'സര്‍ക്കാരിന്റെ വെറും പ്രചരണായുധം മാത്രമാണോ, എന്ത് സുതാര്യതയാണിതിനുള്ളത്?; പി.എം കെയര്‍ ഫണ്ടിനെതിരെ ആരോപണവുമായി പ്രശാന്ത് ഭൂഷണ്‍
national news
'സര്‍ക്കാരിന്റെ വെറും പ്രചരണായുധം മാത്രമാണോ, എന്ത് സുതാര്യതയാണിതിനുള്ളത്?; പി.എം കെയര്‍ ഫണ്ടിനെതിരെ ആരോപണവുമായി പ്രശാന്ത് ഭൂഷണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th May 2020, 1:05 pm

ന്യൂദല്‍ഹി: പി.എം കെയര്‍ ഫണ്ടിനെതിരെ ഗുരുതര ആരോപണവുമായി ആക്ടിവിസ്റ്റും സുപ്രീം കോടതി അഭിഭാഷകനുമായ പ്രശാന്ത് ഭൂഷന്‍. എന്തുകൊണ്ടാണ് പി.എം കെയര്‍ ഫണ്ടിന്റെ സി.എ.ജി ഓഡിറ്റ് നടത്താത്തതെന്നും എന്താണ് ഫണ്ടിന്റെ സുതാര്യതയെന്നും പ്രശാന്ത് ഭൂഷണ്‍ ആരാഞ്ഞു.

ഫണ്ടിലേക്ക് വരുന്ന തുക അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന തൊഴിലാളികളെ നാട്ടിലേക്കെത്തിക്കാനായി വിനിയോഗിക്കാത്തതെന്താണെന്നും അദ്ദേഹം ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ആളുകളില്‍ നിന്നും കമ്പനികളില്‍ നിന്നും ശേഖരിക്കുന്ന പി.എം കെയര്‍ ഫണ്ടിലേക്കുള്ള തുകകളൊന്നുമെന്താണ് മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങികിടക്കുന്ന തൊഴിലാളികളെ നാട്ടിലേക്കെത്തിക്കാന്‍ സഹായിക്കാത്തത്? ബി.ജെ.പിയും സര്‍ക്കാരും ഇത് പ്രചരണത്തിനായി ഉപയോഗിക്കുന്നതാണോ? എന്തുകൊണ്ടാണ് പി.എം കെയര്‍ ഫണ്ടിന് സുതാര്യതയില്ലാത്തത്? എന്തുകൊണ്ടാണ് സി.എ.ജി ഓഡിറ്റ് നടത്താത്?,’ പ്രശാന്ത് ഭൂഷണ്‍ ചോദിക്കുന്നു.

അതിഥി തൊഴിലാളികളെ നാട്ടിലേക്കെത്തിക്കാന്‍ ഏര്‍പ്പാടാക്കുന്ന പ്രത്യേക ട്രെയിനുകളില്‍ തൊഴിലാളികളുടെ കയ്യില്‍ നിന്ന് ടിക്കറ്റ് ചാര്‍ജ് ഈടാക്കുന്ന നടപടിക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് തൊഴിലാളികളുടെ ടിക്കറ്റ് ചാര്‍ജ് അതാത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ വഹിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പറഞ്ഞിരുന്നു.

100 കോടി രൂപ ചെലവിട്ട് ഡൊണാള്‍ഡ് ട്രംപിന് സ്വീകരണമൊരുക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന് എന്ത് കൊണ്ട് അതിഥി തൊഴിലാളികളുടെ ടിക്കറ്റ് ചാര്‍ജ് വഹിക്കാന്‍ സാധിക്കുന്നില്ലെന്നും അവര്‍ ചോദിച്ചു. പി.എം കെയറിന് 151 കോടി രൂപ സംഭാവന നല്‍കിയ റെയില്‍വേയുടെ കൈവശവും പണമില്ലേ എന്നും സോണിയാ ഗാന്ധി ചോദിച്ചിരുന്നു.

ഇപ്പോഴും രാജ്യത്തിന്റെ വിവിധ ഭാഗത്ത് തിരികെ മടങ്ങാന്‍ പണമില്ലാത്തതുകൊണ്ട് മാത്രം ആയിരക്കണക്കിന് തൊഴിലാളികള്‍ താമസിക്കുന്നുണ്ടെന്നും സോണിയ ഗാന്ധി പറഞ്ഞു. അത് കൊണ്ട് തന്നെയാണ് ആവശ്യക്കാരായ അതിഥി തൊഴിലാളികളുടെ യാത്രാചെലവ് കോണ്‍ഗ്രസ് വഹിക്കാന്‍ തീരുമാനിച്ചതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

മൂന്നാം ഘട്ടവും ലോക്ക് ഡൗണ്‍ നീട്ടിയതോടെയാണ് അതിഥി സംസ്ഥാന തൊഴിലാളികള്‍ക്ക് മടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ട്രെയിന്‍ സര്‍വ്വീസ് ഏര്‍പ്പാടാക്കിയത്. അതേസമയം ബോധപൂര്‍വ്വമാണ് ടിക്കറ്റ് ചാര്‍ജ് തൊഴിലാളികളില്‍ നിന്ന് ഈടാക്കുന്നതെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ യാദവ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.