അര്‍ണബിന്റെ കേസ് കേള്‍ക്കാന്‍ ചുറുചുറുക്ക് കാണിച്ച സുപ്രീം കോടതിക്ക് മുന്നില്‍ ഇതാ ഒരു ലിസ്റ്റ്; അറസ്റ്റില്‍ കഴിയുന്ന സാമൂഹ്യപ്രവര്‍ത്തകരെ ചൂണ്ടിക്കാട്ടി പ്രശാന്ത് ഭൂഷണ്‍
ന്യൂദല്‍ഹി: ആത്മഹത്യ കേസില്‍ അറസ്റ്റിലായ റിപ്പബ്ലിക് ടി.വി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ അടിയന്തര പ്രാധാന്യം കല്‍പ്പിച്ച് പരിഗണിച്ച സുപ്രീം കോടതി നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സാമൂഹ്യപ്രവര്‍ത്തകനും മുതിര്‍ന്ന അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍ വീണ്ടും.
വിചാരണ പോലും നടക്കാതെ ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന സാമൂഹ്യപ്രവര്‍ത്തകരുടെയും ഗവേഷകരെയും കുറിച്ച് ദി വയര്‍ പ്രസിദ്ധീകരിച്ച ലേഖനം പങ്കുവെച്ചുകൊണ്ടാണ് പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയുടെ തീരുമാനത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്. ഹാത്രാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍, ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ ആനന്ദ് തെല്‍തുംദെ, വരവരറാവു, ഗൗതം നവ്‌ലാഖ് തുടങ്ങിയവര്‍, പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിഅ വിദ്യാര്‍ത്ഥി നേതാക്കളും മുന്‍ വിദ്യാര്‍ത്ഥികളും തുടങ്ങി സമീപ കാലത്തായി അറസ്റ്റിലായവരുടെ വിവരങ്ങളാണ് ഈ ലേഖനത്തില്‍ പ്രതിപാദിക്കുന്നത്.
‘അര്‍ണബിന്റെ കേസിന്റെ വാദം കേട്ട് ജാമ്യം അനുവദിക്കാന്‍ സുപ്രീം കോടതി വലിയ ചുറുചുറുക്ക് കാണിച്ച സ്ഥിതിക്ക്, വ്യക്തി സ്വാതന്ത്ര്യത്തിനായി ജുഡീഷ്യറിയുടെ ദയയും കാത്തുകഴിയുന്ന ആക്ടിവിസ്റ്റുകളുടെയും ഗവേഷകരുടെയുംം ലിസ്റ്റ് ഇതാ. സാധാരണരീതിയില്‍ വാദം കേള്‍ക്കാന്‍ അവസരം ലഭിക്കുന്നതിനും അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാനും ഇവരെല്ലാം ഏറെ ബുദ്ധിമുട്ടിയുണ്ട്.’ പ്രശാന്ത് ഭൂഷന്റെ ട്വീറ്റില്‍ പറയുന്നു.
2018ല്‍ ഇന്റീരിയര്‍ ഡിസൈനറായ അന്‍വയ് നായികും അമ്മയും ആത്മഹത്യ ചെയ്ത കേസിലായിരുന്നു അര്‍ണബ് ഗോസ്വാമിയെ നവംബര്‍ നാലിന് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്. ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് അര്‍ണബിനെയും ഒപ്പം അറസ്റ്റിലായ രണ്ടു പേരെയും നവംബര്‍ 18 വരെ റിമാന്‍ഡ് ചെയ്തു.
തുടര്‍ന്ന് അര്‍ണബ് ഇടക്കാല ജാമ്യപേക്ഷ നല്‍കിയെങ്കിലും ബോംബെ ഹൈക്കോടതി നിഷേധിക്കുകയായിരുന്നു. പിന്നീട് സുപ്രീം കോടതിയെ സമീപിച്ച അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ സാധാരണ കീഴ് വഴക്കങ്ങള്‍ മറികടന്നുകൊണ്ട് സുപ്രീം കോടതി പരിഗണിക്കുകയായിരുന്നു. എഫ്.ഐ.ആറില്‍ തീര്‍പ്പു കല്‍പ്പിക്കാതിരിക്കെ ജാമ്യം അനുവദിച്ചില്ലെങ്കില്‍ അത് നീതി നിഷേധമാവുമെന്ന് നിരീക്ഷീച്ചുകൊണ്ട് സുപ്രീം കോടതി അര്‍ണബിന് ജാമ്യം അനുവദിച്ചു.
സമാന കേസുകളില്‍ നിരവധി പേര്‍ ഹരജി ഫയല്‍ ചെയ്ത് ഊഴം കാത്തിരിക്കുന്നതിനിടെ അര്‍ണബിന്റെ ഹരജി അടിയന്തിരമായി പരിഗണിക്കുന്നതില്‍ വിമര്‍ശനം ഉന്നയിച്ച് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ദുഷ്യന്ത് ദവെയടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
കൊവിഡ് വ്യാപകമായ ഈ സാഹചര്യത്തിലും ആയിരക്കണക്കിന് പൗരന്മാര്‍ ജയിലുകളില്‍ കഴിയുകയാണ്. തങ്ങളുടെ ഹരജികളുമായി മാസങ്ങളോളമായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട്. ഇതിനിടെയാണ് ഒരു വ്യക്തിയുടെ അപേക്ഷ ഒരു ദിവസം കൊണ്ട് തന്നെ പരിഗണിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടിയിരുന്നു.
സിദ്ദിഖ് കാപ്പനും ഉമര്‍ ഖാലിദിനും സഞ്ജീവ് ഭട്ടിനും കശ്മീരിലെ മാധ്യമപ്രവര്‍ത്തകര്‍ക്കുമൊന്നും ലഭിക്കാത്ത ഈ ‘അതിവേഗ നീതി ‘യുടെ പേരാണ് ഹിന്ദുത്വ പ്രിവിലെജ് എന്നായിരുന്നു സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാനയുടെ പ്രതികരണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക