'ആദ്യം മോദിയും മന്ത്രിമാരും വാക്‌സിനെടുക്കട്ടെ, എന്നിട്ടാവാം ജനങ്ങള്‍'; മൂന്നാംഘട്ട പരീക്ഷണം നടത്താത്ത കൊവാക്‌സിനെതിരെ പ്രശാന്ത് ഭൂഷണ്‍
national news
'ആദ്യം മോദിയും മന്ത്രിമാരും വാക്‌സിനെടുക്കട്ടെ, എന്നിട്ടാവാം ജനങ്ങള്‍'; മൂന്നാംഘട്ട പരീക്ഷണം നടത്താത്ത കൊവാക്‌സിനെതിരെ പ്രശാന്ത് ഭൂഷണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd January 2021, 2:14 pm

ന്യൂദല്‍ഹി: അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയ കൊവാക്‌സിനെ വാക്‌സിനെതിരെ മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. മൂന്നാം ഘട്ട പരീക്ഷണം നടക്കാത്ത വാക്‌സിന്‍ 110 ശതമാനം സുരക്ഷിതമാണെന്ന് എങ്ങനെയാണ് ഡ്രഗ് കണ്‍ട്രോളര്‍ പറയുകയെന്നാണ് പ്രശാന്ത് ഭൂഷണ്‍ ചോദിക്കുന്നത്.

‘വാക്‌സിന്റെ മൂന്നാംഘട്ട ട്രയല്‍ ഇതുവരെ നടത്തിയിട്ടില്ല. അതിന് ദീര്‍ഘകാല പാര്‍ശ്വഫലങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കപ്പെട്ടിട്ടില്ല. എന്നിട്ടും ഡ്രഗ് കണ്‍ട്രോളര്‍ പറയുന്നു വാക്‌സിന്‍ 110 ശതമാനം സുരക്ഷിതമാണെന്ന്. വാക്‌സിനുകള്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിന് മുമ്പ് ആദ്യം മോദിയുടെ കാബിനറ്റിലുള്ളവരും വാക്‌സിന്‍ കമ്പനിയിലെ ആളുകളും ഡ്രഗ് കണ്‍ട്രോളറുടെ ഓഫീസിലെ ആളുകളും വാക്‌സിന്‍ എടുക്കട്ടെ,’ പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.

വാക്‌സിന്‍ 110 ശതമാനം സുരക്ഷിതമാണെന്നും മറ്റു ആരോപണങ്ങളെല്ലാം തെറ്റാണെന്നും ഡ്രഗ് കണ്‍ട്രോളര് ജനറല്‍ വി. ജി സോമാനി വിശദീകരിക്കുന്ന എ.എന്‍.ഐയുടെ വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു ഭൂഷന്റെ ട്വീറ്റ്.

വാക്‌സിനെതിരെ വിമര്‍ശനവുമായി എം.പി ശശി തരൂരും രംഗത്തെത്തിയിരുന്നു. ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ അതിന് അനുമതി നല്‍കുന്നത് അപക്വവും അപകടകരവുമായ നടപടിയാണെന്നായിരുന്നു ശശി തരൂര്‍ എം.പി പ്രതികരിച്ചത്.

കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ഇക്കാര്യത്തില്‍ വിശദീകരണം തരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം ഓക്സ്ഫോര്‍ഡ് വാക്സിനായ കൊവിഷീല്‍ഡുമായി മുന്നോട്ട് പോകാമെന്നും തരൂര്‍ പറഞ്ഞു.

ഉപാധികളോടെയാണ് കൊവിഷീല്‍ഡിനും കൊവാക്സിനും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ഡ്രഗ്‌സ് കണ്‍ട്രോളറാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് അടിയന്തര ഉപയോഗത്തിനായി കൊവിഷീല്‍ഡ് വാക്സിന് അനുമതി നല്‍കിയേക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ‘കൊവിഷീല്‍ഡ്’ വാക്സിന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിയോഗിച്ച വിദഗ്ധസമിതി അനുമതിക്ക് ശുപാര്‍ശ നല്‍കിയിരുന്നു.

വാക്സിന്‍ വിതരണത്തിനായുള്ള റിഹേഴ്സലായ ഡ്രൈ റണ്‍ രാജ്യത്തെല്ലായിടത്തും നടത്തുകയും ചെയ്തിരുന്നു.

രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മൂന്ന് വാക്സിനുകളില്‍ ഒന്നാണ് ഓക്സ്ഫഡ് സര്‍വകലാശാലയുമായും ആസ്ട്രാസെനകയും ചേര്‍ന്ന് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഷീല്‍ഡ്. ഭാരത് ബയോടെക്കിന്റെ വാക്സിനാണ് കൊവാക്സിന്‍. വിദേശ സ്വകാര്യകമ്പനിയായ ഫൈസറിന്റെ വാക്സിനും അനുമതി വിദഗ്ധസമിതി പരിഗണിക്കുന്നുണ്ട്.

ഈ മൂന്ന് കമ്പനികളോടും മരുന്ന് പരീക്ഷണത്തിന്റെ വിവിധഘട്ടങ്ങളില്‍ ലഭിച്ച ഫലങ്ങളുടെ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ വിദഗ്ധസമിതി ആവശ്യപ്പെട്ടിരുന്നു. നേരത്തെ കൊവിഷില്‍ഡിന് ബ്രിട്ടണില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നതാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Prashant Bhushan against covaxin amid drug controller assures 110% safety