ന്യൂദല്‍ഹി: അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ് നേരേയുള്ള കോടതിയലക്ഷ്യ കേസില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍.
കോടതിയലക്ഷ്യ അധികാരം ഒരു വന്‍ചുറ്റികയായി രാജ്യത്തെ കോടതികള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ചരിത്രം കോടതികളെ വിലയിരുത്തും- ഇതായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
ഭരണഘടനയെയും നിയമങ്ങളെയും സംരക്ഷിക്കേണ്ട സ്ഥാപനങ്ങള്‍ രണ്ടിനോടും തുറന്ന അവഹേളനം കാണിക്കുമ്പോള്‍ കോടതികള്‍ എന്തുകൊണ്ട് നിസ്സഹായരാകുന്നു. ഇന്നത്തെ കോടതികളുടെ പ്രവൃത്തികള്‍ ചരിത്രം വിലയിരുത്തും- അദ്ദേഹം ട്വീറ്റ് ചെയ്തു.
ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലും ഇതുസംബന്ധിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. നമ്മള്‍ സ്വാതന്ത്ര്യം ആഘോഷിക്കുകയാണ്. ഭരണഘടനമൂല്യങ്ങളോടും സ്വാതന്ത്ര്യമെന്ന ആശയത്തോടുമുള്ള പ്രതിബദ്ധത രാജ്യത്തെ കോടതികള്‍ മറക്കരുത്. ഇവ ഊട്ടിയുറപ്പിക്കപ്പെടുന്നത് കോടതികളുടെ പ്രവൃത്തികളിലൂടെയാണ്- കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു.
സുപ്രീം കോടതിയ്ക്കും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയ്ക്കുമെതിരെ നടത്തിയ വിവാദ പരാമര്‍ശത്തിലാണ് പ്രശാന്ത് ഭൂഷണ്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടുന്നത്.
കോടതിയലക്ഷ്യക്കേസില്‍ മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണെ കുറ്റക്കാരനെന്ന് വിധിച്ച സുപ്രീംകോടതി നടപടിയ്ക്കെതിരെ രാജ്യത്തെ അഭിഭാഷകര്‍ രംഗത്തെത്തിയിരുന്നു. 1500 ഓളം വരുന്ന മുതിര്‍ന്ന അഭിഭാഷകര്‍ വിധിയില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് പ്രസ്താവനയിറക്കി.
മുതിര്‍ന്ന അഭിഭാഷകരായ ശ്രീറാം പഞ്ചു, അരവിന്ദ് ദതര്‍, ശ്യാം ദിവാന്‍, രാജു രാമചന്ദ്രന്‍, വൃന്ദ ഗ്രോവര്‍ കാമിനി ജൈസ്വാള്‍ തുടങ്ങിയവര്‍ പ്രസ്താവനയില്‍ ഒപ്പുവെച്ചു.
‘കോടതിയലക്ഷ്യം കാണിച്ച് നിശബ്ദമാക്കുന്നത് സുപ്രീം കോടതിയുടെ സ്വാതന്ത്ര്യത്തെയും ശക്തിയെയും ആത്യന്തികമായി ദുര്‍ബലപ്പെടുത്തും’
പൊതുജനത്തിന് മുന്നില്‍ കോടതിയുടെ വിശ്വാസ്യത പുനസ്ഥാപിക്കുന്ന വിധിയല്ല ഇതെന്നും അഭിഭാഷകര്‍ പറഞ്ഞു. വിയോജിച്ച് പ്രകടിപ്പിക്കുന്ന അഭിഭാഷകരെ നിരുത്സാഹപ്പെടുത്തുന്ന നടപടിയാണിതെന്നും അഭിഭാഷകര്‍ കൂട്ടിച്ചേര്‍ത്തു.
ആഗസ്റ്റ് 14 നാണ് പ്രശാന്ത് ഭൂഷണ്‍ കോടതിയലക്ഷ്യക്കേസില്‍ കുറ്റക്കാരനാണെന്ന് സുപ്രീംകോടതി വിധിച്ചത്. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ബി.ആര്‍ ഗവായ്, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
ട്വീറ്റുകളിലൂടെ സുപ്രീം കോടതിയേയും ചീഫ് ജസ്റ്റിസിനേയും വിമര്‍ശിച്ചതിനായിരുന്നു ഭൂഷണെതിരെ കോടതി സ്വമേധയ കോടതിയലക്ഷ്യത്തിന് കേസെടുത്തത്.
ഭൂഷന്റെ ട്വീറ്റുകള്‍ നീതി നിര്‍വഹണ സംവിധാനത്തിന് അപമാനമുണ്ടാക്കുന്നതും ജനമധ്യത്തില്‍ സുപ്രീം കോടതിയുടേയും ചീഫ് ജസ്റ്റിസിന്റെ ഓഫീസിന്റേയും അന്തസും അധികാരവും ഇടിച്ചുതാഴ്ത്തുന്നതാണെന്നുമാണെന്ന് വിലയിരുത്തിയായിരുന്നു കോടതിയുടെ നടപടി.
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ ബി.ജെ.പി നേതാവിന്റ 50 ലക്ഷം വിലയുള്ള ബൈക്ക് ഓടിക്കുന്നുവെന്നും മാസ്‌കും ഹെല്‍മെറ്റും ധരിച്ചിട്ടില്ലെന്നുമായിരുന്നു ജൂണ്‍ 29 ന് പ്രശാന്ത് ഭൂഷന്‍ ട്വീറ്റ് ചെയ്തത്. ഇതിന് പുറമെ സുപ്രീം കോടതിയെ വിമര്‍ശിച്ച് ജൂണ്‍ 27 നും അദ്ദേഹം മറ്റൊരു ട്വീറ്റിട്ടിരുന്നു.
ഔദ്യോഗിക അടിയന്തരാവസ്ഥ ഇല്ലാത്തപ്പോള്‍ തന്നെ കഴിഞ്ഞ ആറ് വര്‍ഷം രാജ്യത്ത് എങ്ങനെ ജനാധിപത്യം നശിപ്പിക്കപ്പെട്ടെന്ന് ഭാവിയില്‍ പരിശോധിക്കുന്ന ചരിത്രകാരന്‍മാര്‍, ഈ നശീകരണത്തില്‍ സുപ്രീം കോടതിയുടെ പങ്കും അതില്‍ തന്നെ നാല് മുന്‍ ചീഫ് ജസ്റ്റിസുമാരുടെ പങ്കും പ്രത്യേകമായി അടയാളപ്പെടുത്തുമെന്നുമായിരുന്നു ട്വീറ്റ്.
എന്നാല്‍ ഇതിന് പിന്നാലെ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അഭിപ്രായ സ്വാതന്ത്ര്യം കോടതിയലക്ഷ്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. തുറന്നുപറച്ചിലുകളായാലും എതിരഭിപ്രായങ്ങളായാലും അപ്രിയ കാര്യങ്ങളായാലും ഒരാളുടെ അഭിപ്രായ പ്രകടനത്തെ കോടതിയലക്ഷ്യമായി കാണാന്‍ കഴിയില്ലെന്നായിരുന്നു പ്രശാന്ത് ഭൂഷണ്‍ പറഞ്ഞത്.
അതേസമയം താന്‍ കോടതിയില്‍ നിന്ന് ദയ ആഗ്രഹിക്കുന്നില്ലെന്നും ജനാധിപത്യ സംവിധാനത്തില്‍ വിമര്‍ശനങ്ങള്‍ അത്യാവശ്യമാണെന്നും വിമര്‍ശനങ്ങള്‍കൊണ്ടുമാത്രമേ ജനാധിപത്യ പ്രക്രിയ ശക്തമാവുകയുള്ളൂവെന്നു പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ പറഞ്ഞു. കോടതി എന്ത് ശിക്ഷ വിധിച്ചാലും അത് നേരിടാന്‍ തയ്യാറാണെന്നും ഭൂഷണ്‍ അറിയിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക