ന്യൂദല്‍ഹി: കേന്ദ്രത്തിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ നടക്കുന്ന കാര്‍ഷിക പ്രതിഷേധത്തിന് പിന്തുണയറിച്ചുകൊണ്ട് രംഗത്തെത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ അഭിനന്ദിച്ച് സാമൂഹ്യപ്രവര്‍ത്തകനും മുതിര്‍ന്ന അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍. എല്ലാ ലോകനേതാക്കളും ജനാധിപത്യ അവകാശങ്ങള്‍ക്കായി നിലകൊള്ളണമെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു. ട്രൂഡോയുടെ പ്രസ്താവന ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നങ്ങളിലുള്ള ഇടപെടലാണെന്ന് പരാതി ഉന്നയിച്ചവരെയും പ്രശാന്ത് ഭൂഷണ്‍ വിമര്‍ശിച്ചു.
‘കനേഡിയന്‍ പ്രധാനമന്ത്രി ട്രൂഡോ, ഒരു ജനാധിപത്യത്തില്‍ ജനങ്ങളുടെ പ്രതിഷേധിക്കാനുള്ള അവകാശത്തിനും കര്‍ഷകരുടെ അവകാശങ്ങള്‍ക്കും വേണ്ടി രംഗത്തെത്തിയതില്‍ ഞാന്‍ ഏറെ സന്തുഷ്ടനാണ്. എല്ലാ രാജ്യങ്ങളിലെയും ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ക്കു വേണ്ടി ലോകനേതാക്കള്‍ മുന്നോട്ടു വരേണ്ടത് ഏറെ നിര്‍ണായകമാണ്. കാര്യമെന്താണെന്ന് മനസ്സിലാകാത്തവരാണ് ഇത് ആഭ്യന്തര പ്രശ്‌നം മാത്രമാണെന്നുള്ള വാദങ്ങളുന്നയിക്കുന്നത്.,’ പ്രശാന്ത് ഭൂഷന്റെ ട്വീറ്റില്‍ പറയുന്നു.
ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക പ്രതിഷേധത്തോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനത്തില്‍ ആശങ്കയറിയിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ചൊവ്വാഴ്ചയാണ് രംഗത്തെത്തിയത്. ഈ ആശങ്ക ഇന്ത്യന്‍ സര്‍ക്കാറിനെ എത്രയും പെട്ടെന്ന് അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കര്‍ഷക പ്രതിഷേധത്തെക്കുറിച്ച് ഇന്ത്യയില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്ത അവഗണിച്ചുകളയാന്‍ സാധിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം സമാധാനപരമായ പ്രതിഷേധങ്ങള്‍ക്കൊപ്പം കാനഡ എപ്പോഴും നിലകൊള്ളുമെന്നും വ്യക്തമാക്കി.
സംഭാഷണത്തിലും-ചര്‍ച്ചയിലും കാനഡ വിശ്വസിക്കുന്നുവെന്നും അതുകൊണ്ടുതന്നെ ഇന്ത്യയിലെ കര്‍ഷകരുടെ സ്ഥിതിയില്‍ തങ്ങളുടെ ആശങ്കകള്‍ ഉയര്‍ത്തിക്കാട്ടുന്നതിന് ഒന്നിലധികം മാര്‍ഗങ്ങളിലൂടെ ഇന്ത്യന്‍ അധികാരികളെ സമീപിച്ചിട്ടുണ്ടെന്നും ട്രൂഡോ പറഞ്ഞു. നമ്മളെല്ലാവരും ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിത്. ‘ ജസ്റ്റിന്‍ ട്രൂഡോ ഒരു വീഡിയോയില്‍ പറഞ്ഞു.
”നാമെല്ലാവരും കുടുംബത്തെയും സുഹൃത്തുക്കളെയും കുറിച്ച് വളരെയധികം ആശങ്കാകുലരാണ്. നിങ്ങളില്‍ പലര്‍ക്കും ഇന്ന് ഇതേ ആശങ്കയുണ്ടെന്ന് ഞങ്ങള്‍ക്കറിയാം.,” പ്രതിഷേധത്തെക്കുറിച്ച് ഇന്ത്യയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
ഇതിന് പിന്നാലെ കാനഡ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയാണെന്ന വിമര്‍ശനവുമായി ശിവസേനയടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ ആഭ്യന്തര പ്രശ്നങ്ങള്‍ മറ്റു രാജ്യങ്ങള്‍ അവരുടെ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കേണ്ടതില്ലെന്നാണ് ശിവസേനയിലെ മുതിര്‍ന്ന നേതാവ് പ്രിയങ്ക ചതുര്‍വേദി പ്രതികരിച്ചത്. അതേസമയം കര്‍ഷക പ്രതിഷേധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും പ്രിയങ്ക രൂക്ഷ വിമര്‍ശനമുയര്‍ത്തി.
‘പ്രിയപ്പെട്ട ജസ്റ്റിന്‍ ട്രൂഡോ, നിങ്ങളുടെ ആശങ്ക മനസ്സിലാക്കുന്നു. പക്ഷെ ഇത് ഇന്ത്യക്കാരുടെ ആഭ്യന്തര പ്രശ്നമാണ്, മറ്റു രാജ്യങ്ങള്‍ ഇത് അവരുടെ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കേണ്ടതില്ല. മറ്റു രാജ്യങ്ങളോട് ഞങ്ങള്‍ പുലര്‍ത്തുന്ന മര്യാദകളെ ബഹുമാനിക്കാന്‍ ശ്രദ്ധിക്കണം. നരേന്ദ്ര മോദി ജി, നിങ്ങളോട് അപേക്ഷിക്കുകയാണ്, ഇടപെട്ട് അഭിപ്രായം പറയുന്നതില്‍ ഒരു പ്രശ്നവുമില്ലെന്ന് മറ്റു രാജ്യക്കാര്‍ക്ക് കൂടി തോന്നുന്നതിന് മുന്‍പ് ഈ പ്രശ്നം എത്രയും വേഗം പരിഹരിക്കണം,’ പ്രിയങ്ക ട്വിറ്ററിലെഴുതി.
പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ച് വിദേശ രാജ്യങ്ങളിലെ പ്രതിനിധികള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ വംശജരായ പ്രതിനിധികളാണ് സമരത്തെ പിന്തുണച്ചും കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നത്.
പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന ആക്രമണത്തെയും പ്രതിനിധികള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ സമാധാനപരമായി പ്രതിഷേധം നടത്താനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും ഭരണഘടന നല്‍കിയിരിക്കുന്ന അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന രാജ്യത്തെ കര്‍ഷകര്‍ക്കെതിരെ പൊലീസ് അനാവശ്യമായി അഴിച്ചുവിടുന്ന ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും ബ്രാംപ്ടണ്‍ വെസ്റ്റ് എം.പി കമാല്‍ ഖേര പ്രതികരിച്ചിരുന്നു. നിരായുധരായ കര്‍ഷകര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും ഉപയോഗിച്ച് പൊലീസ് നടത്തുന്ന അക്രമണം ഭയജനകമാണെന്നും ഖേര പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കും അനീതിക്കുമെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് നേരെ ഇന്ത്യന്‍ ഭരണകൂടം സ്വീകരിച്ചിരിക്കുന്ന സമീപനം അപലപനീയമാണെന്നാണ് ഒന്റാറിയോ പ്രതിനിധിയായ ഗുരാതന്‍ സിംഗ് പ്രതികരിച്ചത്. രാജ്യത്തെ ഊട്ടുന്ന കര്‍ഷകര്‍ക്ക് നേരെ ഭരണകൂട ഭീകരത അഴിച്ചുവിടുന്നതിന് പകരം ബഹുമാനിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
”സമാധാനപരമായി പ്രതിഷേധം നടത്താനുള്ള അവകാശം ജനാധിപത്യ രാജ്യങ്ങളിലെ ജനങ്ങള്‍ക്കുണ്ട്, പ്രത്യേകിച്ച് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത്. പഞ്ചാബിലെ കര്‍ഷകര്‍ക്ക് നേരെ സര്‍ക്കാര്‍ നടത്തുന്ന നാണംകെട്ട ആക്രമണം അംഗീകരിക്കാന്‍ കഴിയാത്തതാണ്”, എന്നാണ് സര്‍റെ ന്യൂട്ടന്‍ എം.പി സുഖ് ധാലിവാള്‍ പ്രതികരിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Prashant Bhushan congratulates Canada PM Justin Trudeau on supporting farmers protest