ന്യൂദല്‍ഹി: സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ട് കേരള സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് ആക്ട് ഭേദഗതിക്കെതിരെ മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. കേരള സര്‍ക്കാര്‍ പൊലീസ് നിയമങ്ങളില്‍ ഭേദഗതി വരുത്തിയ നടപടി നിര്‍ദ്ദയവും വിമതശബ്ദങ്ങളെ നിഅടിച്ചമര്‍ത്തുന്നതാണെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘കുറ്റകരമായി കരുതപ്പെടുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് ജയില്‍ ശിക്ഷ നല്‍കുന്ന ഓര്‍ഡിനന്‍സിലൂടെ കേരള പൊലീസ് ആക്ടില്‍ സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. ഇത് ക്രൂരവും വിമത ശബ്ദങ്ങളെ നിശബ്ദമാക്കുകയും ചെയ്യുന്ന നിയമമാണ്. ഐടി ആക്ടില്‍ നിന്ന് ഒഴിവാക്കിയ സെക്ഷന്‍ 66 (എ)യ്ക്ക് സമാനമാണിത്,’ പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതിയ്ക്ക് അനുമതി നല്‍കിയത്. പൊലീസ് നിയമത്തില്‍ 118 എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ത്താണ് ഭേദഗതി ചെയ്തിരിക്കുന്നത്.
Kerala has amended the Kerala PoliceAct by ordinance that provides jail term for any social media or cyber post that is deemed “offensive” or threatening.This is draconian& bound to be abused to silence dissent.Similar Sec 66A of the IT Act was struck downhttps://t.co/Z6V6EcfFk7
ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ലക്ഷ്യമിട്ട് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് 3 വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് വകുപ്പിലുള്ളത്.
2000ത്തിലെ ഐടി ആക്ടിലെ 66എ വകുപ്പും 2011 ലെ കേരള പൊലീസ് ആക്ടിലെ 118(ഡി) വകുപ്പും അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്ന് കാണിച്ച് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിന് പകരം സുപ്രീം കോടതി മറ്റു നിയമങ്ങളൊന്നും കൊണ്ട് വന്നിരുന്നില്ല. ഇതിനെ നേരിടാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കിയെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഭേദഗതി.
ഭേദഗതിക്കെതിരെ നിരവധി കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. രണ്ട് ആളുകള്‍ ചായക്കടയിലിരുന്ന് പരദൂഷണം പറഞ്ഞാല്‍ ജാമ്യമില്ലാതെ പിടിച്ച് അകത്തിടാനുള്ള കരിനിയമമാണ് മന്ത്രിസഭ അംഗീകരിച്ചതെന്നായിരുന്നു അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ പറഞ്ഞത്.
അടുത്ത ആറുമാസം ഇതിന്റെ ഉപയോഗമാവും കേരളം കാണാന്‍ പോകുന്ന ഏറ്റവും വലിയ ജനാധിപത്യ ധ്വംസനം. ഇതല്ല സൈബര്‍ ലിഞ്ചിങ്ങിനുള്ള മരുന്ന്. ആ കാരണത്തില്‍ ഇത് നടപ്പാക്കേണ്ടെന്നും ഹരീഷ് വാസുദേവന്‍ പറഞ്ഞു.
എല്‍.ഡി.എഫിന്റേയും സി.പി.ഐ.എമ്മിന്റേയും നയം ചവറ്റുകൊട്ടയിലിട്ട് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശം പിണറായി വിജയന്‍ ഒപ്പിടുന്ന കാഴ്ചയാണിതെന്നും ഹരീഷ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക