പാര്‍ലമെന്റ് ആക്രമിക്കാന്‍ ട്രംപ് ഗുണ്ടകളോട് ആഹ്വാനം ചെയ്യുമ്പോള്‍ മോദിയുടെ ആ മുദ്രാവാക്യം നമ്മള്‍ മറക്കരുത്: പ്രശാന്ത് ഭൂഷണ്‍
national news
പാര്‍ലമെന്റ് ആക്രമിക്കാന്‍ ട്രംപ് ഗുണ്ടകളോട് ആഹ്വാനം ചെയ്യുമ്പോള്‍ മോദിയുടെ ആ മുദ്രാവാക്യം നമ്മള്‍ മറക്കരുത്: പ്രശാന്ത് ഭൂഷണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th January 2021, 11:45 am

ന്യൂദല്‍ഹി: വാഷിംഗ്ടണിലെ പാര്‍ലമെന്റ് മന്ദിരത്തില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധവുമായി ആക്ടിവിസ്റ്റും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍. മോദിയും ട്രംപും ഒരേ തൂവല്‍ പക്ഷികളാണെന്ന് ഓര്‍മ്മപ്പെടുത്തികൊണ്ടാണ് പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്.

‘മോദിയുടെ പ്രണ്ട് ഡൊണാള്‍ഡ് ട്രംപ് തന്റെ ഗുണ്ടകളോട് യു.എസ് പാര്‍ലമെന്റ് ആക്രമിക്കാനും ജനാധിപത്യത്തെ തീയിട്ടു തകര്‍ക്കാനും ആഹ്വാനം ചെയ്യുമ്പോള്‍ മോദിയുടെ ‘അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍’ എന്ന മുദ്രാവാക്യം നമ്മള്‍ മറക്കരുത്. ഒരേ തൂവല്‍ പക്ഷികളാണ് അവര്‍.’ പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.

2019 ഒക്ടോബറില്‍ നടന്ന ഹൗഡി മോദി പരിപാടിയില്‍ വെച്ചായിരുന്നു മോദി ‘അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍’ (ഇപ്രാവശ്യം ട്രംപ് സര്‍ക്കാര്‍) എന്ന മുദ്രാവാക്യം വിളിച്ചത്. ഇതിന്റെ വീഡിയോയും പ്രശാന്ത് ഭൂഷണ്‍ പങ്കുവെച്ചിട്ടുണ്ട്.

ക്യാപിറ്റോള്‍ മന്ദിരത്തിന് നേരെ നടക്കുന്ന അക്രമ സംഭവങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രശാന്ത് ഭൂഷന്റെ വിമര്‍ശനം.

അക്രമ സംഭവങ്ങളില്‍ ദുഃഖമുണ്ടെന്നായിരുന്നു മോദിയുടെ പ്രതികരണം.വാഷിംഗ്ടണ്‍ ഡിസിയില്‍ നടക്കുന്ന അക്രമസംഭവങ്ങളില്‍ ദുഃഖമുണ്ട്. അധികാര കൈമാറ്റം സമാധാന പരമായി നടക്കേണ്ടതുണ്ട്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വഴി ജനാധിപത്യ പ്രക്രിയകളെ അട്ടിമറിക്കാനാകില്ല,’ മോദി ട്വീറ്റ് ചെയ്തു.

ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസ് ഒഴിയാന്‍ പതിനാല് ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് ക്യാപിറ്റോള്‍ മന്ദിരത്തില്‍ അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി ഇത്രവലിയ ആക്രമണം നടക്കുന്നത്. ക്യാപിറ്റോള്‍ കെട്ടിടത്തില്‍ മുദ്രാവാക്യം വിളിച്ചെത്തിയ ട്രംപ് അനുകൂലികള്‍ സായുധ പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു സംഘര്‍ഷത്തിനിടെ നാല് പേര്‍ കൊല്ലപ്പെട്ടു.

വാഷിംഗ്ടണിലേക്ക് മാര്‍ച്ച് നടത്താനും തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാതിരിക്കാനും നേരത്തെ ട്രംപ് ആഹ്വാനം ചെയ്തിരുന്നു. അമേരിക്കന്‍ ചരിത്രത്തിലാദ്യമായാണ് വാഷിംഗ്ടണ്‍ ഡി.സിയില്‍ ഇത്ര ഗൗരവമായ സുരക്ഷാ ലംഘനങ്ങള്‍ നടക്കുന്നത്. ട്രംപിന്റെ പുതിയ ട്വീറ്റുകളും വീഡിയോയും അക്രമത്തിന് ആഹ്വാനം ചെയ്യുന്നതാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററും ഫേസ്ബുക്കും യൂട്യൂബും ഇവ നീക്കം ചെയ്തിരുന്നു. ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു.

ക്യാപിറ്റോള്‍ മന്ദിരത്തിന് നേരെ നടന്ന ആക്രമണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിര രൂക്ഷ വിമര്‍ശനവുമായി ലോക നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ലിബറല്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന അമേരിക്കയില്‍ ഇത്തരമൊരു അട്ടിമറി നീക്കങ്ങള്‍ നടക്കുന്നത് അപലപനീയമാണെന്ന് നേതാക്കള്‍ പറഞ്ഞു.

തികച്ചും അപമാനകരമായ കാര്യങ്ങളാണ് അമേരിക്കയില്‍ നടക്കുന്നതെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞത്.

അമേരിക്കന്‍ സ്ഥാപനത്തിന് നേരെയുള്ള ആക്രമണം ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണ്. അത് അപലപിക്കുന്നു. അമേരിക്കന്‍ ജനങ്ങളുടെ ആഗ്രഹവും വോട്ടും വിലക്കെടുക്കണമെന്നാണ് ഫ്രഞ്ച് വിദേശകാര്യ മന്ത്രി പറഞ്ഞത്.

ജനാധിപത്യപരമായി നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം അംഗീകരിക്കണമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോളന്‍ബെര്‍ഗ് അഭിപ്രായപ്പെട്ടു.

അമേരിക്കയില്‍ നടക്കുന്ന സ്ഥിതിഗതികള്‍ തികച്ചും ഭീതിതമാണെന്ന് സ്‌കോട്ടിഷ് പ്രധാനമന്ത്രി നിക്കോളാ സ്റ്റര്‍ജിയോണ്‍ വ്യക്തമാക്കി.
അമേരിക്കയിലെ ക്യാപിറ്റോള്‍ മന്ദിരത്തിലെ ആക്രമണവുമായി ബന്ധപ്പെട്ട റിപ്പേര്‍ട്ടുകള്‍ കണ്ടു. അമേരിക്കയുടെ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു. ഈ സംഘര്‍ഷം നിറഞ്ഞ സാഹചര്യം ജോ ബൈഡന്‍ അതിജീവിക്കും,” സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു.

പോളണ്ട് വിദേശകാര്യമന്ത്രി റാഡെക് സിക്രോസ്‌കി അമേരിക്കന്‍ ക്യാബിനറ്റ് ഭരണഘടനയുടെ 25ാം ഭേദഗതി പ്രകാരം ഡൊണാള്‍ഡ് ട്രംപിന്റെ അധികാരം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

‘ജനാധിപത്യം തന്നെ വിജയിക്കും വോട്ട് ചെയ്ത് സമാധാനപരമായി ഭരണകര്‍ത്താവിനെ തെരഞ്ഞെടുത്ത ജനങ്ങളുടെ ശബ്ദത്തിന് വില കൊടുക്കണം, അക്രമാസക്തരായ ആള്‍ക്കൂട്ടത്തിന്റെ ശബ്ദമല്ല കേള്‍ക്കേണ്ടത്,” ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Prashant Bhushan against US Capitol attacks and criticises Trump and Modi