| Friday, 18th September 2020, 9:03 am

മരിച്ച കുടിയേറ്റ തൊഴിലാളികളുടെയോ ഡോക്ടര്‍മാരുടെയോ ഒരു രേഖയുമില്ല, ഉമര്‍ ഖാലിദിനെതിരെ 11 ലക്ഷം പേജിന്റെ രേഖകള്‍! ഇതൊരു ദുഷിച്ച സര്‍ക്കാരെന്ന് പ്രശാന്ത് ഭൂഷണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. എല്ലാ തരത്തിലും ദുഷിച്ച ഒരു സര്‍ക്കാരാണിതെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. കൊവിഡ്, യു.എ.പി.എ അടക്കമുള്ള കേന്ദ്രത്തിന്റെ നയങ്ങളില്‍ പ്രതികരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

‘കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തില്‍ ഒരു വിവരവും സര്‍ക്കാരിന്റെ കൈവശമില്ല, ഡോക്ടര്‍മാരുടെ മരണത്തിലുമില്ല. പക്ഷെ ഉമര്‍ ഖാലിദിനെതിരെ 11 ലക്ഷം പേജുള്ള രേഖകള്‍! ഒരു ധാരണയുമില്ലാത്ത സര്‍ക്കാര്‍ മാത്രമല്ലിത്, എല്ലാ തരത്തിലും ദുഷിച്ച ഒരു സര്‍ക്കാര്‍ കൂടിയാണ്,’ പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.

നേരത്തെ കൊവിഡ് ബാധിച്ച് മരിച്ച കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ച് ഒരു രേഖയും സര്‍ക്കാരിന്റെ കയ്യില്‍ ഇല്ലെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗംഗ്‌വാര്‍ പറഞ്ഞിരുന്നു. തിങ്കളാഴ്ച പാര്‍ലമെന്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാജ്യത്ത് കൊവിഡ് ബാധിച്ച് നിരവധി ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും മരിച്ചിരുന്നു. എന്നാല്‍ ഈ കണക്കുകളൊന്നും കയ്യിലില്ലാത്ത സര്‍ക്കാരിന് ഉമര്‍ ഖാലിദിനെതിരെ യു.എ.പി.എ ചുമത്തി ജയിലിലടക്കാന്‍ 11 ലക്ഷം പേജുകളുള്ള രേഖകളുണ്ടാക്കാമെന്നാണ് പ്രശാന്ത് ഭൂഷണ്‍ കുറിച്ചത്.

കുടിയേറ്റ തൊഴിലാളികളുടെ കണക്കുകള്‍ കയ്യിലില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതിന് പിന്നാലെയാണ് കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ മുഴുവന്‍ കണക്കുകള്‍ ഇതുവരെ രേഖപ്പെടുത്തി വെച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്.

അതേസമയം ഉമര്‍ ഖാലിദിനെ കഴിഞ്ഞ ശനിയാഴ്ച ദല്‍ഹി പൊലീസ് വിളിച്ചുവരുത്തുകയായിരുന്നു. ശേഷം ലോധി കോളനിയിലെ സ്പെഷ്യല്‍ സെല്‍ ഓഫീസില്‍ ഞായറാഴ്ച എത്താന്‍ നിര്‍ദ്ദേശിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അന്വേഷണ സംഘത്തിന് മുന്നിലെത്തിയ ഉമര്‍ ഖാലിദിനെ അര്‍ധരാത്രിയോടെ ദല്‍ഹി കലാപത്തിന്റെ ഗൂഢാലോചനിയല്‍ പങ്കുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് 11 ലക്ഷം പേജുള്ള രേഖകളാണ് ഉമര്‍ ഖാലിദിനെതിരെ ദല്‍ഹി പൊലീസ് തയ്യാറാക്കിയത്.

കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ച രേഖകള്‍ ഇല്ലാത്തതില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും നേരത്തെ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.

ലോക്ക്ഡൗണില്‍ എത്ര കുടിയേറ്റ തൊഴിലാളികള്‍ മരിച്ചുവെന്നതിനെ സംബന്ധിച്ചോ എത്രപേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു എന്നതിനെ സംബന്ധിച്ചോ മോദി സര്‍ക്കാരിന്റെ കയ്യില്‍ ഒരു കണക്കുമില്ല. നിങ്ങള്‍ എണ്ണുന്നില്ലാ എന്ന് കരുതി ഇവിടെ ആരും മരിക്കില്ലെന്നാണോ? ആളുകളുടെ ജീവന്‍ നഷ്ടപ്പെടുന്നതില്‍ ഈ സര്‍ക്കാരിന് ഒരു ശ്രദ്ധയുമില്ലെന്നതാണ് ഏറ്റവും സങ്കടകരമായ കാര്യമെന്ന് രാഹുല്‍ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Prashant Bhushan says this is a malignant government

We use cookies to give you the best possible experience. Learn more