| Monday, 10th July 2017, 1:48 pm

സെന്‍കുമാര്‍ ഉന്നയിക്കുന്നത് വിവരമില്ലാത്ത ആരോപണങ്ങള്‍; രൂക്ഷ വിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. കേരളത്തിലെ മുഴുവന്‍ മുസ്‌ലീം ജനതയേയും സംശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന വിവരമില്ലാത്ത ആരോപണങ്ങളാണ് സെന്‍കുമാര്‍ ഉന്നയിക്കുന്നതെന്ന് പ്രശാന്ത് ഭൂഷന്‍ പറഞ്ഞു.

രാജ്യത്തെ സ്‌നേഹിക്കുന്ന ദേശസ്‌നേഹമുള്ള ജനങ്ങളാണ് കേരളത്തിലെ മുസ്‌ലീം സമുദായം. മുസ്‌ലീം സമുദായത്തെ മുഴുവന്‍ തീവ്രവാദ റാഡിക്കല്‍ ചിന്താഗതിക്കാന്‍ എന്ന് വിളിച്ചതും ഇവിടെ ലൗജിഹാദ് ഉണ്ടെന്നും എല്ലാം പറഞ്ഞതുവെച്ചു നോക്കുമ്പോള്‍ സെന്‍കുമാറിന് സ്വബുദ്ധി നഷ്ടമായോ എന്ന് സംശയിക്കുന്നതായും പ്രശാന്ത് ഭൂഷണ്‍ നാരദാന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കി.


Dont Miss സെന്‍കുമാറിന്റെ മനസിലിരിപ്പ് അറിഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തിന് വേണ്ടി കോടതിയില്‍ ഹാജരാവില്ലായിരുന്നു; വിമര്‍ശനവുമായി ദുഷ്യന്ത് ദവെ


സെന്‍കുമാറിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് അഭിഭാഷകന്‍ ദുഷ്യന്ത് ദവൈയും രംഗത്തെത്തിയിരുന്നു. സെന്‍കുമാറിന്റെ മനസ്സിലിരിപ്പ് ഇതാണെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും അറിഞ്ഞിരുന്നെങ്കില്‍ ഡി.ജി.പി പദവിയുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയില്‍ അദ്ദേഹത്തിന് വേണ്ടി ഹാജരാവില്ലായിരുന്നു എന്നും ദുഷ്യന്ത് ദവെ പറഞ്ഞിരുന്നു.

സെന്‍കുമാറിന്റെ സംഘപരിവാര്‍ അനുകൂലപരാമര്‍ശങ്ങളില്‍ കടുത്ത നിരാശയും വേദനയുമുണ്ടെന്നും ദുഷ്യന്ത് ദവെ പറഞ്ഞു. കഴിഞ്ഞ ദിവസം ടി.പി സെന്‍കുമാര്‍ നടത്തിയ വിവാദ പ്രസ്താവനയ്ക്ക് ശേഷമാണ് ദുഷ്യന്ത് ദവൈ സെന്‍കുമാറിന്റെ നിലപാടില്‍ അതൃപ്തി അറിയിച്ച് രംഗത്തെത്തിയത്.

ഇസ്ലാമിക് സ്റ്റേറ്റും ആര്‍.എസ്.എസും തമ്മില്‍ ഒരു താരതമ്യവും ഇല്ല എന്നായിരുന്നു വിരമിച്ച് ശേഷം ടി.പി സെന്‍കുമാര്‍ സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

മതതീവ്രവാദമെന്നു പറയുമ്പോള്‍ ആര്‍എസ്എസ് ഇല്ലേ എന്നു ചോദിക്കുന്നതില്‍ കാര്യമില്ല. ഐ.എസും ആര്‍.എസ്.എസും തമ്മില്‍ ഒരു താരതമ്യവുമില്ല. ഒരു മുസ്‌ലിമിന് സ്വര്‍ഗ്ഗത്തില്‍ പോകണമെങ്കില്‍ ജിഹാദ് നടത്തിയേ പറ്റൂ എന്ന് പഠിപ്പിക്കുകയും ആ ജിഹാദ് എന്നത് മറ്റുള്ള മതക്കാരെ മുസ്ലിമാക്കുകയും അമുസ്‌ലീങ്ങളെ കൊന്നുകളയുകയുമാണ് എന്നും പറയുന്നിടത്താണ് പ്രശ്നം വരുന്നതെന്നുമാണ് സെന്‍കുമാര്‍ പറഞ്ഞത്.

ലൗ ജിഹാദ് ഇല്ലാത്ത കാര്യമല്ല. സ്നേഹത്തിന്റെ പേരില്‍ മാത്രമുള്ള മതംമാറ്റങ്ങളാണെങ്കില്‍ അത് എല്ലാ വിഭാഗങ്ങളിലും ഒരുപോലെയുണ്ടാകും. പക്ഷേ, എന്തുകൊണ്ട് ഇത് ഏകപക്ഷീയമാകുന്നു. അതുകൊണ്ട് ഇതല്ല ഇസ്ലാമെന്നും സമാധാനത്തിന്റെ മതമാണ് എങ്കില്‍ ഇങ്ങനെയല്ല പോകേണ്ടതെന്നു താഴേത്തലങ്ങള്‍ മുതല്‍ പറഞ്ഞു പഠിപ്പിക്കണം. സര്‍ക്കാരിന് വഴികാട്ടാന്‍ മാത്രമേ ഇതില്‍ സാധിക്കൂ എന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more