| Sunday, 13th September 2020, 7:56 pm

'അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരം ആര്‍.എസ്.എസ് ആസൂത്രണം ചെയ്തത്, കെജ്‌രിവാളിന് എല്ലാം അറിയാം'; വെളിപ്പെടുത്തലുമായി പ്രശാന്ത് ഭൂഷണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അണ്ണാഹസാരെയുടെ നേതൃത്വത്തില്‍ ഉയര്‍ന്ന് വന്ന അഴിമതി വിരുദ്ധ സമരം യു.പി.എ സര്‍ക്കാരിനെ അട്ടിമറിക്കാനായി ആര്‍.എസ്.എസ് ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നുവെന്ന് പ്രശസ്ത അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആര്‍.എസ്.എസ് പ്രചാരകനാണെന്നും തനിക്ക് അതില്‍ ഒരു സംശയവും ഇല്ലന്നും പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി.

ഇന്ത്യാടുഡേ ടി.വിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പ്രശാന്ത് ഭൂഷന്റെ വെളിപ്പെടുത്തല്‍. രാജ്ദീപ് സര്‍ദേശായി നടത്തിയ അഭിമുഖത്തില്‍ പ്രശാന്ത് ഭൂഷന്റെ പിതാവ് ശാന്തി ഭൂഷണും പങ്കെടുത്തിരുന്നു.

കെജ്‌രിവാളിന്റെ ‘ഒന്നും ചെയ്യാന്‍ മടിയില്ലാത്ത പ്രകൃതം’ അന്ന് വേണ്ടത്ര മനസ്സിലായില്ലെന്നും അതില്‍ വലിയ പശ്ചാത്താപമുണ്ടെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

‘ഞാന്‍ ഇന്നും പശ്ചാത്തപിക്കുന്ന രണ്ട് കാര്യങ്ങളുണ്ട്. ഒന്ന് അഴിമതി വിരുദ്ധ സമരം ഉയര്‍ത്തിക്കൊണ്ട് വന്നത് ആര്‍.എസ്.എസും ബി.ജെ.പിയും അവരുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനായിരുന്നെന്ന കാര്യം മുന്‍ കൂട്ടി കാണാന്‍ കഴിഞ്ഞില്ല. കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കുക എന്നത് മാത്രമായിരുന്നു അവരുടെ ലക്ഷ്യം. രണ്ടാമതായി അരവിന്ദ് കെജ്‌രിവാളിന്റെ സ്വഭാവം എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞില്ല. അത് വളരെ വൈകിയാണ് ഞാന്‍ തിരിച്ചറിഞ്ഞത്. ഞാന്‍ വളരെയധികം ഇഷ്ടത്തോടെ നോക്കി കണ്ടിരുന്നയാളായിരുന്നു അരവിന്ദ് കെജ്‌രിവാള്‍ പക്ഷെ എന്തും ചെയ്യാന്‍ മടിയില്ലാത്ത അദ്ദേഹത്തിന്റെ പ്രകൃതത്തെ വിമര്‍ശനാത്മകമായി കാണാന്‍ കഴിഞ്ഞില്ല,’ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

കെജ്‌രിവാളിനെ മനസിലാക്കി വന്നപ്പോഴേക്കും വളരെയധികം വൈകിപ്പോയെന്നും അപ്പോഴേക്കും മറ്റൊരു ഫ്രാങ്കെന്‍സ്റ്റീന്‍ മോണ്‍സ്റ്റര്‍ (ഒരുരാക്ഷസ കഥാപാത്രം) ആയി ഉയര്‍ത്തെഴുന്നേറ്റു എന്നും പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി.

കെജ്‌രിവാളിന്റെ ഉദ്ദേശം ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ തന്നെ പുറത്ത് വന്നു. എന്തും ചെയ്യാന്‍ മടിയില്ലാത്ത ഒരാളാണ് എന്നത് മാത്രമല്ല, ഒരു ഏകാധിപതി കൂടിയാണെന്ന കാര്യം കണ്‍ മുന്നില്‍ തുറന്ന് വന്നെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

ആര്‍.എസ്.എസിന്റെ ഇടപെടല്‍ അണ്ണാ ഹസാരെയ്ക്ക് അറിയില്ലായിരുന്നെന്നും എന്നാല്‍ ഇപ്പോഴത്തെ ദല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്‌രിവാളിന് അത് അറിയാമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത് തെറ്റായി പോയിരുന്നെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞിരുന്നു. പാര്‍ട്ടിയുടെ മൊത്തം നയങ്ങളെയും അധിക്ഷേപിക്കുകയാണ് കെജ് രിവാള്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

‘പാര്‍ട്ടിയുടെ മൊത്തം നയങ്ങളെയും അധിക്ഷേപിച്ചു. 34 വിദഗ്ധ അംഗ കമ്മിറ്റിയുണ്ടാക്കി നിര്‍മിച്ച എല്ലാ നയങ്ങളും ചവറ്റു കൊട്ടയിലെറിഞ്ഞു,’ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Prashant Bhushan claims that India Against Corruption was propped up RSS

We use cookies to give you the best possible experience. Learn more