ന്യൂദല്‍ഹി: ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന് ആരോപിച്ച് അറസ്റ്റിലായ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനാവര്‍ ഫറൂഖിയുടെ സുഹൃത്തിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ വിമര്‍ശനവുമായി ആക്ടിവിസ്റ്റും മുതിര്‍ന്ന അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍. ആളുകളെ ആക്രമിക്കുകയല്ലാതെ ബി.ജെ.പിയുടെ ഗുണ്ടകള്‍ക്ക് വേറെ ഒരു പണിയുമറിയില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു. സുഹൃത്തിനെ ആക്രമിക്കുന്ന വീഡിയോയും പ്രശാന്ത് ഭൂഷണ്‍ റീട്വീറ്റ് ചെയ്തു.
മുനാവറിന്റെ സുഹൃത്തിനെ കോടതി പരിസരത്ത് വെച്ചായിരുന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ചത്. പൊലീസുകാര്‍ സുഹൃത്തിനെ ബൈക്കിലിരുത്തി കൊണ്ടുപോകുമ്പോഴായിരുന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ ഇയാളെ മര്‍ദ്ദിച്ചത്. മറ്റു പൊലീസുകാരെത്തി ഇയാളെ വേഗം അവിടെ നിന്നും മാറ്റുകയായിരുന്നു. അതേസമയം ആക്രമിച്ച പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല.
‘ബി.ജെ.പിയുടെ വേലയും കൂലിയുമില്ലാത്ത ഗുണ്ടകളുടെ പണിയാണിത്. ആളുകളെ ആക്രമിക്കുക, സ്ത്രീകള്‍ക്കെതിരെ പീഡനഭീഷണി മുഴക്കുക, നിരായുധരായ ആളുകളെ മര്‍ദ്ദിക്കുക, പിന്നെ ഭാരത് മാതാ കീ ജയ് എന്ന അലറിവിളിക്കുക, ഇതല്ലാതെ വേറെ ഒരു പണിയും ഇവര്‍ക്കില്ലെന്ന് തോന്നുന്നു,’ പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.
കൊമേഡിയനെ അറസ്റ്റ് ചെയ്തതിലും സുഹൃത്തിനെ ആക്രമിച്ച സംഭവത്തിലും വ്യാപക പ്രതിഷേധമുയരുന്നുണ്ട്. ബി.ജെ.പിക്കാര്‍ക്ക് കോടതി പരിസരത്ത് വെച്ച് പോലും ആരെയും ആക്രമിക്കാവുന്ന സ്ഥിതിയിലായോ കാര്യങ്ങളെന്ന് ചിലര്‍ ചോദിക്കുന്നു.
നിങ്ങളുടെ വികാരം വ്രണപ്പെട്ടെങ്കില്‍ അതിനുള്ള കേസ് അവിടെ നടക്കുന്നുണ്ട്. പക്ഷെ ആ കൊമേഡിയനെ കാണാനെത്തിയ സുഹൃത്തിനെ ആക്രമിക്കുന്നത് എന്ത് രീതിയാണെന്നും മറ്റു ചിലര്‍ ചോദിക്കുന്നു.
ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നാരോപിച്ച് മുംബൈയിലെ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ മുനാവര്‍ ഫറൂഖിയെ ജനുവരി രണ്ടിനാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഡോറില്‍ നടത്തിയ ഒരു പരിപാടിക്കിടെ ഹിന്ദു ദൈവങ്ങളെയും കേന്ദ്രമന്ത്രി അമിത് ഷായെയും അപമാനിച്ചെന്നാരോപിച്ച് ഹിന്ദുത്വ സംഘടനകള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
ഫറൂഖിയുള്‍പ്പടെ നാലുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്‍ഡോര്‍ സ്വദേശികളായ പ്രഖാര്‍ വ്യാസ്, പ്രിയം വ്യാസ്, നളിന്‍ യാദവ് എന്നിവരാണ് അറസ്റ്റിലായത്.
ഇവര്‍ക്കെതിരെ ഐ.പി.സി 188, 269, 34, 295 എ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ‘കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പരിപാടി നടത്തിയത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലായിരുന്നു ഇവരുടെ അവതരണം’, ഇന്‍ഡോര്‍ പൊലീസ് ഇന്‍ചാര്‍ജ് കമലേഷ് ശര്‍മ്മ പറഞ്ഞു.
ഹിന്ദ് രക്ഷക് സംഘതന്‍ കണ്‍വീനര്‍ ഏകലവ്യ ഗൗര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
ഫറൂഖി ഇതിനു മുമ്പും ഇത്തരം പരാമര്‍ശങ്ങള്‍ പരിപാടിക്കിടെ നടത്തിയിട്ടുണ്ട്. ഹിന്ദു ദൈവങ്ങളെ അടച്ചാക്ഷേപിക്കുന്ന രീതിയിലാണ് അദ്ദേഹം സംസാരിക്കുന്നത്. ഈ പരിപാടിയെപ്പറ്റി ഞങ്ങള്‍ നേരത്തെ അറിഞ്ഞിരുന്നു. സത്യം നേരിട്ടറിയാനാണ് ഞങ്ങളെത്തിയത്. എന്നാല്‍ ദൈവങ്ങളെ അപമാനിക്കുക മാത്രമല്ല, കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെയും ഗുരുതരാരോപണമാണ് ഫറൂഖി നടത്തിയത്. ഗോധ്ര സംഭവത്തില്‍ അമിത് ഷായ്ക്കും പങ്കുണ്ടെന്ന രീതിയിലായിരുന്നു അദ്ദേഹം സംസാരിച്ചത്, ഗൗര്‍ പറഞ്ഞു.
ഇതേത്തുടര്‍ന്ന് പരിപാടി നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് തങ്ങള്‍ പ്രതിഷേധം നടത്തിയെന്നും ഫറൂഖിയുള്‍പ്പടെയുള്ള സംഘാടകര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയെന്നും ഗൗര്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Prashant Bhushan against BJP workers in attacking stand up comedian Munawar Faruqui’s friend