| Monday, 29th June 2020, 5:05 pm

'പൗരന്മാര്‍ക്ക് നീതി നിഷേധിച്ചാണ് അദ്ദേഹം ഇതു ചെയ്യുന്നത്'; ബി.ജെ.പി നേതാവിന്റെ ആഢംബര ബൈക്കിലിരിക്കുന്ന ചീഫ് ജസ്റ്റിസിന്റെ നടപടിയെ വിമര്‍ശിച്ച് പ്രശാന്ത് ഭൂഷണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹെല്‍മറ്റോ മാസ്‌ക്കോ സാമൂഹ്യ അകലമോ പാലിക്കാതെ ബി.ജെ.പി നേതാവിന്റെ മകന്റെ ആഢംബര ബൈക്കില്‍ ഇരുന്ന് ക്യാമറയ്ക്ക് പോസ് ചെയ്യുന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.

പൗരന്മാര്‍ക്ക് നീതി നിഷേധിച്ച് സുപ്രീം കോടതി അടച്ചിട്ടുകൊണ്ടാണ് ചീഫ് ജസ്റ്റിസിന്റെ ഈ നടപടിയെന്നായിരുന്നു പ്രശാന്ത് ഭൂഷണിന്റെ പരിഹാസം.

‘ബി.ജെ.പി നേതാവിന്റെ അന്‍പതു ലക്ഷം വിലയുള്ള ആഢംബര ബൈക്കിലാണ് ചീഫ് ജസ്റ്റിസ് ഇരിക്കുന്നത്, അതും മാസ്‌കോ ഹെല്‍മറ്റോ ഇല്ലാതെ. പൗരന്മാര്‍ക്ക് നീതി നിഷേധിച്ച് സുപ്രീം കോടതി അടച്ചിട്ടുകൊണ്ടാണ് അദ്ദേഹം ഇതു ചെയ്യുന്നത്’ എന്നായിരുന്നു പശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ പറഞ്ഞത്.

ചീഫ് ജസ്റ്റിസ് ഹാര്‍ലി ഡേവ്ഡ്സണിന്റെ ലിമിറ്റഡ് എഡിഷന്‍ ബൈക്കില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നാഗ്പൂരില്‍ വെച്ച് എടുത്ത ചിത്രമാണ് വിവാദത്തിലായത്.

കൊവിഡിനെ തുടര്‍ന്ന് രാജ്യം ഗുരുതരമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഈ ഘട്ടത്തില്‍ മാസ്‌കോ സാമൂഹ്യ അകലമോ പാലിക്കാതെയുള്ള ചീഫ് ജസ്റ്റിസിന്റെ നടപടിയ്‌ക്കെതിരെയായിരുന്നു നിരവധി പേര്‍ രംഗത്തെത്തിയത്.

നിയമങ്ങള്‍ക്ക് പാവപ്പെട്ടവര്‍ക്ക് മാത്രമാണോ ബാധകമെന്നും നീതിന്യായ വ്യവസ്ഥയുടെ തലപ്പത്തിരിക്കുന്ന വ്യക്തിയില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ് ഇത്തരം കാര്യങ്ങളെന്നുമാണ് ചിലരുടെ പ്രതികരണം.

നാഗ്പൂരിലെ ബി.ജെ.പി നേതാവായ സൊമ്പ മുസാലെയുടെ മകന്‍ രോഹിത് സൊമ്പാജി മുസാലെയുടെ പേരിലാണ് ബൈക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2014 ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ മത്സരിച്ചയാളാണ് ഇദ്ദേഹം.

ബോബ്‌ഡെയുടെ ജന്മനാട് നാഗ്പൂരിലാണ്. കൊവിഡ് പശ്ചാത്തലത്തില്‍ കുറച്ചുനാളുകളായി അദ്ദേഹം സ്വന്തം വസതിയിലാണ്.

We use cookies to give you the best possible experience. Learn more