ന്യൂദല്‍ഹി: ഹാത്രാസില്‍ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം ദുരഭിമാനകൊലയാണെന്ന ബി.ജെ.പി വനിതാ നേതാവിന്റെ പ്രസ്താവനക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍.
കൊല്ലപ്പെട്ട പെണ്‍കുട്ടിയും പ്രതിയും തമ്മില്‍ നൂറിലേറെ ഫോണ്‍കോളുകള്‍ നടത്തിയതിന്റെ തെളിവുകളുണ്ടെന്ന് കഴിഞ്ഞ ദിവസം യു.പി പൊലീസ് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് സംഭവം ദുരഭിമാനകൊലയാണെന്നും വീട്ടുകാര്‍ തന്നെയാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നുമടക്കമുള്ള പ്രസ്താവനകള്‍ വിവിധ ബി.ജെ.പി നേതാക്കള്‍ നടത്തിയിരുന്നു. ഇതിനെതിരെ വ്യാപകപ്രതിഷേധം ഉയരുന്നതിനിടെയാണ് ബി.ജെ.പിക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചുക്കൊണ്ട് പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തിയത്.
‘പ്രതീക്ഷിച്ച പോലെ തന്നെ ബി.ജെ.പിയുടെ വനിതാ വിഭാഗം ലൈംഗികാതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ വീട്ടുകാര്‍ തന്നെ ‘ദുരഭിമാനകൊല’ ചെയ്തതാണെന്ന പറയാന്‍ തുടങ്ങിയിരിക്കുന്നു. ബി.ജെ.പിയുടെ വനിതകളുടെ അധാര്‍മികതക്ക് ഒരു പരിധിയില്ലേ? ഇവര്‍ക്ക് നാണക്കേട് തോന്നുന്നില്ലേ’ പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റില്‍ പറയുന്നു.
ബി.ജെ.പിയുടെ വനിതാ വിഭാഗമായ മഹിളാ മോര്‍ച്ചയുടെ ദേശീയ നേതാവ് പ്രീതി ഗാന്ധിയുടെ ട്വീറ്റിന് മറുപടിയായാണ് പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററിലെഴുതിയത്.
As expected, BJP’s women’s wing now calls Hathras rape victim’s death an ‘honour killing’ by her own family! Is there no shame or limit to the extent of depravity among BJP’s women? https://t.co/QqOCGnyDJE
‘ദളിതര്‍ക്കെതിരെ നടന്ന അതിക്രമമായും കൂട്ടബലാത്സംഗമായും ചിത്രീകരിക്കുന്ന സംഭവം യഥാര്‍ത്ഥത്തില്‍ ദുരഭിമാനകൊലയായിക്കൂടെ’എന്നായിരുന്നു പ്രീതി ഗാന്ധിയുടെ ട്വീറ്റ്. 2019 ഒക്ടോബര്‍ മുതല്‍ 2020 മാര്‍ച്ച് വരെ ഹാത്രാസ് പെണ്‍കുട്ടിയും കുറ്റാരോപിതനും തമ്മില്‍ നൂറിലേറെ കോളുകള്‍ നടത്തിയതിന്റെ ഫോണ്‍ കോള്‍ റെക്കോഡ് പുറത്തുവന്നു കഴിഞ്ഞെന്ന് പറഞ്ഞുക്കൊണ്ടായിരുന്നു അവരുടെ ട്വീറ്റ്.
യു.പിയിലെ ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ നട്ടെല്ല് തകരുകയും നാവ് മുറിക്കപ്പെടുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ 29ന് ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.
കേസിലെ പൊലീസ് നടപടിക്കെതിരെ തുടക്കം മുതല്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. കുടുംബാംഗങ്ങളുടെ അനുമതിയില്ലാതെ പെണ്‍കുട്ടിയുടെ മൃതദേഹം കത്തിച്ചുകളഞ്ഞതിനെതിരെയും ഫോറന്‍സിക് പരിശോധനയില്‍ ലൈംഗികാതിക്രമം നടന്നതിന്റെ തെളിവുകളില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിനെതിരെയും വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.
പെണ്‍കുട്ടിയുടെ മെഡിക്കോ ലീഗല്‍ റിപ്പോര്‍ട്ടില്‍ ലൈംഗികാതിക്രമം നടന്നിട്ടുണ്ടെന്നും എത്രയും വേഗം കൂടുതല്‍ പരിശോധനകള്‍ നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും ഫോറന്‍സിക് പരിശോധന നടത്താന്‍ വൈകിയത് ഗുരുതര കൃത്യവിലോപമാണെന്ന് ചൂണ്ടിക്കാട്ടി ഡോക്ടര്‍മാര്‍ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.
അതേസമയം ഹാത്രാസ് കേസില്‍ നിര്‍ണ്ണായക ഇടപെടല്‍ നടത്തി സുപ്രീം കോടതി രംഗത്തെത്തിയിരുന്നു. കേസിലെ സാക്ഷികളെ സംരക്ഷിക്കുന്നുണ്ടെന്ന് യു.പി സര്‍ക്കാര്‍ രേഖാമൂലം അറിയിക്കണമെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന് അഭിഭാഷകനുണ്ടോയെന്ന കാര്യത്തില്‍ സത്യവാങ്മൂലം നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
ഒരാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. അന്വേഷണത്തിന് കോടതി നിയോഗിക്കുന്ന സംഘം തന്നെ വേണമെന്ന് ഹരജിക്കാരുടെ അഭിഭാഷക ചൂണ്ടിക്കാട്ടിയിരുന്നു. കേസിനെ സംബന്ധിച്ച് കോടതി മേല്‍നോട്ടത്തില്‍ ഉള്ള അന്വേഷണത്തിന് ഉത്തരവിടണമെന്ന് യു.പി സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു.
ഹാത്രാസ് സംഭവത്തിന് ശേഷം യു.പി സര്‍ക്കാരിനെതിരെ കനത്ത പ്രതിഷേധമുയര്‍ന്നിരുന്നു. വിഷയത്തില്‍ കൃത്യമായ നടപടിയെടുക്കുന്നതില്‍ യോഗി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നുവെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.
ഹാത്രാസ് പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശില്‍ നടക്കുന്ന സമരങ്ങള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിട്ടുണ്ട്. പൗരത്വനിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പേരില്‍ അക്രമത്തിന് ശ്രമിച്ചവരെയും ‘കൊവിഡ് വ്യാപന’ത്തിന് ശ്രമിച്ച തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ സംരക്ഷിച്ചവരെയും എങ്ങനെയാണ് നേരിട്ടതെന്ന കാര്യം ആരും മറക്കരുത്. അവരെ തുറന്നുകാട്ടുക മാത്രമായിരുന്നില്ല. അത്തരം സംഘങ്ങളെ വേണ്ടവിധം കൈകാര്യം ചെയ്തുവെന്നും യോഗി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക