ന്യൂദല്‍ഹി: അംബാനിയുടെയും അദാനിയുടെയും തണലില്‍ വളരുന്ന ആളുകളെ എന്ത് വിളിക്കണമെന്ന് പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. അംബാനി ജീവിയെന്നോ അദാനി ജീവിയെന്നോ എന്നാണോ വിളിക്കേണ്ടതെന്നും ഭൂഷണ്‍ ചോദിക്കുന്നു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ ഇന്നും കര്‍ഷകരെ ആന്തോളന്‍ ജീവി എന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രശാന്ത് ഭൂഷന്റെ പ്രതികരണം.
‘അപ്പോള്‍ ഇനി അദാനിയുടെയും അംബാനിയുടെയും തണലില്‍ വളരുന്നവരെയൊക്കെ എന്ത് പേരിട്ട് വിളിക്കും? അദാനി ജീവി? അല്ലെങ്കില്‍ അംബാനി ജീവിയെന്നോ? അതോ അദ്-അംബാനി ജീവിയെന്നോ?,’ പ്രശാന്ത് ഭൂഷണ്‍ ചോദിച്ചു.
തന്റെ തന്നെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് കൊണ്ടായിരുന്നു പ്രശാന്തിന്റെ പ്രതികരണം.
അദാനിയുടെയും അംബാനിയുടെയും കീഴില്‍ വളരുന്ന ആളുകളാണ് ഇന്ന് നമ്മുടെ കര്‍ഷകരെ ടൂക്‌ഡെ ടൂക്‌ഡെ ഗ്യാങ് എന്ന് വിളിക്കുന്നത് എന്ന് ഡിസംബറില്‍ ചെയ്ത ട്വീറ്റ് റീട്വീറ്റ് ചെയ്തത് കൊണ്ടായിരുന്നു പ്രശാന്ത് ഭൂഷന്റെ പ്രതികരണം.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന തീരുമാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. അതേസമയം ചര്‍ച്ചയാകാമെന്നുമാണ് മോദി പറഞ്ഞത്.
കഴിഞ്ഞ ദിവസം കര്‍ഷകരെ മോദി ആന്തോളന്‍ ജീവിയെന്ന് വിളിച്ചത് ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. സമരം ചെയ്തവരാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്തതെന്നായിരുന്നു കര്‍ഷകര്‍ മോദിക്ക് മറുപടി നല്‍കിയത്.
എന്നാല്‍ ഇന്നും മോദി ആന്തോളന്‍ ജീവിയെന്ന പരാമര്‍ശം നടത്തുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക