ന്യൂദല്‍ഹി: ഇന്ത്യയുടെ സമന്വയ സംസ്‌കാരത്തെ തുടര്‍ച്ചയായി മായ്ച്ചുകളയുന്നതിന്റെ മറ്റൊരു ദിനമായി ഓഗസ്റ്റ് 5 ചരിത്രത്തില്‍ അടയാളപ്പെടുത്തുമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ടുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വാഷിംഗ്ടണ്‍ പോസ്റ്റില്‍ റാണ അയ്യൂബ് എഴുതിയ ലേഖനം പങ്കുവെച്ച് കൊണ്ടായിരുന്നു പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്.
‘ലോകത്തിന്റെ നിഷ്‌ക്രിയത്വത്തില്‍ നിന്നും പ്രോത്സാഹനം കൊണ്ട് ഒരു മോദി, ഇന്ത്യയുടെ സമന്വയ സംസ്‌കാരത്തെ തുടര്‍ച്ചയായി മായ്ച്ച് കളയുന്നതിന്റെ മറ്റൊരു ദിനമായി, രക്തത്തിന്റെയും മണ്ണിന്റെയും ദിനമായി ഓഗസ്റ്റ് അഞ്ച് അടയാളപ്പെടുത്തും,’ പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.
ഈ ദിവസം ഇന്ത്യന്‍ ഭരണഘടനയില്‍ പറഞ്ഞിട്ടുള്ള എല്ലാ പ്രതിജ്ഞകളുടെയും ലംഘനമാണെന്നും മറ്റൊരു ട്വീറ്റില്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
‘മാനുഷികവും എല്ലാത്തിനെയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഒരു റിപ്പബ്ലിക്കായ ഇന്ത്യയുടെ യാത്രയെ ഹിന്ദു മേധാവിത്വം വേരുപിടിച്ച ഒരു സര്‍ക്കാര്‍ തടസ്സപ്പെടുത്തിയ ഒന്നായി ചരിത്രത്തില്‍ ഈ ദിനം രേഖപ്പെടുത്തും. ഇന്ത്യന്‍ ഭരണഘടനയിലെ എല്ലാ പ്രതിജ്ഞകള്‍ക്കും വിപരീതമായാണ് ഇത് സംഭവിച്ചിരിക്കുന്നത്,’ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
അയോധ്യയില്‍ രാമക്ഷേത്രത്തിന് തറക്കല്ലിടുന്നതിനെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം രംഗത്തെത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴിതുറന്നിരുന്നു.
നേരത്തെ പ്രിയങ്കാ ഗാന്ധി ‘ഭൂമി പൂജ’യ്ക്ക് ആശംസയുമായി എത്തിയിരുന്നു. ഭൂമി പൂജയ്ക്ക് ശേഷം രാമനെക്കുറിച്ച് പറഞ്ഞ് രാഹുലും ട്വീറ്റ് ചെയ്തിരുന്നു.
രാമന്‍ അനുകമ്പയാണെന്നും ഒരിക്കലും ക്രൂരത കാണിക്കാന്‍ പറ്റില്ലെന്നും പറയുന്ന രാഹുല്‍ രാമന്‍ നീതിയാണെന്നും ഒരിക്കലും അനീതിയില്‍ പ്രത്യക്ഷപ്പെടാന്‍ സാധിക്കില്ലെന്നും പറയുന്നു.
അതേസമയം,അയോധ്യയിലെ രാമക്ഷേത്രത്തിനുള്ള പോരാട്ടം സ്വാതന്ത്ര്യസമരം പോലെയെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ