ന്യൂദല്‍ഹി: മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ ഗുരുതരമായ കോടതിയലക്ഷ്യം നടത്തിയെന്ന സുപ്രീംകോടതിയുടെ വിധി അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള മോശം വാര്‍ത്തയാണെന്ന് മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകയും സോളിസിറ്റര്‍ ജനറലായി നിയമിതയായ ആദ്യ വനിതയുമായ ഇന്ദിര ജെയ്സിംഗ്. 2009 ല്‍ ആയിരുന്നു ഇന്ദിര ജെയ്സിംഗ സോളിസറ്റര്‍ ജനറലായി നിയമിതയായത്.
നിയമത്തില്‍ ജഡ്ജിയുടെ വ്യക്തിത്വം വ്യക്തിപരവും ഭരണാഘടനാപരവുമായി തമ്മില്‍ വിഭജിക്കപ്പെടണമെന്നും അവര്‍ പറഞ്ഞു. ഹഫ്‌പോസ്റ്റ് ഇന്ത്യയോടായിരുന്നു അവരുടെ പ്രതികരണം.
”ഫെമിനിസ്റ്റുകളായിരിക്കുമ്പോള്‍ വ്യക്തിപരം എന്നത് രാഷ്ട്രീയമാണെന്ന് നമ്മള്‍ക്കറിയാം. എന്നാല്‍ നിയമത്തില്‍ ഒരു ജഡ്ജിയുടെ വ്യക്തിത്വം വ്യക്തിപരവും ഭരണഘടനാപരവുമായി തമ്മില്‍ വിഭജിക്കപ്പെടണം. ഇത് നീതിയുടെ സ്ഥാപനപരമായ ആവശ്യകതയാണ്, ”ജെയ്സിംഗ് പറഞ്ഞു.
പ്രശാന്ത് ഭൂഷണെതിരെ സുപ്രീംകോടതിഎടുത്ത നടപടി ഈ രീതിയെ നശിപ്പിച്ചെന്നും അവര്‍ പറഞ്ഞു.
ട്വീറ്റുകളിലൂടെ സുപ്രീം കോടതിയേയും ചീഫ് ജസ്റ്റിസിനേയും വിമര്‍ശിച്ചെന്നാരോപിച്ചായിരുന്നു പ്രശാന്ത് ഭൂഷണെതിരെ കോടതി സ്വമേധയ കോടതിയലക്ഷ്യത്തിന് കേസെടുത്തത്.
ഭൂഷന്റെ ട്വീറ്റുകള്‍ നീതി നിര്‍വഹണ സംവിധാനത്തിന് അപമാനമുണ്ടാക്കുന്നതും ജനമധ്യത്തില്‍ സുപ്രീം കോടതിയുടേയും ചീഫ് ജസ്റ്റിസിന്റെ ഓഫീസിന്റേയും അന്തസും അധികാരവും ഇടിച്ചുതാഴ്ത്തുന്നതാണെന്നുമാണെന്ന് വിലയിരുത്തിയായിരുന്നു കോടതിയുടെ നടപടി.
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ബി.ജെ.പി നേതാവിന്റ 50 ലക്ഷം വിലയുള്ള ബൈക്ക് ഓടിക്കുന്നുവെന്നും മാസ്‌കും ഹെല്‍മെറ്റും ധരിച്ചിട്ടില്ലെന്നുമായിരുന്നു ജൂണ്‍ 29 ന് പ്രശാന്ത് ഭൂഷന്‍ ട്വീറ്റ് ചെയ്തത്. ഇതിന് പുറമെ സുപ്രീം കോടതിയെ വിമര്‍ശിച്ച് ജൂണ്‍ 27 നും അദ്ദേഹം മറ്റൊരു ട്വീറ്റിട്ടിരുന്നു.
പ്രശാന്ത് ഭൂഷണ്‍ കോടതിയലക്ഷ്യം നടത്തിയെന്ന സുപ്രീംകോടതിയുടെ വിവിധക്കെതിരെ നിരവധി വിവര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ജനാധിപത്യത്തിന്റെ ഇരുണ്ട ദിനമെന്നായിരുന്നു വിധിയെ ചരിത്രകാരനായ രാമചന്ദ്രഗുഹ വിശേഷിപ്പിച്ചത്.