ന്യൂദല്‍ഹി: അന്താരാഷ്ട്ര വനിതാദിനത്തില്‍ രാജ്യത്തെ യുവ വനിതാ ആക്ടിവിസ്റ്റുകളെ ഓര്‍ത്ത് മുതിര്‍ന്ന അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായി പ്രശാന്ത് ഭൂഷണ്‍. അടുത്ത കാലത്ത് നടന്ന വിവിധ സമരങ്ങളിലെ ശ്രദ്ധേയമായ സാന്നിധ്യമായി മാറിയ ദിഷ രവി, നവ്ദീപ് കൗര്‍, സഫൂറ സര്‍ഗാര്‍, ദേവാംഗന കലിത് തുടങ്ങിയവരെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്.
‘അന്താരാഷ്ട്ര വനിതാദിനത്തില്‍, മറ്റുള്ളവരുടെ അവകാശത്തിനും ജനാധിപത്യത്തിനും നീതിക്കും വേണ്ടി നിലകൊണ്ട, അടിച്ചമര്‍ത്തലുകള്‍ക്കെതിരെ നിലപാടെടുത്ത് അതിനെയൊന്നും വകവെക്കാതെ സധൈര്യം പോരാടിയ നൊദീപ് കൗര്‍, സഫൂറ സര്‍ഗാര്‍, ദേവാംഗന കലിത തുടങ്ങി എണ്ണമറ്റ യുവതികളെ നമുക്ക് ആഘോഷിക്കാം,’ എന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്.
ജാമിഅ മിലിയ ഇസ്‌ലാമിയയിലെ വിദ്യാര്‍ത്ഥിയായ സഫൂറ സര്‍ഗാര്‍, പിഞ്ച്‌റാ തോഡ എന്ന വനിതാകൂട്ടായ്മയുടെ പ്രവര്‍ത്തകയായ ദേവാംഗന കലിത തുടങ്ങിയവരെ പൗരത്വ സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.
ദളിത് തൊഴിലവകാശ പ്രവര്‍ത്തകയായ നവ്ദീപ് കൗറിനെ കര്‍ഷക പ്രതിഷേധത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജയിലില്‍ വെച്ച് പൊലീസ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചതായും ലൈംഗികമായി ഉപദ്രവിച്ചതായും നവ്ദീപ് കൗര്‍ വെളിപ്പെടുത്തിയിരുന്നു. കടുത്ത ജാതി അധിക്ഷേപവും നേരിടേണ്ടി വന്നുവെന്നും നൊദീപ് വെളിപ്പെടുത്തിയിരുന്നു.
കര്‍ഷകസമരത്തെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചതിന്റെ പേരിലായിരുന്നു ഗ്രെറ്റ തെന്‍ബെര്‍ഗ് ടൂള്‍ക്കിറ്റ് കേസില്‍ ഇരുപത്തിരണ്ടുകാരിയായ ദിഷ രവിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ദിഷയുടെ അറസ്റ്റിനെ അപലപിച്ചുകൊണ്ട് രാഷ്ട്രീയ-സാമൂഹ്യമേഖലയില്‍ നിന്നുള്ള നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
അടുത്ത കാലത്തായി രാജ്യം കണ്ട ഏറ്റവും വലിയ പ്രതിഷേധങ്ങളിലൊന്നായ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തിന്റെ മുന്‍നിരയില്‍ തന്നെ സ്ത്രീകളുണ്ടായിരുന്നു. ഷഹീന്‍ബാഗില്‍ നടന്ന സമരത്തിന് നേതൃത്വം നല്‍കിയ സത്രീകള്‍ ഷഹീന്‍ബാഗ് ദാദി(മുത്തശ്ശിമാര്‍) എന്ന പേരില്‍ ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നയങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നൂറ് ദിവസത്തിലേറെയായി ദല്‍ഹി അതിര്‍ത്തിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഇന്ന് നേതൃത്വം നല്‍കുന്നത് വനിതകളാണ്. സിംഗു, തിക്രി, ഗാസിപ്പൂര്‍ എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ സംഘടിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.
സിംഗുവില്‍ രാവിലെ പത്ത് മണിക്കാണ് മഹിളാ പഞ്ചായത്ത് ചേരുക. കെ.എഫ്.സി ചൗകില്‍ നിന്ന് സിംഗു അതിര്‍ത്തിയിലേക്ക് വനിതകളുടെ മാര്‍ച്ചും നടക്കും.
കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന സ്ത്രീകളുടെ ചിത്രം ടൈം മാഗസിന്‍ കവര്‍ഫോട്ടോയാക്കിയിരുന്നു. കൈയില്‍ കുട്ടികളെയുമെടുത്ത് മുദ്രാവാക്യം വിളിക്കുന്ന ഇന്ത്യന്‍ സ്ത്രീകളുടെ ചിത്രമാണ് കവര്‍ ഫോട്ടോയില്‍ ഉള്ളത്. ‘On the Front lines of Indias farmer protests’ എന്ന തലക്കേട്ടിലാണ് ഫോട്ടോ പ്രസിദ്ധീകരിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Prashant Bhushan on International Women’s Day, says we should celebrate young woman activists