| Friday, 4th September 2020, 11:37 am

'ഐക്യത്തിന് ആഹ്വാനം നടത്തിയാല്‍ സര്‍ക്കാരിനത് രാജ്യദ്രോഹം,' കഫീല്‍ ഖാന്‍ കേസില്‍ കോടതിയുടെ വാക്കുകള്‍ കേന്ദ്രത്തിനെതിരെ പ്രയോഗിച്ച് ഭൂഷണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഡോ. കഫീല്‍ ഖാന് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞ വാക്കുകള്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രയോഗിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ അലിഗഡ് സര്‍വ്വകലാശാലയില്‍ പ്രസംഗിച്ച ഡോ. കഫീല്‍ ഖാനെ
ദേശീയ സുരക്ഷാ നിയമം ചുമത്തിയാണ് യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. കഫീല്‍ ഖാന്‍ വിദ്വേഷ പ്രസംഗം നടത്തിയെന്നും പൊലീസ് ആരോപിച്ചിരുന്നു. എന്നാല്‍ കഫീല്‍ ഖാന് ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവിട്ട കോടതി കഫീല്‍ ഖാന്റെ പ്രസംഗം വിദ്വേഷമോ കലാപമോ പ്രചരപ്പിച്ചിട്ടില്ല മറിച്ച് അദ്ദേഹം നടത്തിയത് ദേശീയോദ്ഗ്രഥനത്തിനുള്ള ആഹ്വാനമായിരുന്നെന്നാണ് പറഞ്ഞത്.

ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രശാന്ത് ഭൂഷണ്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

”ദേശീയോദ്ഗ്രഥനത്തിനും ഐക്യത്തിനും ആഹ്വാനം നടത്തുമ്പോള്‍ സര്‍ക്കാര്‍ അതിനെ രാജ്യദ്രോഹമായാണ് കാണുന്നത്!” എന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യയുടെ കാര്‍ട്ടൂണ്‍ പങ്കുവെച്ചുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തത്.

രണ്ട് പൊലീസുകാര്‍ നടത്തുന്ന സംഭാഷണമാണ് കാര്‍ട്ടൂണ്‍

കഫീല്‍ ഖാന്റെ പ്രസംഗം ദേശീയോദ്ഗ്രഥനത്തിനും ഐക്യത്തിനുമുള്ള ആഹ്വാനമാണ് എന്ന കോടതി വിധി തലക്കെട്ടായുള്ള പത്രം ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന പൊലീസുകാരനോട് മറ്റൊരു പൊലീസുകാരന്‍ ചോദിക്കുകയാണ് ദേശീയ സുരക്ഷാ നിയമം ആര്‍ക്കെതിരെയാണ് ചുമത്തുക എന്ന്. ദേശ വിരോധം ഇളക്കിവിടുന്ന ആള്‍ക്കെതിരെയാണ് എന്ന് പത്രം ഉയര്‍ത്തിപ്പിടിച്ച പൊലീസുകാരന്‍ ഉത്തരം നല്‍കുന്നു. അപ്പോള്‍ ഇത് ദേശ വിരോധമല്ലേ എന്ന് അടുത്ത പൊലീസുകാരന്‍ പത്രവാര്‍ത്ത ചൂണ്ടി ചോദിക്കുന്നു.
ഈ കാര്‍ട്ടൂണ്‍ പങ്കുവെച്ചുകൊണ്ടാണ് പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്.

കഴിഞ്ഞ ദിവസം ഒരു മീം ഷെയര്‍ ചെയ്തുകൊണ്ട് മോദിക്കെതിരെ പ്രശാന്ത് ഭൂഷണ്‍ വിമര്‍ശനം നടത്തിയിരുന്നു. മോദിയും അര്‍ണബ് ഗോസ്വാമിയും തമ്മിലുള്ള സംഭാഷണത്തിന്റെ മീം ഉള്‍പ്പെടുത്തിയായിരുന്നു പ്രശാന്ത് ഭൂഷന്റെ വിമര്‍ശനം.

‘ താങ്കളെന്താണ് പറയുന്നത് ബ്രദര്‍?! ജി.ഡി.പി റേറ്റ് -24 ശതമാനം കൂടി; തൊഴിലില്ലായ്മ 24 ശതമാനം കൂടി; കൊറോണ 80000 ശതമാനം കൂടി, ചൈനീസ് സൈന്യത്തിന്റെ സാന്നിദ്ധ്യം ഇന്ത്യയില്‍ കൂടിക്കൊണ്ടിരിക്കുന്നു. ഇനിയും എത്രത്തോളം വികസനമാണ് വേണ്ടത്?! ശാന്തനായിരിക്കൂ, മയിലിന് തീറ്റകൊടുക്കൂ, ഇന്ത്യന്‍ ഇനത്തില്‍പ്പെട്ട പട്ടികളെ വളര്‍ത്തൂ, കളിപ്പാട്ടം ഉണ്ടാക്കൂ!എന്നാണ് പ്രശാന്ത് ഭൂഷന്‍ തന്റെ ട്വിറ്ററില്‍ കുറിച്ചത്. പ്ശാന്ത് ഭൂഷന്റെ മോദിക്കെതിരെയുള്ള ‘ട്രോളി’ ന് നിമിഷം നേരംകൊണ്ട് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlights: prashant bhushan against bjp government on dr.kafeel khan’s case, and he appreciates court order

We use cookies to give you the best possible experience. Learn more