കോഴിക്കോട്: ഷാരൂഖ് ഖാന്‍ മുസ്‌ലിമായതിന്റെ പേരിലാണ് ആര്യന്‍ ഖാന്റെ വാര്‍ത്തകള്‍ ഇങ്ങനെ പെരുപ്പിച്ചു കാണിക്കുന്നതെന്ന് മുതിര്‍ന്ന അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്.
‘ആര്യന്‍ ഖാന്‍ കേസില്‍ തെറ്റായ വ്യാഖ്യാനമാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. അത് ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക സമരങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ വഴി തിരിച്ചു വിടാന്‍ മാത്രമല്ല.
ഷാരൂഖ് ഖാന്‍ ഒരു മുസ്‌ലിമായതിന്റെ പേരിലും, കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന്റെ പേരിലുമാണ് മാധ്യമങ്ങള്‍ അദ്ദേഹത്തെ പരസ്യ വിചാരണ ചെയ്യുന്നത്. ഇക്കാര്യത്തില്‍ അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താനും മാധ്യമങ്ങള്‍ ശ്രമിക്കുന്നുണ്ട്,’ അദ്ദേഹം പറഞ്ഞു.
ലഖിംപൂര്‍ ഖേരിയിലെ കര്‍ഷകസമരങ്ങളെക്കുറിച്ചുള്ള തെറ്റായ വാര്‍ത്തകളാണ് മാധ്യമങ്ങള്‍ നല്‍കുന്നതെന്നും സര്‍ക്കാരിന്റെ അജണ്ട നടപ്പിലാക്കാനുള്ള വേദി എന്ന രീതിയിലാണ് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.
മുംബൈ തീരത്തെ ആഡംബര കപ്പലില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ റെയ്ഡിലാണ് ആര്യന്‍ ഖാനടക്കം പത്ത് പേര്‍ പിടിയിലാകുന്നത്. ഇവരില്‍ നിന്ന് കൊക്കെയ്ന്‍, ഹാഷിഷ്, എം.ഡി.എം.എ എന്നിവയും പിടിച്ചെടുത്തിരുന്നു.
രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ട കോര്‍ഡേലിയ ക്രൂയിസ് ലൈനറിന്റെ എംപ്രസ് കപ്പലിലായിരുന്നു റെയ്ഡ് നടത്തിയത്.
ആഡംബര കപ്പലില്‍ ഉണ്ടായിരുന്ന മറ്റുചിലരില്‍ നിന്നാണ് ലഹരിവസ്തുക്കള്‍ കണ്ടെടുത്തത്. 13 ഗ്രാം കൊക്കെയ്ന്‍, അഞ്ച് ഗ്രാം മെഫെഡ്രോന്‍, 21 ഗ്രാം ചരസ്, 22 എം.ഡി.എം.എ ഗുളികകള്‍, 1,33,000 രൂപ എന്നിവയാണ് എന്‍.സി.ബി കപ്പലില്‍ നിന്ന് പിടിച്ചെടുത്തതെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.