ന്യൂദല്‍ഹി: കര്‍ഷകരെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ദുഷ്യന്ത് ദാവെയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് അഭിഭാഷകരായ പ്രശാന്ത് ഭൂഷണും എച്ച് എസ് ഫൂല്‍കയും.
‘ ഗംഭീരം! എല്ലാ പ്രൊഫഷണല്‍ ഗ്രൂപ്പുകളും സംഘടനകളും ഇതുപോലെ കര്‍ഷകരെ പിന്തുണയ്ക്കാനായെത്തേണ്ടതുണ്ട്,’ പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.
കര്‍ഷകര്‍ക്കുള്ള പിന്തുണ വര്‍ധിച്ച് കൊണ്ടിരിക്കുകയാണെന്നും എല്ലാ പിന്തുണയും ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചുവെന്നുമായിരുന്നു മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകനായ എച്ച് എസ് ഫൂല്‍ക്ക ട്വീറ്റ് ചെയ്തത്.
‘കര്‍ഷക പ്രക്ഷോഭത്തിനുള്ള പിന്തുണ നാള്‍ക്കുനാള്‍ വര്‍ധിച്ച് വരികയാണ്. ദല്‍ഹി ബാര്‍ കൗണ്‍സിലിന് ശേഷം ഇപ്പോള്‍ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ദുഷ്യന്ത് ദാവെയും കര്‍ഷകര്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു. കര്‍ഷകര്‍ക്ക് സൗജന്യമായി എല്ലാ നിയമപിന്തുണയും നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്,’ എച്ച് .എസ് ഫൂല്‍ക്ക ട്വീറ്റ് ചെയ്തു.
കാര്‍ഷിക നിയമങ്ങളെ ബാര്‍ കൗണ്‍സില്‍ അപലപിക്കുന്നുവെന്നും നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയക്കുമെന്നും ഫൂല്‍ക്ക നേരത്തെ പറഞ്ഞിരുന്നു. ബാര്‍ കൗണ്‍സിലിലേയും സിവില്‍ കോടതിയുടെ അധികാര പരിധിയിലുമുള്ള അഭിഭാഷകര്‍ കര്‍ഷകര്‍ക്ക് നീതി ലഭിക്കുന്നത് വരെ കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കാര്‍ഷിക നിയമങ്ങള്‍ കാര്‍ഷിക വിരുദ്ധമാണെന്നും അത് അഭിഭാഷക വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ദാവെ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ഷകര്‍ക്ക് എല്ലാ നിയമ സേവനങ്ങളും സൗജന്യമായി നല്‍കുമെന്നും അദ്ദേഹം ഉറപ്പു നല്‍കിയിട്ടുണ്ട്.
കേന്ദ്രത്തിനെതിരെ കര്‍ഷകര്‍ സമരം ശക്തമാക്കിയിട്ടുണ്ട്. ഒന്‍പത് ദിവസമായി കര്‍ഷകര്‍ തെരുവില്‍ പ്രതിഷേധിച്ച് കൊണ്ടിരിക്കുകയാണ്. കേന്ദ്രവുമായി നിരവധി തവണ കര്‍ഷക പ്രതിനിധികള്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും എല്ലാം ഫലം കാണാതെ അവസാനിക്കുകയായിരുന്നു.
തുടര്‍ന്ന് കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഡിസംബര്‍ അഞ്ചിന് വീണ്ടും ചര്‍ച്ച നടക്കാനിരിക്കെയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ശനിയാഴ്ച ദേശ വ്യാപകമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിക്കുമെന്നും സംഘടനകള്‍ അറിയിച്ചു.
നിയമം പിന്‍വലിക്കാതെ പിറകോട്ടില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. എന്നാല്‍ മൂന്ന് കാര്‍ഷിക നിയമങ്ങളിലും ഭേദഗതി വരുത്താമെന്നാണ് സര്‍ക്കാര്‍ കര്‍ഷകരോട് പറയുന്നത്.
സര്‍ക്കാരിന് ഈഗോ ഇല്ലെന്നും അതുകൊണ്ട് ശനിയാഴ്ചയും ചര്‍ച്ച നടത്താമെന്നാണ് വ്യാഴാഴ്ചത്തെ ചര്‍ച്ച പരിഹാരമില്ലാതെ അവസാനിച്ചതിന് പിന്നാലെ സര്‍ക്കാര്‍ പറഞ്ഞത്.
ദിനംപ്രതി പ്രതിഷേധ സ്ഥലത്തേക്ക് കര്‍ഷകര്‍ കൂടുതല്‍ എത്തിക്കൊണ്ടിരിക്കുകയാണ്. സമരം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ എങ്ങനെയെങ്കിലും പ്രതിഷേധം ഒതുക്കിത്തീര്‍ക്കാനാണ് കേന്ദ്രവും ബി.ജെ.പിയും ശ്രമിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് കര്‍ഷകരുമായി തിരക്കിട്ട് ചര്‍ച്ചകള്‍ നടത്തുന്നത്.