| Thursday, 31st December 2020, 9:25 am

'ബുദ്ധിയില്ലാത്ത മനസും ക്യാമറക്ക് നേരെ മാത്രം തിരിച്ചുവെച്ച മുഖവും': ടാഗോര്‍ വേഷത്തിലെത്തിയ മോദിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാള്‍ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവും ട്രോളുകളും. രവീന്ദ്രനാഥ ടാഗോറിന്റെ വേഷത്തോട് സാമ്യമുള്ള വേഷത്തിലെത്തിയ മോദിയുടെ ചിത്രങ്ങളടക്കമാണ് വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നത്. FakeTagore (വ്യാജ ടാഗോര്‍) എന്ന ഹാഷ്ടാഗിലാണ് ഈ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്യപ്പെടുന്നത്.

മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്ററുമായ പ്രശാന്ത് ഭൂഷണും സമാനമായ പരിഹാസവുമായി മോദിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ‘നരേന്ദ്ര നാഥ് ടാഗോര്‍’ എന്ന ക്യാപ്ഷനോടെ മോദിയുടെ ചിത്രം അദ്ദേഹം ട്വീറ്റ് ചെയ്തു. ഇതിനൊപ്പം സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചരിച്ച മോദിയെ കുറിച്ചുള്ള ട്രോള്‍ കവിതയും അദ്ദേഹം ഒപ്പം പങ്കുവെച്ചിട്ടുണ്ട്.

രവീന്ദ്ര നാഥ് ടാഗോറിന്റെ Where the Mind is without fear എന്ന കവിതയിലെ വരികളുടെ പാരഡിയാണ് ഈ കവിതയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

‘ബുദ്ധിയില്ലാത്ത മനസ്സ്, എന്നന്നേക്കുമായി ക്യാമറക്ക് നേരെ തിരിച്ചുവെച്ച മുഖം
അറിവ് കച്ചവടവത്കരിക്കപ്പെട്ട, ഇവിടെ ഉയര്‍ന്നുവന്ന മതിലുകള്‍ ലോകത്തെ തന്നെ വിണ്ടുകീറിയ,
ഐ.ടി സെല്ലിന്റെ ആഴങ്ങളില്‍ നിന്നും വാക്കുകള്‍ പുറത്തുവരുന്ന,
ഒരിക്കലും തളരാത്ത ആ പി.ആര്‍ എന്തും അര്‍ത്ഥശൂന്യമാക്കി കുഴച്ചുമറിച്ചവതരിപ്പിക്കുന്ന,
യുക്തിസഹമായ ചിന്തകള്‍ അടിമത്തതിനും ‘ഹിറ്റ്‌ലര്‍ നീണാള്‍ വാഴട്ടെ’ വാഴ്ത്തലുകള്‍ക്കും വഴി മാറിപ്പോയ ഇവിടെ, നിങ്ങള്‍ ഈ രാജ്യത്തെ മുക്കിക്കൊന്നു’

അതേസമയം രവീന്ദ്ര നാഥ് ടാഗോറിനെ മുന്‍നിര്‍ത്തികൊണ്ടുള്ള ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് മറുപടിയുമായി മമത ബാനര്‍ജിയും രംഗത്തെത്തിയിരുന്നു. രവീന്ദ്രനാഥ് ടാഗോറിന്റെ ചിത്രമുയര്‍ത്തിക്കൊണ്ടാണ് മമത ബാനര്‍ജി റോഡ് ഷോയില്‍ പങ്കെടുത്തത്. ബോല്‍പൂരിലെ മമതയുടെ റോഡ് ഷോ വലിയ ചര്‍ച്ചയായിരുന്നു.

ബോല്‍പൂരില്‍ കഴിഞ്ഞ ദിവസം നടന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ റോഡ് ഷോയിലാണ് ടാഗോറിന്റെ ചിത്രവുമായി മമത നടന്നത്. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയിലാണ് പ്രചരിച്ചത്.

ബോല്‍പൂരില്‍ അമിത് ഷാ നടത്തിയ റാലിക്ക് തൊട്ടുപിന്നാലെയുള്ള മമതയുടെ റാലി ബി.ജെ.പിക്കെതിരെയുള്ള മമതയുടെ കരുനീക്കമായാണ് വിലയിരുത്തുന്നത്. പാര്‍ട്ടിക്ക് അനുകൂലമായ ഒരു ജനവികാരം ഉണ്ടാക്കുക എന്ന ലക്ഷ്യവും തൃണമൂലിനുണ്ട്.

”ടാഗോര്‍ ഇല്ലാതെ നമുക്ക് ബംഗാളിനെ സങ്കല്‍പ്പിക്കാന്‍ കഴിയില്ല. ദേശീയഗാനം മാറ്റാനാണ് ബി.ജെ.പി ഒരുങ്ങുന്നത്. അതൊന്ന് തൊട്ടുനോക്കാന്‍ ഞാന്‍ അവരെ വെല്ലുവിളിക്കുന്നു,” മമത പറഞ്ഞു.

ബംഗാളിന്റെ സംസ്‌കാരം നശിപ്പിക്കാന്‍ ബി.ജെ.പി ഗൂഢാലോചന നടത്തുന്നുണ്ടെന്നും ബംഗാളിനെ രാഷ്ട്രീയമായി പിടിച്ചെടുക്കാന്‍ വന്ന പുറത്തുനിന്നുള്ളവരെപ്പോലെയല്ല തങ്ങളെന്നും അനുദിനം ടാഗോറിനെ ഓര്‍ക്കുന്നവരാണെന്നും മമത പറഞ്ഞു. ബി.ജെ.പി വിദ്വേഷം ഇറക്കുമതി ചെയ്ത് ബംഗാളിന്റെ നട്ടെല്ല് തകര്‍ക്കാന്‍ പദ്ധതിയിടുകയാണെന്ന് മമത ബാനര്‍ജി റോഡ്ഷോയില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Prashant Bhushan against PM Narendra Modi, Fake Tagore trolls

We use cookies to give you the best possible experience. Learn more