സര്‍ക്കാരിന്റെ 'തത്തയായ' സി.എ.ജിക്ക് വരെ അവസാനം അത് പറയേണ്ടി വന്നു;സംസ്ഥാനങ്ങളെ കൊള്ളയടിക്കുന്ന മോദി സര്‍ക്കാര്‍: ജി.എസ്.ടി ക്രമക്കേടില്‍ പ്രശാന്ത് ഭൂഷണ്‍
ന്യൂദല്‍ഹി: സി.എ.ജി റിപ്പോര്‍ട്ടില്‍ കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളിലെയും ജി.എസ്.ടിയിലെയും ക്രമക്കേടുകള്‍ പുറത്തുവന്നതിന് പിന്നാലെ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍. ജി.എസ്.ടി വഴി സംസ്ഥാനങ്ങളെ കൊള്ളയടിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാരെന്നും സര്‍ക്കാരിന്റെ സ്വന്തം തത്തമ്മയായ സി.എ.ജിക്ക് വരെ അവസാനം അത് തുറന്നുപറയേണ്ടി വന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
‘ജി.എസ്.ടിയില്‍ നിന്നും അവകാശപ്പെട്ട തുക സംസ്ഥാനങ്ങള്‍ക്ക് നല്‍കാതെ മോദി സര്‍ക്കാര്‍ അവരെ കൊള്ളയടിച്ചതിനെക്കുറിച്ച് സര്‍ക്കാരിന്റെ കൂട്ടിലിട്ട തത്തയായ സി.എ.ജിക്ക് വരെ അവസാനം ചൂണ്ടിക്കാണിക്കേണ്ടി വന്നു. ഇത് ഗുഡ് ആന്റ് സിംപിള്‍ ടാക്‌സല്ല. ഇത് ലൂട്ട് സ്റ്റേറ്റ്‌സ് ടാക്‌സ്(എല്‍.എസ്.ടി) (സംസ്ഥാനങ്ങളെ കൊള്ളയടിക്കുന്ന നികുതി) ആണ്.
Even govt’s own parrot, CAG was forced to point out how the Modi govt looted the States in not giving States their share of GST collection. It is not a Good & Simple tax. It is a Loot States Tax (LST)!https://t.co/oehr2L8RCG
ജി.എസ്.ടി നഷ്ടപരിഹാര സെസ് ആയി പിരിച്ച 47,772 കോടി രൂപ പൊതുഖജനാവിലേക്ക് മാറ്റി മറ്റാവശ്യങ്ങള്‍ക്ക് ചെലവഴിച്ചതായി കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ഈ തുക വഴിമാറ്റം വഴിയാണ് റവന്യൂ വരുമാനം കൂട്ടിയതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ഒരു വര്‍ഷത്തെ ജി.എസ്.ടി സെസ് ആ വര്‍ഷം തന്നെ ഇതിനായുള്ള പ്രത്യേക ഫണ്ടിലേക്ക് മാറ്റണമെന്നാണ് നിയമം. ഇത് സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തിനായി മാത്രമേ ഉപയോഗിക്കാവൂ, എന്നാല്‍ 2017-2018, 2018-2019 വര്‍ഷങ്ങളിലാണ് ജി.എസ്.ടി നഷ്ടപരിഹാര ഫണ്ടിലേക്ക് തുക നല്‍കാതിരുന്നത്. ഇത് ഗുരുതരമായ നിയമലംഘനമാണെന്ന് സി.എ.ജി കുറ്റപ്പെടുത്തിയിരുന്നു.
2018-19ല്‍ 90,000 കോടി രൂപ നഷ്ടപരിഹാരനിധിയിലേക്കായി ബജറ്റില്‍ നിന്നും നീക്കിവെച്ചിരുന്നെങ്കിലും 54,275 കോടി രൂപ മാത്രമാണ് മാറ്റിയത്. ജി.എസ്.ടി നഷ്ടപരിഹാരത്തെച്ചൊല്ലി കേന്ദ്രവും വിവിധ സംസ്ഥാന സര്‍ക്കാരുകളും തമ്മില്‍ വലിയ തര്‍ക്കം ഉരുത്തിരിഞ്ഞ സാഹചര്യത്തില്‍ തന്നെയാണ സി.എ.ജി റിപ്പോര്‍ട്ടും പുറത്തുവന്നത്. ഇതോടുകൂടി കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷമടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
സ്വച്ഛ് വിദ്യാലയ അഭിയാന്‍ പദ്ധതിയിലെ ക്രമക്കേടുകളും സി.എ.ജി റിപ്പോര്‍ട്ടില്‍ പുറത്തുവന്നിരുന്നു. വിദ്യാഭ്യാസ അവകാശ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ 1.4 ലക്ഷം ടോയ്‌ലറ്റുകള്‍ നിര്‍മ്മിച്ചതായി പൊതുമേഖലാ യൂണിറ്റുകള്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ സി.എ.ജി നടത്തിയ സര്‍വേയില്‍ 40% ടോയ്‌ലറ്റുകളും നിലവിലില്ലാത്തതോ ഭാഗികമായി നിര്‍മ്മിച്ചതോ ഉപയോഗ ശൂന്യമായതോ ആണെന്നായിരുന്നു കണ്ടെത്തിയത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക