ന്യൂദല്‍ഹി: സുപ്രീം കോടതിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍. നാല്‍പത് വര്‍ഷമായി ഞാന്‍ സുപ്രീം കോടതിയെ നീരീക്ഷിക്കുന്നുണ്ട്.
വിരമിച്ച ജഡ്ജിമാര്‍, അഭിഭാഷകര്‍, പൗരന്മാര്‍ തുടങ്ങി എല്ലാവരും ഒരു പോലെ ഇത്തരത്തില്‍ സുപ്രീം കോടതിയെ വിമര്‍ശിക്കുന്നത് കണ്ടിട്ടില്ല. അടിയന്തരാവസ്ഥയില്‍ പോലും സുപ്രീംകോടതിയുടെ യശസ്സ് ഇത്രയും താഴ്ന്നിട്ടില്ല.
ജഡ്ജിമാരാണ് കാര്യങ്ങള്‍ ഇവിടെ കൊണ്ടു ചെന്നെത്തിച്ചതെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
ദ ഹിന്ദു പത്രത്തില്‍ അര്‍ണബ് ഗോസ്വാമിയുടെ കേസ് സുപ്രീം കോടതി ദ്രുതഗതിയില്‍ പരിഗണിച്ചതുമായി ബന്ധപ്പെട്ട് വന്ന ലേഖനം പങ്കുവെച്ചുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷന്റെ പ്രതികരണം.
മുമ്പില്ലാത്ത വിധത്തിലുള്ള വേഗത്തില്‍ റിപ്പബ്ലിക്ക് ടി.വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ കേസില്‍ കോടതി വാദം കേട്ടത് അര്‍ണബിനെ സന്തോഷിപ്പിക്കാനാണോ എന്ന ചോദ്യം ലേഖനത്തില്‍ ഉന്നയിക്കുന്നുണ്ട്.
കേസില്‍ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം നല്‍കിയപ്പോള്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഉയര്‍ത്തിക്കാട്ടിയ വാദങ്ങളില്‍ നിന്നാണ് ലേഖനം തുടങ്ങുന്നത്.
അര്‍ണബ് ഗോസ്വാമിക്ക് സുപ്രീം കോടതി പ്രത്യേക പരിഗണന നല്‍കിയെന്ന് ചൂണ്ടിക്കാണിച്ച് നേരത്തെയും പ്രശാന്ത് ഭൂഷണ്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഏഴ് ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് അര്‍ണബ് ഗോസ്വാമിക്ക് സുപ്രീം കോടതി ജാമ്യം അനുവദിക്കുന്നത്.
അര്‍ണബ് ഗോസ്വാമിക്ക ജാമ്യം നിഷധിച്ചതില്‍ ഹൈക്കോടതിക്കെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. സര്‍ക്കാര്‍ വ്യക്തികളെ വേട്ടയാടുകയാണെങ്കില്‍ കോടതി വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഉണ്ടാകുമെന്നാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പറഞ്ഞത്.
2018ല്‍ രജിസ്റ്റര്‍ ചെയ്ത ആത്മഹത്യ പ്രേരണ കേസുമായി ബന്ധപ്പെട്ടാണ് മുംബൈ പൊലീസ് അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത്. ആത്മഹത്യ ചെയ്ത് ഇന്റീരിയര്‍ ഡിസൈനറിന്റെ മകള്‍ അദന്യ നായിക് നല്‍കിയ പരാതിയിലാണ് ഈ കേസില്‍ വീണ്ടും അന്വേഷണം ആരംഭിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുകഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Prashant Bhushan Against Supreme Court