| Monday, 14th September 2020, 6:26 pm

മോദിയെ അപേക്ഷിച്ച് ഇന്ദിരാ ഗാന്ധി അത്ര ഫാസിസ്റ്റായിരുന്നില്ല; പ്രശാന്ത് ഭൂഷണും ശാന്തി ഭൂഷണും പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയേക്കാള്‍ ഫാസിസ്റ്റ് നരേന്ദ്ര മോദിയെന്ന് പ്രശസ്ത അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണും അദ്ദേഹത്തിന്റെ പിതാവും അഭിഭാഷകനുമായ ശാന്തി ഭൂഷണും.

ആരെയാണ് കൈകാര്യം ചെയ്യാന്‍ എളുപ്പം? ഇന്ദിരാഗാന്ധിയെയാണോ അതോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണോ എന്ന രാജ് ദീപ് സര്‍ദേശായിയുടെ ചോദ്യത്തോടായിരുന്നു പ്രശാന്ത് ഭൂഷന്റെയും പിതാവ് ശാന്തി ഭൂഷന്റെയും പ്രതികരണം.

കൂടുതല്‍ ബുദ്ധിമുട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെയാണ് എന്നാണ് പ്രശാന്ത് ഭൂഷണ്‍ മറുപടി പറയുന്നത്.

‘ഇതൊരു പരിപൂര്‍ണ ഫാസിസ്റ്റ് സര്‍ക്കാരാണ്. അടിയാന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നെങ്കില്‍ കൂടിയും ഇന്ദിരാഗാന്ധിയുടേത് ആ ആര്‍ത്ഥത്തില്‍ അത്രകണ്ട് ഫാസിസ്റ്റ് സര്‍ക്കാര്‍ ആയിരുന്നില്ല,’ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

മോദിയെക്കാള്‍ ഫാസിസ്റ്റായിരുന്നില്ല ഇന്ദിരാഗാന്ധിയെന്ന് അഭിഭാഷകനും പ്രശാന്ത് ഭൂഷന്റെ പിതാവുമായ ശാന്തി ഭൂഷണും പറഞ്ഞു.

‘ഒരിക്കലും ആയിരുന്നില്ല. കാരണം രണ്ട് ദിവസം ഞാന്‍ അവരെ വിശദമായി ക്രോസ് വിസ്താരം ചെയ്തപ്പോള്‍ തന്നെ എനിക്ക് മനസിലായത് അതാണ്. ആദ്യത്തെ ദിവസം വൈകുന്നേരം പിലൂ മോദിയടക്കം 12 പ്രതിപക്ഷ പാര്‍ട്ടികള്‍ അലഹാബാദിലേക്ക് വന്നു. അവരെ എന്റെ വീട്ടില്‍ അത്താഴത്തിന് വിളിച്ചു. അപ്പോള്‍ പിലൂ മോദി പറഞ്ഞു, നിങ്ങള്‍ അവരുടെ അടുത്ത് വളരെ മൃദു സമീപനമാണ് സ്വീകരിച്ചത്. നിങ്ങള്‍ക്കവരെ പ്രകോപിപ്പിക്കാമായിരുന്നു. പക്ഷെ ഞാന്‍ പറഞ്ഞു അവരെ പ്രകോപിപ്പിക്കലൊക്കെ വളരെ എളുപ്പത്തില്‍ നടക്കുന്ന ഒന്നായിരുന്നു. അത് പക്ഷെ കേസിനെ വിജയിപ്പിക്കാന്‍ സഹായിക്കില്ല.

അതെന്തുകൊണ്ടാണെന്ന് പിലൂ മോദി ചോദിച്ചു. ശാന്തി ഭൂഷണ്‍ മറുപടി പറയുന്നതിങ്ങനെ; നോക്കൂ, അവര്‍ പ്രധാനമന്ത്രിയാണ്. കേസ് നടക്കുന്നത് ഒരു ഹൈക്കോടതിയിലാണ്. അവിടെ ആ ജഡ്ജിന്റെ കോടതിയില്‍ അവര്‍ അധിക്ഷേപിക്കപ്പെടുമ്പോള്‍ അതിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിന്റെത് കൂടിയാണെന്ന് വരും. അതിന് പ്രായശ്ചിത്തം ചെയ്യാന്‍ ഒറ്റക്കാര്യത്തിലൂടെയേ സാധിക്കൂ. അത് കേസ് അവര്‍ക്കനുകൂലമായി വിധിക്കാന്‍ വഴിയൊരുക്കും,’ ശാന്തിഭൂഷണ്‍ പറഞ്ഞു.

എന്നാല്‍ പിലൂ മോദിക്ക് താന്‍ പറഞ്ഞത് ഒട്ടും ദഹിച്ചിരുന്നില്ലെന്നും ശാന്തി ഭൂഷണ്‍ പറഞ്ഞു.

‘കേസിന്റെ വിധി വന്ന ദിവസം ഞാന്‍ ബോംബെയില്‍ നിന്ന് ദല്‍ഹിക്ക് വന്ന ദിവസം, പ്രതിപക്ഷ പാര്‍ട്ടികളുടെ ഒരു യോഗം നടക്കുകയായിരുന്നു മൊറാര്‍ജിയുടെ നേതൃത്വത്തില്‍. ഞാന്‍ അന്ന് അവിടെയെത്തിയപ്പോള്‍ പിലൂ മോദി എന്നെ വിളിച്ചു. എന്നിട്ട് പറഞ്ഞു. നിങ്ങള്‍ പറഞ്ഞത് ശരിയായിരുന്നു. അന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞതും നിങ്ങള്‍ എന്നോട് പറഞ്ഞതും ഞാന്‍ ഓര്‍ക്കുന്നു, നിങ്ങള്‍ പറഞ്ഞത് ശരിയായിരുന്നു,’ അദ്ദേഹം പറഞ്ഞു.

അലഹാബാദ് ഹൈക്കോടതിയില്‍ ഇന്ദിരാഗാന്ധിക്കെതിരെ രാജ് നരൈന്‍ സമര്‍പ്പിച്ച ഹരജിയില്‍ അദ്ദേഹത്തിന് വേണ്ടി വാദിച്ചത് ശാന്തി ഭൂഷണായിരുന്നു. ഇന്ദിരാ ഗാന്ധി റായ്ബറേലിയില്‍ ജയിച്ചത് തെരഞ്ഞടുപ്പില്‍ കള്ളത്തരം കാണിച്ചിട്ടായിരുന്നു എന്നാണ് രാജ് നരൈന്‍ വാദിച്ചത്. കേസില്‍ ശാന്തി ഭൂഷണ്‍ ജയിക്കുകയും ചെയ്തിരുന്നു.

അഭിമുഖത്തില്‍ അണ്ണാഹസാരെയുടെ നേതൃത്വത്തില്‍ ഉയര്‍ന്ന് വന്ന അഴിമതി വിരുദ്ധ സമരം യു.പി.എ സര്‍ക്കാരിനെ അട്ടിമറിക്കാനായി ആര്‍.എസ്.എസ് ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നുവെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞിരുന്നു.

ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആര്‍.എസ്.എസ് പ്രചാരകനാണെന്നും തനിക്ക് അതില്‍ ഒരു സംശയവും ഇല്ലന്നും പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി.

കെജ്രിവാളിന്റെ ‘ഒന്നും ചെയ്യാന്‍ മടിയില്ലാത്ത പ്രകൃതം’ അന്ന് വേണ്ടത്ര മനസ്സിലായില്ലെന്നും അതില്‍ വലിയ പശ്ചാത്താപമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെജ്രിവാളിനെ മനസിലാക്കി വന്നപ്പോഴേക്കും വളരെയധികം വൈകിപ്പോയെന്നും അപ്പോഴേക്കും മറ്റൊരു ഫ്രാങ്കെന്‍സ്റ്റീന്‍ മോണ്‍സ്റ്റര്‍ (ഒരുരാക്ഷസ കഥാപാത്രം) ആയി ഉയര്‍ത്തെഴുന്നേറ്റു എന്നും പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി.

എന്നാല്‍ ഇപ്പോഴത്തെ ദല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാളിന് അത് അറിയാമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത് തെറ്റായി പോയിരുന്നെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞിരുന്നു. പാര്‍ട്ടിയുടെ മൊത്തം നയങ്ങളെയും അധിക്ഷേപിക്കുകയാണ് കെജ് രിവാള്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Prashant Bhushan and shanti bhushan explains why modi is more fascist

We use cookies to give you the best possible experience. Learn more