| Sunday, 30th August 2020, 4:47 pm

അംബാനിയുടേയും അദാനിയുടേയും ബാഗ് നിറയുന്നു, കോടിക്കണക്കിന് കൊള്ളയടിച്ചവരെ രാജ്യം വിടാനനുവദിക്കുന്നു, ഇതാണ് ഇന്നത്തെ യാഥാര്‍ത്ഥ്യം: പ്രശാന്ത് ഭൂഷണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ലോക് ഡൗണ്‍ ദുരതത്തില്‍പ്പെട്ട സാധാരണക്കാര്‍ക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കാത്ത അവസ്ഥ രാജ്യത്തുണ്ടായിട്ടും കേന്ദ്രസര്‍ക്കാരിന് അക്കാര്യത്തെക്കുറിച്ച് യാതൊരു ആശങ്കയും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇതാണ് ഇന്നത്തെ യാഥാര്‍ത്ഥ്യം. ഒരു വശത്ത്, അംബാനിയുടേയും അദാനിയുടെയും ബാഗ് നിറയുന്നു, ദശലക്ഷക്കണക്കിന് കോടി കൊള്ളയടിച്ച നീരവ് മോദി വിജയ് മല്യ, ‘മെഹുല്‍ ഭായ്’ എന്നിവരെ രാജ്യം വിട്ട് പോകാന്‍ അനുവദിക്കുകയും ചെയ്യുന്നു; മറുവശത്ത്, ലോക്ക് ഡൗണ്‍ കാരണം ജോലി നഷ്ടപ്പെട്ട ദരിദ്രരെക്കുറിച്ച് ആശങ്കയില്ല, ഭക്ഷണം കഴിക്കാന്‍ പണമില്ല, കുട്ടികളെ പഠിപ്പിക്കാന്‍ പണമില്ല പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

അതേസമയം ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ സുപ്രീംകോടതി തന്നെ വിമര്‍ശിച്ചിരുന്നു. കര്‍ശനമായ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ പ്രശ്‌നമുണ്ടായതെന്ന് സുപ്രീം കോടതി ബുധനാഴ്ച വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക് ഡൗണ്‍ റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനത്തേയും സാരമായി ബാധിച്ചിരുന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

കൊവിഡ് മൂലമുണ്ടായ പ്രതിസന്ധിയെ തുടര്‍ന്ന് റിസര്‍വ് ബാങ്കിന്റെ 2019-20 കണക്കെടുപ്പുവര്‍ഷത്തെ വരുമാനത്തിലും നീക്കിയിരിപ്പിലും വന്‍ഇടിവാണ് ഉണ്ടായത്. മൊത്തം വരുമാനം 22 ശതമാനം കുറഞ്ഞ് 1,49,672 കോടി രൂപയിലേക്ക് എത്തിയിരുന്നു.

2018-19ല്‍ ഇത് 1,93,036 കോടി രൂപയായിരുന്നു. അടിയന്തര ഫണ്ടിലേക്ക് കൂടുതല്‍ തുക നീക്കിവെക്കേണ്ടി വന്നതോടെ ആര്‍.ബി.ഐ.യില്‍നിന്ന് ലാഭവീതമായി കേന്ദ്രസര്‍ക്കാരിനുള്ള തുകയിലും വലിയ കുറവുണ്ടായിട്ടുണ്ട്. വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 2019-20 വര്‍ഷം കേന്ദ്രസര്‍ക്കാരിന് ലഭിക്കുക 57,128 കോടി രൂപ മാത്രമായിരിക്കും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

PRASHANT BUSHAN AGAINST CENTRAL GOVERNMENT

We use cookies to give you the best possible experience. Learn more