ന്യൂദല്‍ഹി: പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം തടഞ്ഞ സുപ്രീം കോടതി നടപടിയില്‍ പ്രതികരണവുമായി മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. മന്ദിരത്തിന്റെ ശിലാസ്ഥാപനം കൂടി കോടതിയ്ക്ക് തടയാമായിരുന്നെന്നാണ് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്.
‘നന്നായി. നിര്‍മാണ പ്രവര്‍ത്തനവും മരം മുറിക്കലുമെങ്കിലും ഇതുകൊണ്ട് തടസപ്പെട്ടല്ലോ. അതുപോലെ അതിന്റെ ശിലാസ്ഥാപനം കൂടി കോടതി നിര്‍ത്തിവെക്കേണ്ടതായിരുന്നു,’ പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.
ഡിസംബര്‍ 10നാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിടാനൊരുങ്ങുന്നത്. എന്നാല്‍ ഇതില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി ഇന്ന് രംഗത്തെത്തിയിരുന്നു. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി നിലവില്‍ നിര്‍മാണമോ പൊളിക്കലോ നടത്തരുതെന്നാണ് സുപ്രീം കോടതി തിങ്കളാഴ്ച കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയത്.
പദ്ധതിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികള്‍ കോടതിയുടെ പരിഗണനയിലിരിക്കെ തിടുക്കപ്പെട്ട് പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ സുപ്രീം കോടതി ശാസിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി പ്രശാന്ത് ഭൂഷണും രംഗത്തെത്തിയത്.
തീരുമാനിച്ച പ്രകാരം പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ശിലാസ്ഥാപനം നടത്താം. പദ്ധതിക്ക് സ്റ്റേ നല്‍കിയിട്ടില്ല എന്നു കരുതി നിര്‍മ്മാണം നടത്താനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. കോടതി കാണിച്ച മര്യാദ കേന്ദ്രസര്‍ക്കാര്‍ തിരിച്ചും കാണിക്കണമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രസര്‍ക്കാരിനെ വിസ്ത പദ്ധതിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികള്‍ പരിഗണിച്ചത്.
”നിങ്ങള്‍ക്ക് ശിലാസ്ഥാപനം നടത്താം, പേപ്പര്‍വര്‍ക്കുകള്‍ തുടരാം, പക്ഷേ നിര്‍മ്മാണമോ പൊളിക്കലോ നടത്താന്‍ പാടില്ല. മാത്രമല്ല പദ്ധതിയുടെ പേരില്‍ മരങ്ങളൊന്നും വെട്ടിമാറ്റാനും പാടില്ല,” സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് പറഞ്ഞു.
”ഞങ്ങള്‍ നിങ്ങളോട് ആദരവോടെയാണ് പെരുമാറിയത്. അതേ ആദരവ് തിരിച്ചും പ്രതീക്ഷിക്കുന്നു. നിങ്ങള്‍ വിവേകപൂര്‍വ്വം പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനമോ പൊളിച്ചുമാറ്റലോ അവിടെ നടത്താന്‍ പാടില്ല’, കോടതി പറഞ്ഞു.
ഇതോടെ മരങ്ങള്‍ വെട്ടിമാറ്റുകയോ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ പൊളിച്ചുമാറ്റലുകള്‍ ഉണ്ടാവുകയോ ഇല്ലെന്നും ശിലാസ്ഥാപനം മാത്രമേ നടത്തുള്ളൂവെന്നും മേത്ത സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു.
സെന്‍ട്രല്‍ വിസ്ത പദ്ധതികള്‍ ചോദ്യം ചെയ്ത് നിരവധി ഹരജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. പരിസ്ഥിതി ലോലമായ പ്രദേശമാണ് സെന്‍ട്രല്‍ വിസ്ത പദ്ധതിക്ക് ഉപയോഗിക്കുന്നത്. മാത്രമല്ല ഇവിടെ നിരവധി മരങ്ങളും കുളങ്ങളുമുണ്ട്. ഇതെല്ലാം നശിപ്പിച്ചുകൊണ്ടാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുക. ഇക്കാരണത്താല്‍ പദ്ധതിക്ക് അനുമതി നല്‍കരുതെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം.
പദ്ധതിയിലെ ഏറ്റവും സുപ്രധാന നിര്‍മ്മാണമാണ് പുതിയ പാര്‍ലമെന്റ് മന്ദിരം. ഇതിന്റെ ശിലാസ്ഥാപനം ഈ മാസം 10 ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുമെന്ന് സ്പീക്കര്‍ ഓം ബിര്‍ള കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.