ആക്ടിവിസ്റ്റുകള്‍, വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍, അഭിഭാഷകര്‍...നാളെ അവര്‍ നിങ്ങളെയും തേടിയെത്തും; ദല്‍ഹി പൊലീസിനെതിരെ പ്രശാന്ത് ഭൂഷണ്‍
national news
ആക്ടിവിസ്റ്റുകള്‍, വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍, അഭിഭാഷകര്‍...നാളെ അവര്‍ നിങ്ങളെയും തേടിയെത്തും; ദല്‍ഹി പൊലീസിനെതിരെ പ്രശാന്ത് ഭൂഷണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th December 2020, 4:16 pm

ന്യൂദല്‍ഹി: ദല്‍ഹി പൊലീസിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. ദല്‍ഹി വംശഹത്യയുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്ന സുപ്രീം കോടതി അഭിഭാഷകന്‍ മെഹ്മൂദ് പ്രാച്ചയുടെ ഓഫീസ് ദല്‍ഹി പൊലീസ് റെയ്ഡ് നടത്തുന്നതിന്റെ ഭാഗമായാണ് പ്രശാന്ത് ഭൂഷന്റെ പ്രതികരണം.

‘ആദ്യം അവര്‍ ആക്ടിവിസ്റ്റുകളെ തേടിവന്നു; പിന്നെയവര്‍ വിദ്യാര്‍ത്ഥികളെ തേടിവന്നു; ശേഷം കര്‍ഷകരെ തേടി വന്നു; ഇപ്പോഴവര്‍ അഭിഭാഷകരെ തേടി വന്നിരിക്കുകയാണ്. നാളെ നിങ്ങളെ തേടിയും വരും,’ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

ഇത്തരം പ്രവര്‍ത്തികള്‍ നടത്തുന്നതിനെ ഒരു ജനാധിപത്യമെന്ന് വിളിക്കാനാവുമോ? എന്നും അദ്ദേഹം ചോദിക്കുന്നു. ഈ ചെയ്തിക്കെതിരെ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മെഹ്മൂദ് പ്രാച്ചയുടെ ഓഫീസില്‍ റെയ്ഡ് നടക്കുന്നതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകനായ ആദിത്യ മേനോന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷന്റെ പ്രതികരണം.

പൗരത്വ ഭേദഗതി പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ പശ്ചാത്തലത്തില്‍ ദല്‍ഹി കലാപവുമായി ബന്ധപ്പെടുത്തി ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത ഗുര്‍ഫിഷ ഫാത്തിമയുടെ അഭിഭാഷകനാണ് മഹ്മൂദ് പ്രാച്ച.

ദല്‍ഹി വംശഹത്യയുമായി ബന്ധപ്പെട്ട കേസില്‍ സി.പി.ഐ.എം നേതാവ് സീതാറാം യെച്ചൂരി, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ധ ജഗതി ഘോഷ്, ദല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ അപൂര്‍വാനന്ദ, ഡോക്യുമെന്ററി സംവിധായകന്‍ രാഹുല്‍ റോയ് തുടങ്ങിയവര്‍ക്ക് ദല്‍ഹി കലാപക്കേസില്‍ പങ്കുണ്ടെന്ന് ദല്‍ഹി പൊലീസ് ആരോപിച്ചിരുന്നു.

ഇതിനെതിരെ ശക്തമായി രംഗത്ത് വന്നയാളാണ് മെഹ്മൂദ് പ്രാച്ച. യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിഷേധക്കാരുടെ മൊഴികളെന്ന പേരില്‍ ദല്‍ഹി പൊലീസ് കള്ളം പ്രചരിപ്പിക്കുകയാണെന്നും പ്രാച്ച പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Prashant Bhushan against Delhi police on Mehmood Pracha office being raided by them