| Monday, 23rd November 2020, 1:39 pm

'പൊതുജനാഭിപ്രായം മാനിക്കുന്ന മുഖ്യമന്ത്രിമാര്‍ ഉണ്ടെന്നറിയുന്നതില്‍ സന്തോഷം'; കേരള പൊലീസ് നിയമഭേദഗതി പിന്‍വലിച്ചതില്‍ പ്രശാന്ത് ഭൂഷണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേരള പൊലീസ് നിയമഭേദഗതി പിന്‍വലിക്കുന്നെന്ന തീരുമാനത്തെ പ്രശംസിച്ച് മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. പൊതു ജനാഭിപ്രായത്തെ മാനിക്കാനറിയാവുന്ന മുഖ്യമന്ത്രിമാര്‍ ഉണ്ടെന്നറിയുന്നതില്‍ സന്തോഷമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘പിണറായി വിജയന്‍, ഇത് കേള്‍ക്കുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. പൊതു ജനാഭിപ്രായം മാനിക്കുന്ന ചില മുഖ്യമന്ത്രിമാര്‍ നമ്മുടെ നാട്ടില്‍ ഇപ്പോഴുമുണ്ടെന്നറിയുന്നത് വലിയ സംതൃപ്തി തരുന്ന കാര്യമാണ്,’ പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.

കേരള പൊലീസ് നിയമ ഭേദഗതിക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് അടുത്ത ദിവസങ്ങളിലായി നടന്നുകൊണ്ടിരിക്കുന്നത്. സി.പി.ഐ.എം ദേശീയ നേതൃത്വവും സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിയമ ഭേദഗതി നടപ്പാക്കുന്നതില്‍ നിന്ന് പിന്മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവനയിലൂടെ അറിയിച്ചത്.

പൗരന്റെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തസ്സും ചോദ്യം ചെയ്യുന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി നടക്കുന്ന ദുഷ്പ്രചാരണങ്ങള്‍ തടയാനുള്ള ശ്രമം എന്ന നിലയിലാണ് കേരള പോലീസ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ ഇപ്പോള്‍ നിയമം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

‘ഭേദഗതി പ്രഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും അടക്കം ആശങ്ക പ്രകടിപ്പിച്ചു. ഈ സാഹചര്യത്തില്‍ നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നിയമസഭയില്‍ നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും,’ അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.

പ്രശാന്ത് ഭൂഷണടക്കമുള്ള നേതാക്കള്‍ നിയമ ഭേദഗതിയെ വിമര്‍ശിച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു.

നിര്‍ദ്ദയവും വിമതശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതുമാണ് നിയമങ്ങള്‍ എന്നായിരുന്നു നിയമത്തെ സംബന്ധിച്ച് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞത്.

ഐ.ടി ആക്ടില്‍ നിന്ന് ഒഴിവാക്കിയ സെക്ഷന്‍ 66 (എ)യ്ക്ക് സമാനമാണ് ഇപ്പോള്‍ കൊണ്ടു വന്നിരിക്കുന്ന നിയമമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ.എം.എല്‍ ലിബറേഷന്‍ നേതാവ് കവിതാ കൃഷ്ണനും ഭേദഗതിയെ വിമര്‍ശിച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു.

ശനിയാഴ്ചയാണ് സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതിയ്ക്ക് അനുമതി നല്‍കിയത്. പൊലീസ് നിയമത്തില്‍ 118 എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ത്താണ് ഭേദഗതി ചെയ്തിരിക്കുന്നത്.

ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ലക്ഷ്യമിട്ട് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് 3 വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് വകുപ്പിലുണ്ടായിരുന്നത്.

2000ത്തിലെ ഐ.ടി ആക്ടിലെ 66എ വകുപ്പും 2011 ലെ കേരള പൊലീസ് ആക്ടിലെ 118(ഡി) വകുപ്പും അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്ന് കാണിച്ച് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിന് പകരം സുപ്രീം കോടതി മറ്റു നിയമങ്ങളൊന്നും കൊണ്ട് വന്നിരുന്നില്ല. ഇതിനെ നേരിടാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കിയെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഭേദഗതി കൊണ്ട് വന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Prashant Bhushan  says he is gratified to know there are still some CMs will listen to Public opinion

Latest Stories

We use cookies to give you the best possible experience. Learn more