ന്യൂദല്‍ഹി: സുപ്രീംകോടതിയ്ക്ക് നേരെ ഒളിയമ്പുമായി മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം കഴിക്കുന്നവരുടെ പേര് വിവരങ്ങളടങ്ങുന്ന നോട്ടീസ് പരസ്യപ്പെടുത്തേണ്ടെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഭൂഷന്റെ പ്രതികരണം.
സുപ്രീം കോടതിയില്‍ നിന്ന് വ്യത്യസ്തമായി പല ഹൈക്കോടതികളും അവരുടെ ഭരണഘടനാ പരമായ കടമകള്‍ കൃത്യമായി നിര്‍വഹിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.
‘കൊള്ളാം! യു.പിയിലെ ലവ് ജിഹാദ് ഉത്തരവുകൂടി അലഹബാദ് ഹൈക്കോടതി എടുത്തുകളയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുപ്രീം കോടതിയെ പോലെയല്ല, ഇവിടെ പല ഹൈക്കോടതികളും അവരുടെ ഭരണഘടനാപരമായ കടമകള്‍ കൃത്യമായി നിര്‍വഹിക്കുന്നുണ്ട്,’ പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.
സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം ചെയ്യുന്നവരുടെ നോട്ടീസ് പരസ്യപ്പെടുത്തുന്നത് മൗലീകാവകാശങ്ങളായ സ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കും മേലുള്ള കടന്നുകയറ്റമാണെന്ന് പറഞ്ഞ കോടതി രജിസ്റ്റര്‍ മാരേജ് ചെയ്യുന്നവരുടെ പേര് വിവരങ്ങള്‍ പരസ്യപ്പെടുത്തേണ്ടതില്ലെന്നും വ്യക്തമാക്കി.
ഉത്തര്‍പ്രദേശിലെ ലവ് ജിഹാദ് നിയമം ക്രൂരമാണെന്നും അധാര്‍മികമാണെന്നും കോടതി നിരീക്ഷിച്ചു.
ഇക്കഴിഞ്ഞ നവംബറിലാണ് മതപരിവര്‍ത്തനം സംബന്ധിച്ച് നിയമനിര്‍മ്മാണവുമായി ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ രംഗത്തെത്തിയത്. നിലവില്‍ യു.പിയിലെ മതപരിവര്‍ത്തന ഓര്‍ഡിനന്‍സ് പ്രകാരം മതം മാറുന്നതിനും വിവാഹം കഴിക്കുന്നതിനും രണ്ട് മാസം മുമ്പ് ജില്ലാ മജിസ്‌ട്രേറ്റില്‍ നിന്ന് അനുമതി വാങ്ങണം എന്നാണ് പറയുന്നത്.
ഒരു മാസത്തിനിടെ നിരവധി കേസുകളാണ് പുതിയ നിയമവുമായി ബന്ധപ്പെട്ട് യു.പിയില്‍ രജിസ്റ്റര്‍ ചെയ്തതത്. യോഗി സര്‍ക്കാരിന്റെ ലൗ ജിഹാദ് വാദങ്ങള്‍ അടിസ്ഥാനരഹിതമെന്ന് തെളിയിക്കുന്ന വിവരങ്ങളുമായി കാണ്‍പൂര്‍ പൊലീസും രാജ്യത്തെ ഐ.എ.എസ് ഉദ്യോഗസ്ഥരും രംഗത്തെത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക