനോട് 'ഇനി മിണ്ടരുത്' എന്ന് കോടതി പറയുമ്പോള്‍

ഷഫീഖ് താമരശ്ശേരി

രാജ്യത്തെ മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ് നേരെയുള്ള കോടതിയലക്ഷ്യ കേസ്സില്‍ സുപ്രീം കോടതിയുടെ വിധി വന്നിരിക്കുകയാണ്. പ്രശാന്ത് ഭൂഷണ്‍ നടത്തിയത് ഗുരുതരമായ കോടതിയലക്ഷ്യം എന്നാണ് വിധിയില്‍ പറഞ്ഞിരിക്കുന്നത്. പ്രശാന്ത് ഭൂഷന്റെ ട്വീറ്റുകള്‍ നീതി നിര്‍വഹണ സംവിധാനത്തിന് അപമാനമുണ്ടാക്കുന്നതും ജനമധ്യത്തില്‍ സുപ്രീം കോടതിയുടേയും ചീഫ് ജസ്റ്റിസിന്റെ ഓഫീസിന്റേയും അന്തസും അധികാരവും ഇടിച്ചുതാഴ്ത്തുന്നതുമാണെന്നാണ് കോടതിയുടെ വിലയിരുത്തല്‍. നവമാധ്യങ്ങളിലും അല്ലാതെയുമായുള്ള രാഷ്ട്രീയ അഭിപ്രായ പ്രകടനങ്ങളുടെ പേരില്‍ നിരവധി പ്രമുഖര്‍ക്ക് സമീപകാലങ്ങളില്‍ ഇത്തരത്തില്‍ കേസ്സുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. രാഷ്ട്രീയപ്രേരിതമായ നീക്കങ്ങളാല്‍ രൂപപ്പെടുന്ന ഇത്തരം കേസ്സുകളില്‍ കോടതിയും പൗരന്റെ അഭിപ്രായ സ്വാതന്ത്യത്തെ വെല്ലുവിളിക്കുന്ന തരത്തില്‍ വിധി പറയുന്നത് നമ്മുടെ നീതി ന്യായവ്യവസ്ഥയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയമായാണ് വിലയിരുത്തപ്പെടുന്നത്. ഭരണതാത്പര്യങ്ങളുടെ മാത്രം സംരക്ഷണ സംവിധാനമായി കോടതികള്‍ മാറുന്ന സ്ഥിതിവിശേഷമാണ് നമുക്കിപ്പോള്‍ കാണാന്‍ സാധിക്കുന്നത്.

”ഒരു ഔപചാരിക അടിയന്തരാവസ്ഥയിലൂടെ കടന്നു പോകാതെ തന്നെ ഇന്ത്യയിലെ ജനാധിപത്യം എങ്ങനെ തകര്‍ന്നു എന്ന് പരിശോധിക്കാന്‍ ഭാവി ചരിത്രകാരന്‍മാര്‍ കഴിഞ്ഞ ആറ് വര്‍ഷങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ അതില്‍ സുപ്രീം കോടതിയുടെ ഭാഗദേയം അവര്‍ പ്രത്യേകം രേഖപ്പെടുത്തിയിരിക്കും. അതിലേറെ സവിശേഷമായി അവസാന നാല് ചീഫ് ജസ്റ്റിസുമാരുടെ പങ്കുമുണ്ടാകും’, ഇതായിരുന്നു കഴിഞ്ഞ ജൂണ്‍ 27ന് പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചത്.

‘നീതിയ്ക്ക് വേണ്ടിയുള്ള പൗരന്മാരുടെ മൗലീകാവകാശത്തെ നിഷേധിച്ച് സുപ്രീം കോടതിയെ ലോക്ക് ഡോണിലാക്കിയിട്ട് നാഗ്പൂരില്‍ നിന്നുള്ള ബി.ജെ.പി നേതാവിന്റെ 50 ലക്ഷം രൂപയുടെ മോട്ടോര്‍ സൈക്കിളില്‍ ഹെല്‍മറ്റോ മാസ്‌കോ പോലും ധരിക്കാതെ നില്‍ക്കുകയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്.’ ഇത് ജൂണ്‍ 29 ന് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തതാണ്.

സുപ്രീം കോടതിയുടെ സമീപകാല സമീപനങ്ങളെക്കുറിച്ചുള്ള പൊതുവിലയിരുത്തലായിരുന്നു ആദ്യത്തെ ട്വീറ്റ് എങ്കില്‍, ലോക് ഡൗണ്‍ സമയത്ത് സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിച്ച് ആഡംബര ബൈക്കിലിരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്ത സുപ്രീം കോടതി ന്യായാധിപനെതിരെയുള്ള വിമര്‍ശനമായിരുന്നു രണ്ടാമത്തെ ട്വീറ്റ്.

ഒരു ജനാധിപത്യ രാജ്യത്ത് ഏതൊരു പൗരനും സ്വാഭാവികമായും ഉന്നയിക്കാന്‍ സാധിക്കുന്ന വിമര്‍ശനങ്ങളാണ് ഇവ രണ്ടും. ഇതില്‍ വസ്തുതാവിരുദ്ധമായ പരാമര്‍ശങ്ങളോ, വ്യക്തിഹത്യയോ ഒന്നും അടങ്ങിയിട്ടുമില്ല. എന്നിട്ടും പ്രശാന്ത് ഭൂഷന്റെ ഈ രണ്ട് അഭിപ്രായപ്രകടനങ്ങള്‍ക്കെതിരെ ഒരു അഭിഭാഷകന്റെ പരാതി ലഭിച്ചു എന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി അടിയന്തര പ്രാധാന്യമുള്ള കേസ് എന്ന രീതിയില്‍ അദ്ദേഹത്തിനെതിരെ കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ടു വരികയായിരുന്നു.

പ്രശാന്ത് ഭൂഷണ്‍

കോടതിയുടെ ഈ നടപടി തുടക്കത്തില്‍ തന്നെ വ്യാപക പ്രതിഷേധങ്ങള്‍ക്കാണിടയാക്കിയത്. സുപ്രീം കോടതി മുന്‍ ജസ്റ്റിസ് മദന്‍ ബി ലോകൂര്‍, ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എ.പി ഷാ തുടങ്ങിയ ന്യായാധിപര്‍, മുന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ആക്ടിവിസ്റ്റുകള്‍, അക്കാദമീഷ്യന്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന 131 പ്രമുഖ വ്യക്തികള്‍ സംയുക്ത പ്രസ്താവനയുമായി പ്രശാന്ത് ഭൂഷണ് ഐക്യദാര്‍ഢ്യമറിയിച്ച് രംഗത്തെത്തിയിരുന്നു.

ഭരണഘടനാപരമായ ഒരു പൗരന്റെ അഭിപ്രായ പ്രകടന സ്വാതന്ത്ര്യം മാത്രമാണ് പ്രശാന്ത് ഭൂഷന്‍ വിനിയോഗിച്ചത് എന്ന് നിയമവിദഗ്ദരും മുന്‍ ന്യായാധിപരും ഉള്‍പ്പെടെയുള്ളവര്‍ വിലയിരുത്തിയ ഈ സംഭവത്തില്‍ ഏവരെയും അത്ഭുതപ്പെടുത്തിയാണ്, പ്രശാന്ത് ഭൂഷണ്‍ നടത്തിയത് ഗുരുതരമായ കോടതിയലക്ഷ്യമെന്ന തരത്തില്‍ വിധി ഇപ്പോള്‍ വന്നിരിക്കുന്നത്.

വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെ സമീപിക്കുന്ന പ്രവണത രാജ്യത്തെ കോടതികളില്‍ പെരുകി വരികയാണ്. വിരമിച്ച ശേഷം ന്യായാധിപര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനെ സംബന്ധിച്ച് മേഘാലയ ഹൈക്കോടതി 2019ല്‍ പുറപ്പെടുവിച്ച ഉത്തരവുമായി ബന്ധപ്പെട്ട് ലേഖനമെഴുതിയതിന് ”ഷില്ലോംഗ് ടൈംസി’ലെ രണ്ട് മാധ്യമ പ്രവര്‍ത്തകരെ ഹൈക്കോടതി കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചതും സമീപ കാലത്ത് വിവാദമായ വാര്‍ത്തയായിരുന്നു.

രഞ്ജന്‍ ഗൊഗോയി

അയോധ്യ വിധിയടക്കമുള്ള രാജ്യം ഉറ്റുനോക്കിയ ഒട്ടനവധി വിധികളുമായി ബന്ധപ്പെട്ട് സമീപകലാത്ത് കോടതിക്കെതിരെ നിരവധി വിമര്‍ശനങ്ങളുയര്‍ന്നതാണ്. അയോധ്യ വിധിക്ക് പിന്നാലെ വിരമിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ പിന്നീട് ബി.ജെ.പി ടിക്കറ്റില്‍ രാജ്യസഭാ എം.പിയായി നോമിനേറ്റ് ചെയ്തപ്പോഴും കോടതിവിധികള്‍ക്ക് പിന്നിലെ രാഷ്ട്രീയസ്വാധീനങ്ങളെക്കുറിച്ച് നിരവധി ചര്‍ച്ചകള്‍ രൂപപ്പെട്ടിരുന്നു.

സമീപകാലങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട ജഡ്ജിമാര്‍ക്ക് വിരമിച്ചതിന് ശേഷം വിവിധ നിയമ നിര്‍മ്മാണ ജുഡീഷ്യല്‍ ബോഡികളില്‍ സ്ഥാനങ്ങളും, ഗവര്‍ണര്‍ പദവിയും, രാജ്യസഭ നാമനിര്‍ദേശവും നല്‍കുന്നതടക്കമുള്ള നീക്കങ്ങളും സുപ്രീം കോടതിയിലേക്കുള്ള ജഡ്ജിമാരുടെ സ്ഥാനക്കയറ്റം, ഹൈക്കോടതികളിലേക്കുള്ള സ്ഥലം മാറ്റം, ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിയമനം തുടങ്ങിയ തീരുമാനമടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പക്ഷപാതപരമായ ഇടപെടലുകളും ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായതാണ്.

ഒരു ജനാധിപത്യ രാജ്യത്ത് കോടതികളോ ന്യായാധിപരോ ഒന്നും വിമര്‍ശനങ്ങള്‍ക്കതീതരല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ക്രിയാത്മക വിമര്‍ശനങ്ങള്‍ അനുവദനീയമാണെന്ന് പരമോന്നത നീതിപീഠമടക്കം പല സന്ദര്‍ഭങ്ങളിലായി പറഞ്ഞു വെച്ചിട്ടുമുണ്ട്. പ്രശാന്ത് ഭൂഷണ് നേരയുള്ള കേസ്സിനാസ്പദമായ ട്വീറ്റുകളില്‍ അദ്ദേഹം ഉന്നയിച്ച വിമര്‍ശനങ്ങള്‍ സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്ന് നേരത്തേ ഉയര്‍ന്നതും നിരവധി പ്രമുഖര്‍ ഉന്നയിച്ചതുമാണ്. എന്നാല്‍ അദ്ദേഹത്തിന് നേരെ ഇത്തരമൊരു നിയമനടി ഉണ്ടാകുന്നതിന്റെ പിന്നിലെ താത്പര്യം ബി.ജെ.പി സര്‍ക്കാറിന്റെ കടുത്ത വിമര്‍ശകനായ രാജ്യത്തെ പ്രമുഖ അഭിഭാഷകന്റെ വായടപ്പിക്കാന്‍ വേണ്ടിയാണ് എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല.

കൊവിഡ് 19 പ്രതിസന്ധിക്കിടയില്‍ കോടതിയുടെ സാധാരണ നിലയിലുള്ള പ്രവര്‍ത്തനം സാധ്യമാകാതായിട്ട് ആറ് മാസമാകുമ്പോള്‍ നിയമ വ്യവഹാരങ്ങളെല്ലാം പ്രതിസന്ധിയിലായതിനാല്‍ രൂപപ്പെട്ട നിരവധി സങ്കീര്‍ണതകള്‍ രാജ്യത്തുണ്ട്. അതിലൊന്നും പരിഹാരം കാണാന്‍ ശ്രമിക്കാത്ത കോടതിയാണ് തിടുക്കത്തില്‍ പ്രശാന്ത് ഭൂഷണെതിരെ ശിക്ഷ നടപ്പാക്കാന്‍ ആര്‍ജവം കാണിക്കുന്നത്.

രാജ്യത്ത് നിലനില്‍ക്കുന്ന ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള നടപടികളുമായി ഭരണകൂടം മുന്നോട്ടുപോകുമ്പോള്‍ അതിനെതിരെയുയരുന്ന ജനകീയ പ്രതിരോധങ്ങളെ അടിച്ചമര്‍ത്തുന്ന രീതിയാണ് നാം കാണുന്നത്. ഭരണകൂടത്തിന്റെ അതേ സമീപനം തന്നെ നീതിപീഠവും ആവര്‍ത്തിക്കുന്നതിലൂടെ ജനാധിപത്യരാജ്യത്തിന്റെ മരണമണി മുഴങ്ങുകയാണ്.

നീതിന്യായ സംവിധാനത്തിന് വീഴ്ച സംഭവിച്ചാല്‍ അത് തുറന്നു പറയാനുള്ള അവകാശം കൂടെ ഉള്‍പ്പെടുന്നതാണല്ലോ ഭരണഘടന വിഭാവനം ചെയ്യുന്ന അഭിപ്രായ സ്വാതന്ത്ര്യമെന്ന മൗലികാവകാശം. എന്നാല്‍ ഭരണഘടനയെയും ഭരണഘടന ഉറപ്പു നല്‍കുന്ന അടിസ്ഥാന അവകാശങ്ങളെയും സംരക്ഷിക്കേണ്ടവര്‍ തന്നെ അതിന്റെ ഘാതകരാകുന്ന അവസ്ഥയാണ് നിലവില്‍ നാം കാണുന്നത്.

നീതിപീഠത്തില്‍ പൗരസമൂഹത്തിനുള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കണമെങ്കില്‍ കോടതി ഭരണഘടനാപരവും ജനാധിപത്യപരവുമായ മൂല്യങ്ങളോട് വിട്ടുവീഴ്ച ചെയ്യാതിരിക്കുകയാണ് വേണ്ടത്. അല്ലാതെ വിമര്‍ശനങ്ങളെ അവഹേളനങ്ങളായി ചിത്രീകരിച്ച് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങളെ അട്ടിമറിക്കുകയല്ല കോടതികള്‍ ചെയ്യേണ്ടത്. വിയോജിക്കാനുള്ള അവസരമുണ്ടാകുമ്പോഴാണ് ജനാധിപത്യത്തിന് കൂടുതല്‍ ശക്തിയുണ്ടാവുക എന്നത് നമ്മുടെ കോടതികള്‍ എന്നായിരിക്കും ഇനി തിരിച്ചറിയുക.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Prashant Bhushan SC Verdict, When the Court starts to silence vocies against BJP

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more