ന്യൂദല്‍ഹി: സുപ്രീം കോടതി ജഡ്ജ് എന്‍.വി രമണക്കെതിരെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ഉയര്‍ത്തിയ ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍. ജസ്റ്റിസ് രമണക്കെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതരമാണെന്നും അതിനാല്‍ എത്രയും വേഗം കൃത്യവും ശക്തവുമായ അന്വേഷണം ആവശ്യമാണെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.
അടുത്ത ചീഫ് ജസ്റ്റിസാകാന്‍ സാധ്യതയുള്ള ജസ്റ്റിസ് എന്‍.വി രമണക്കെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ചക്കൊണ്ട് ജഗന്‍ മോഹന്‍ റെഡ്ഡി ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡേക്ക് കത്ത് നല്‍കിയിരുന്നു. ആന്ധ്രാപ്രദേശ് ഹൈക്കോടതി മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്നു എന്‍. വി രമണ.
മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി ജസ്റ്റിസ് എന്‍.വി രമണക്ക് അടുത്ത ബന്ധമാണുള്ളതെന്നാണ് കത്തില്‍ ആരോപിക്കുന്നത്. ഇവര്‍ തമ്മില്‍ അനധികൃത സ്ഥലമിടപാടുകള്‍ നടന്നതായും ജഗന്‍ മോഹന്‍ പറയുന്നു. അമരാവതിയെ ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പ് ജസ്റ്റിസ് രമണയുടെ രണ്ട് പെണ്‍മക്കളും അമരാവതിയിലുള്ള ചിലരുമായി സ്ഥലമിടപാട് നടന്നിട്ടുണ്ടെന്നും ഇത് സംശയകരമാണെന്നും കത്തില്‍ പറയുന്നു.
ഹൈക്കോടതി ജഡ്ജിമാരുടെ റോസ്റ്ററിനെയടക്കം സ്വാധീനിച്ചുക്കൊണ്ട് ജസ്റ്റിസ് എന്‍. വി രമണ ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ പ്രവര്‍ത്തനങ്ങളെ സ്വാധീനിച്ചുവെന്നും എട്ട് പേജുള്ള കത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. തെലുങ്ക് ദേശം പാര്‍ട്ടിയുമായി ബന്ധപ്പെട്ട് വിഷയങ്ങളെല്ലാം ചില പ്രത്യേക ജഡ്ജുമാരുടെ മുന്‍പിലേ എത്താറുള്ളുവെന്നാണ് ജഗന്‍ മോഹന്‍ പറയുന്നത്. ഇത്തരം സംഭവങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങളും കത്തില്‍ ഉള്‍പ്പെടുന്നു.
വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തിലെത്തിയതിന് പിന്നാലെ 2014 ജൂണ്‍ 14 മുതല്‍ 2019 മെയ് 19 വരെ ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ നടത്തിയ എല്ലാ ഇടപാടുകളെയും കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട കോടതിവ്യവഹാരങ്ങളെ ജസ്റ്റിസ് രമണ സ്വാധീനിച്ചുവെന്നുമാണ് ആരോപണം. തെലുങ്ക് ദേശം പാര്‍ട്ടിയുടെ തല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് രമണ ശ്രമിക്കുന്നതെന്നും ജഗന്‍ മോഹന്‍ പറയുന്നു.
മുന്‍ അഡ്വക്കറ്റ് ജനറല്‍ ദമ്മലപാതി ശ്രീനിവാസനെതിരെയുള്ള സ്ഥലമിടപാട് കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്ത നടപടി ഇതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറയുന്നു. സംസ്ഥാനത്തെ ജുഡീഷ്യറിയുടെ നിഷ്പക്ഷത ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം ജഡ്ജിമാര്‍ സ്വന്തം കാര്യത്തിനായി സംസാരിക്കാറില്ലാത്തത് കൊണ്ട് അവര്‍ക്കെതിരെ എളുപ്പത്തില്‍ വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും ഉയരുകയാണെന്ന് കഴിഞ്ഞ മാസം നടന്ന ഒരു ചടങ്ങില്‍ വെച്ച് എന്‍.വി രമണ പറഞ്ഞിരുന്നു. ഇത്തരം വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റുപിടിക്കുകയും ജഡ്ജുമാര്‍ക്കെതിരെ വ്യാപക അപവാദ പ്രചാരണം നടത്തുകയാണെന്നും രമണ പറഞ്ഞിരുന്നു.
ഒക്ടോബര്‍ ആറിന് എഴുതിയ കത്ത് കഴിഞ്ഞ ദിവസമാണ് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ പുറത്തുവിട്ടത്. കത്തിനെക്കുറിച്ച് സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും ഇതുവരെയും പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Prashant Bhushan asks for quick credible probe into the allegations against SC Judge N V Ramana by Andhra CM Jagan Mohan Reddy