ന്യൂദല്‍ഹി: കോടതിയലക്ഷ്യ കേസില്‍ തന്നെ കുറ്റക്കാരനാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള അവകാശം ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിയെ സമീപിച്ചു.
കോടതിയലക്ഷ്യ കേസുകളില്‍ തനിക്കെതിരെ ഏകപക്ഷീയവും പ്രതികാരപരവുമായ തീരുമാനം എടുക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപ്പീലിനുള്ള അവകാശം ഭരണഘടന പ്രകാരം ഉറപ്പുനല്‍കുന്ന മൗലികാവകാശമാണെന്നും അന്താരാഷ്ട്ര നിയമപ്രകാരം ഇത് ഉറപ്പുനല്‍കുന്നുവെന്നും ഭൂഷണ്‍ പറഞ്ഞു.
തെറ്റായ ശിക്ഷാവിധിക്കെതിരായ സുപ്രധാന സംരക്ഷണത്തിനാണ് ഹരജി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയയിലെ ആര്‍ട്ടിക്കിള്‍ 14 (സമത്വത്തിനുള്ള അവകാശം), 19 (അഭിപ്രായ
സ്വാതന്ത്ര്യം), 21 (ജീവിക്കാനുള്ള അവകാശം) എന്നിവ പ്രകാരം ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ നടപ്പാക്കാനാണ് താന്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നതെന്നും ഭൂഷണ്‍ പറഞ്ഞു.
കോടതിയലക്ഷ്യം ആരോപിക്കപ്പെട്ട ആള്‍ക്ക് വലിയ അനീതി വരുത്തുക മാത്രമല്ല, കോടതിക്ക് തന്നെ അപമാനം വരുത്തുകയും ചെയ്യുമെന്നും അതുകൊണ്ടുതന്നെ അത്തരം തീരുമാനങ്ങള്‍ കുറയ്ക്കുക എന്നത് വളരെ പ്രധാനമാണമെന്നും അദ്ദേഹം അപേക്ഷയില്‍ പറഞ്ഞു.
ട്വീറ്റുകളിലൂടെ സുപ്രീം കോടതിയേയും ചീഫ് ജസ്റ്റിസിനേയും വിമര്‍ശിച്ചെന്നാരോപിച്ചായിരുന്നു ഭൂഷണെതിരെ കോടതി സ്വമേധയ കോടതിയലക്ഷ്യത്തിന് കേസെടുത്തത്.
ഭൂഷന്റെ ട്വീറ്റുകള്‍ നീതി നിര്‍വഹണ സംവിധാനത്തിന് അപമാനമുണ്ടാക്കുന്നതും ജനമധ്യത്തില്‍ സുപ്രീം കോടതിയുടേയും ചീഫ് ജസ്റ്റിസിന്റെ ഓഫീസിന്റേയും അന്തസും അധികാരവും ഇടിച്ചുതാഴ്ത്തുന്നതും ആണെന്നും വിലയിരുത്തിയായിരുന്നു കോടതിയുടെ നടപടി.
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ ബി.ജെ.പി നേതാവിന്റ 50 ലക്ഷം വിലയുള്ള ബൈക്ക് ഓടിക്കുന്നുവെന്നും മാസ്‌കും ഹെല്‍മെറ്റും ധരിച്ചിട്ടില്ലെന്നുമായിരുന്നു ജൂണ്‍ 29 ന് പ്രശാന്ത് ഭൂഷന്‍ ട്വീറ്റ് ചെയ്തത്. ഇതിന് പുറമെ സുപ്രീം കോടതിയെ വിമര്‍ശിച്ച് ജൂണ്‍ 27 നും അദ്ദേഹം മറ്റൊരു ട്വീറ്റിട്ടിരുന്നു.
ഔദ്യോഗിക അടിയന്തരാവസ്ഥ ഇല്ലാത്തപ്പോള്‍ തന്നെ കഴിഞ്ഞ ആറ് വര്‍ഷം രാജ്യത്ത് എങ്ങനെ ജനാധിപത്യം നശിപ്പിക്കപ്പെട്ടെന്ന് ഭാവിയില്‍ പരിശോധിക്കുന്ന ചരിത്രകാരന്‍മാര്‍, ഈ നശീകരണത്തില്‍ സുപ്രീം കോടതിയുടെ പങ്കും അതില്‍ തന്നെ നാല് മുന്‍ ചീഫ് ജസ്റ്റിസുമാരുടെ പങ്കും പ്രത്യേകമായി അടയാളപ്പെടുത്തുമെന്നുമായിരുന്നു ട്വീറ്റ്.
കേസില്‍ ഒരു രൂപയാണ് പ്രശാന്ത് ഭൂഷണ് പിഴയായി കോടതി വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം തടവും മൂന്ന് വര്‍ഷം അഭിഭാഷക വൃത്തിയില്‍ നിന്ന് വിലക്കും വിധിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക