| Friday, 8th May 2020, 8:43 am

തെറ്റ് സംഭവിച്ചു; അണ്ണാഹസാരെ വഴിയൊരുക്കുക വർ​ഗീയ ഫാസിസ്റ്റ് ഭരണകൂടത്തിനാണ് എന്നറിഞ്ഞിരുന്നെങ്കിൽ ലോക്പാലിൽ പങ്കാളിയാകില്ലായിരുന്നു എന്ന് പ്രശാന്ത് ഭൂഷൺ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: അണ്ണാ ഹസാരയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിനൊപ്പം ചേർന്നതിൽ തെറ്റ് സംഭവിച്ചുവെന്ന് തുറന്ന് സമ്മതിച്ച് മുതിർന്ന സുപ്രീം കോടതി അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ. ലോക്പാൽ പ്രസ്ഥാനത്തിന്റെ പ്രയോജനം നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമാണ് ലഭിക്കുക എന്നറിഞ്ഞിരുന്നെങ്കിൽ താനൊരിക്കലും പ്രസ്ഥാനത്തിന്റെ ഭാ​ഗമാകില്ലായിരുന്നു എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഇപ്പോൾ ഒരു വർ​ഗീയ ഫാസിസ്റ്റ് സർക്കാരാണ് രാജ്യത്തിന്റെ തലപ്പത്ത് ഇരിക്കുന്നത്. തീർച്ചയായും ഇത് കോൺ​ഗ്രസിന്റെ അഴിമതിയേക്കാൾ അപകടകരമാണ് അദ്ദേഹം കൂട്ടിച്ചേർത്തു.

ദ വയറിൽ പ്രശാന്ത് ഭൂഷൺ എഴുതിയ ലേഖനത്തിന് മറുപടിയായി ഇതിൽ നിങ്ങൾക്കും പങ്കുണ്ടെന്ന് മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ ദിലീപ് മണ്ഡൽ ട്വീറ്റ് ചെയ്തതിന് മറുപടിയായാണ് തെറ്റ് തുറന്ന് സമ്മതിച്ച് പ്രശാന്ത് ഭൂഷൺ രം​ഗത്തെത്തിയത്.
താങ്കൾ അന്നാ ഹസാരെയോടും, അരവിന്ദ് ​ കെജ്‌രിവാളിനോടും, കിരൺ ബേദിയോടും യോ​ഗേന്ദ്ര യാദവിനോടും ചേർന്ന് ആർ.എസ്.എസിന്റെ ആൾക്കൂട്ടത്തിന് മുന്നിൽ യു.പി.എയ്ക്കെതിരെ പോരാടുമ്പോൾ നരേദന്ദ്ര മോദി രാജ്യതലപ്പത്തിരുന്നു. തീർച്ചയായും ഇതിനെല്ലാമുള്ള അന്തരീക്ഷം ഉണ്ടാക്കിയതിൽ നിങ്ങൾക്കും പങ്കുണ്ടെന്നായിരുന്നു ദിലീപ് മണ്ഡൽ ട്വീറ്റ് ചെയ്തത്.

ഇപ്പോഴത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ നേതൃത്വം നൽകുന്ന ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള വിവേകാനന്ദ ഫൗണ്ടേഷൻ സംഘടിപ്പിച്ച അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിൽ അരവിന്ദ് കെജ്‌രിവാളിനും യോ​ഗേന്ദ്ര യാദവിനുമൊപ്പം പ്രശാന്ത് ഭൂഷണും പിതാവ് ശാന്തി ഭൂഷണും പങ്കെടുത്തിരുന്നു.

We use cookies to give you the best possible experience. Learn more